യു.എ.ഇയുടെ നിർമാണം പുരോഗമിക്കുന്ന ഇത്തിഹാദ് റെയിൽപാത
ദുബൈ: ഗൾഫ് മേഖലയുടെ സമഗ്ര വികസനത്തിന് സഹായിക്കുന്ന യു.എ.ഇ-ഒമാൻ റെയിൽപാത നിർമാണത്തിന് അബൂദബിയിലെ മുബാദല ഇൻവെസ്റ്റ്മെന്റ് കമ്പനിയുടെ 300 കോടി ഡോളർ നിക്ഷേപം. ഇതോടെ നിർമാണം അതിവേഗം ആരംഭിക്കുമെന്ന പ്രതീക്ഷക്ക് ശക്തിയേറി.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ ഒമാൻ സന്ദർശിച്ചപ്പോഴാണ് അബൂദബിയും ഒമാൻ തുറമുഖനഗരമായ സുഹാറും തമ്മിൽ ബന്ധിപ്പിക്കുന്ന റെയിൽപാത നിർമിക്കുന്നതിന് കരാറിൽ ഒപ്പുവെച്ചത്. പദ്ധതിയുടെ മേൽനോട്ടം വഹിക്കാൻ ഒമാൻ റെയിലിന്റെയും ഇത്തിഹാദ് റെയിലിന്റെയും സംയുക്ത സംരംഭമായ ഒമാൻ-ഇത്തിഹാദ് റെയിൽ കമ്പനിക്ക് നേരത്തേ രൂപംനൽകിയിരുന്നു.
രണ്ടു ഗൾഫ് രാജ്യങ്ങളും മറ്റു പ്രദേശങ്ങളും തമ്മിലുള്ള വ്യാപാര, വിനോദസഞ്ചാര അവസരങ്ങൾ ശക്തിപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. നിലവിൽ നിർമാണം അന്തിമഘട്ടത്തിലെത്തിയ യു.എ.ഇ ദേശീയ റെയിൽ പദ്ധതിയായ ഇത്തിഹാദ് റെയിലിന്റെ വിപുലമായ ശൃംഖലയുമായാണ് പാത ബന്ധിപ്പിക്കുക.
എന്നാൽ, ഒമാൻ-ഇത്തിഹാദ് റെയിൽപാത നിർമാണം തുടങ്ങുന്നത് സംബന്ധിച്ച് അധികൃതർ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സർവിസ് ആരംഭിക്കുന്നതോടെ ഇരു രാജ്യങ്ങളും തമ്മിലെ യാത്രാസമയം കുത്തനെ കുറയും. 303 കിലോമീറ്റർ ദൈർഘ്യമുള്ള പാതയിൽ പരമാവധി 200 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന അത്യാധുനിക പാസഞ്ചർ ട്രെയിനുകളാണ് ഓടുക.
സുഹാറിൽ നിന്ന് അബൂദബിയിലേക്ക് യാത്രാസമയം 1.40 മണിക്കൂറായും സുഹാറിൽനിന്ന് അൽഐനിലേക്കുള്ള യാത്രാസമയം 47 മിനിറ്റായും കുറയും. ഇതേ പാതയിലൂടെ ചരക്ക് ട്രെയിനുകൾ മണിക്കൂറിൽ 120 കിലോമീറ്റർ വരെ വേഗത്തിലാണ് സഞ്ചരിക്കുക. ഇതിലൂടെ വർഷത്തിൽ 225 ദശലക്ഷം ടൺ ബൾക്ക് കാർഗോയും 2,82,000 കണ്ടെയ്നറുകളും എത്തിക്കാനാവുമെന്നും വിലയിരുത്തപ്പെടുന്നു.
ഒമാന്റെ വടക്കൻ തീരത്തുള്ള നഗരമായ സുഹാറും തലസ്ഥാനമായ മസ്കത്തും തമ്മിൽ 192 കി.മീറ്റർ ദൈർഘ്യമാണുള്ളത്. റെയിൽപാത വരുന്നത് ഇരു രാജ്യങ്ങളും തമ്മിലെ വിനോദസഞ്ചാരസാധ്യതകളും വർധിപ്പിക്കും. മേഖലയിലേക്ക് വിദേശനിക്ഷേപം വർധിപ്പിക്കാനും ഇതുപകാരപ്പെടുമെന്ന് വിലയിരുത്തപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.