ദുബൈ: 54ാമത് ദേശീയദിന ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഗതാഗത മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് ദുബൈ പൊലീസ്. ഗതാഗത തടസ്സങ്ങളും അപകടങ്ങളും പരമാവധി കുറച്ച് ജനങ്ങളുടെ സുരക്ഷയും സമാധാനവും ഉറപ്പുവരുത്തുന്നതിനുള്ള നിർദേശങ്ങളാണ് ദുബൈ പൊലീസ് മുന്നോട്ടുവെച്ചിരിക്കുന്നത്. രാജ്യത്തിന്റെ പ്രതിച്ഛായ പ്രതിഫലിപ്പിക്കുന്നതരത്തിൽ പരിഷ്കൃതമായ വേഷവിതാനങ്ങൾ നിലനിർത്താനും ട്രാഫിക് നിയമങ്ങൾ പാലിക്കാനും ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ട്രാഫിക് ഡയറക്ടർ ബ്രിഗേഡിയർ ജുമാ സലിം ബിൻ സുവൈദാൻ അഭ്യർഥിച്ചു. ഗതാഗതം സുഗമമാക്കുന്നതിനും അനുചിതമായ ഡ്രൈവിങ് രീതികൾ കുറക്കുന്നതിനും ദേശീയ അവധി ദിനങ്ങൾ സുരക്ഷിതമാക്കാനും ആഘോഷവേളകളിലെ പെരുമാറ്റചട്ടങ്ങൾ പാലിക്കണ്ടേതിന്റെ പ്രാധാന്യവും അവർ എടുത്തുപറഞ്ഞു.
അവധി ദിനങ്ങളിൽ നഗരത്തിലെ പ്രധാന റോഡുകളിൽ പൊലീസ് പട്രോളിങ് ശക്തമാക്കും. ആഘോഷ പരിപാടികൾ നടക്കുന്ന സ്ഥലങ്ങൾ സുരക്ഷിതാക്കുകയും ധ്രുതപ്രതികരണ സേനകളുടെ സാന്നിധ്യം ശക്തിപ്പെടുത്തുകയും ചെയ്യും. ബർദുബൈയിൽ സെക്കൻഡ് ഡിസംബർ സ്ട്രീറ്റ്, ജുമൈറ, അൽ സുഫൂഹ്, ജെ.ബി.ആർ, ദേരയിൽ അൽ മുറാഖാബാത്ത്, അൽ റിഗ്ഗ, അൽ മംസാർ, അൽ റാശിദിയ, അൽ ഖലീജ് സ്ട്രീറ്റ്, അൽ ഇത്തിഹാദ് സ്ട്രീറ്റ്, അമ്മാൻ സ്ട്രീറ്റ്, യൂനിവേഴ്സിറ്റി സിറ്റി എന്നിവിടങ്ങളിലാണ് പട്രോളിങ് സംഘങ്ങളെ നിയോഗിക്കുക. ട്രാഫിക് നിയമങ്ങൾ എല്ലാ ഡ്രൈവർമാരും പാലിക്കുന്നുണ്ടെന്ന് സംഘം ഉറപ്പുവരുത്തും.
വാഹനങ്ങളുടെ മുന്നിലും പിന്നിലുമുള്ള നമ്പർ പ്ലേറ്റുകൾ മറച്ചുവെക്കുന്ന രീതിയിൽ അലങ്കരിക്കരുത്. വാഹനങ്ങളുടെ നിറങ്ങൾ, വിൻഡോ ടിന്റ് എന്നിവയിൽ മാറ്റം വരുത്താൻ പാടില്ല. കൂടാതെ ഔദ്യോഗിക ഈദുൽ ഇത്തിഹാദ് ലോഗോ ഒഴികെ മറ്റ് സ്റ്റിക്കറുകൾ ഒട്ടിക്കരുത്. റോഡുകളിൽ ഗതാഗത തടസ്സം ഉണ്ടാക്കാനോ അഭ്യാസങ്ങൾ കാണിക്കാനോ പാടില്ല. വാഹനങ്ങളിൽ കയറ്റേണ്ട യാത്രക്കാരുടെ പരിധികൾ പാലിക്കണം. സൺറൂഫിലൂടെയും വിൻഡോയിലുടെയും അഭ്യാസങ്ങൾ കാണിക്കരുത്. അമിതമായ ശബ്ദത്തിന് ഇടയാക്കുന്ന രീതിയിൽ അനുമതിയില്ലാത്ത മാറ്റങ്ങൾ വാഹനങ്ങളിൽ വരുത്താനും അനുവദിക്കില്ല. നിയമലംഘനങ്ങൾ ശ്രദ്ധയിൽപെട്ടാൽ പൊലീസ് ഐ സർവിസിലോ 901 എന്ന നമ്പറിലോ റിപ്പോർട്ട് ചെയ്യാമെന്ന് ദുബൈ പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.