ഷാർജ ഇന്ത്യൻ അസോസിയേഷന്റെ പരിപാടിയിൽ മാമുക്കോയ സംസാരിക്കുന്നു (ഫയൽചിത്രം)
ദുബൈ: ഗൾഫ്നാടുകളെയും കുടുകുടാ ചിരിപ്പിച്ച മാമുക്കോയക്ക് ആദരാഞ്ജലിയർപ്പിച്ച് പ്രവാസലോകം. വിവിധ സംഘടനകൾ മാമുക്കോയയുടെ നിര്യാണത്തിൽ അനുശോചിച്ചു. സാധാരണക്കാരുടെ സിനിമാനടനായിരുന്നു മാമുക്കോയയെന്ന് ഇന്ത്യൻ അസോസിയേഷൻ മാനേജിങ് കമ്മിറ്റി ഓർമിച്ചു. പ്രവാസികളോടൊപ്പം അവരിൽ ഒരാളായി ജീവിച്ച മഹാനടനായിരുന്നു. ഹൃദയത്തോട് ചേർത്തുവെക്കപ്പെട്ട അപൂർവം ചില വ്യക്തിബന്ധങ്ങളിൽ ഒന്നായിരുന്നു മാമുക്കോയയുമായി ഉണ്ടായിരുന്നതെന്ന് പ്രസിഡന്റ് അഡ്വ. വൈ.എ. റഹീം ഓർമിച്ചു. അനേകം തവണ അസോസിയേഷൻ സന്ദർശിച്ചു. വ്യക്തിബന്ധങ്ങൾക്ക് ഏറെ മൂല്യം കൽപിച്ചിരുന്ന നടൻകൂടിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ചലച്ചിത്രലോകത്ത് ഒരു ദേശത്തിന്റെ സ്വത്വം എല്ലാ ചേരുവകളോടുംകൂടി പ്രകടമാക്കിയ കലാകാരനായിരുന്നു മാമുക്കോയ എന്ന് ശക്തി തിയറ്റേഴ്സ് അബൂദബി. ഇരിങ്ങാലക്കുടക്കാരനായി മലയാള ചലച്ചിത്രലോകത്ത് നിറഞ്ഞുനിന്ന ഇന്നസെന്റിനെപ്പോലെ സമ്പൂര്‍ണ കോഴിക്കോട്ടുകാരനായി ഭാഷയിലും വേഷത്തിലും ഭാവത്തിലും നിറഞ്ഞുനിന്ന് നാടക-ചലച്ചിത്രസങ്കല്പത്തെ മാറ്റിമറിച്ച നടനായിരുന്നു മാമുക്കോയയെന്ന് ശക്തി തിയറ്റേഴ്സ് അബൂദബി ആക്ടിങ് പ്രസിഡന്റ് ഗോവിന്ദന് നമ്പൂതിരി, ജനറല്‍ സെക്രട്ടറി സഫറുല്ല പാലപ്പെട്ടി എന്നിവര്‍ അനുശോചനക്കുറിപ്പില്‍ അഭിപ്രായപ്പെട്ടു.
മാമുക്കോയയുടെ വിയോഗത്തിൽ ഓൾ കേരള മാപ്പിള സംഗീത അക്കാദമി ദുബൈ ചാപ്റ്റർ അനുശോചനം രേഖപ്പെടുത്തി. മലയാള സിനിമക്ക് ഒട്ടേറെ സംഭാവനകൾ നൽകിയ ഹാസ്യനടനെയാണ് നഷ്ടമായതെന്ന് ഓൾ കേരള മാപ്പിള സംഗീത അക്കാദമി ചെയർമാൻ മൂസ കൊയമ്പ്രം അനുശോചനയോഗത്തിൽ പറഞ്ഞു. ഹാസ്യാഭിനയത്തിനോടൊപ്പം സ്വതഃസിദ്ധമായ ഭാവാഭിനയവും മാമുക്കോയയെ വേറിട്ട നടനാക്കുന്നുവെന്ന് ജനറൽ സെക്രട്ടറി അശ്റഫ് കൊടുങ്ങല്ലൂർ ഓർത്തെടുത്തു. നാസർ അച്ചിപ്ര, സുലൈമാൻ മതിലകം, റഫീഖ് വാണിമേൽ സാലിഹ് പുതുപറമ്പ് എന്നിവർ പങ്കെടുത്തു.
മാമുക്കോയയുടെ നിര്യാണത്തിൽ ദുബൈ മലബാർ എക്സ്പാറ്റ്സ് കലക്ടിവ്സ് ഓഫ് കൾചറൽ ആൻഡ് ആർട്സ് (മെക്ക) അനുശോചിച്ചു. ജീവിതഗന്ധിയായ ഹാസ്യംകൊണ്ട് മലയാളിയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത മഹാ കലാകാരനായിരുന്നു മാമുക്കോയ. മലബാറിനെയും സവിശേഷമായി കോഴിക്കോടിനെയും പ്രതിനിധാനംചെയ്ത കഥാപാത്രങ്ങൾ മലയാള സിനിമയുടെ സഞ്ചാരവഴികളുടെ ചരിത്രത്തിൽ പ്രതിനിധാനംചെയ്തത് മാമുക്കോയയാണെന്നും മെക്ക അനുശോചനക്കുറിപ്പിൽ ചൂണ്ടിക്കാട്ടി. ഫൈസൽ നടുക്കണ്ടി, അബ്ദുസ്സലാം ഏലാങ്കോട്, ഫൈസൽ കൊയിലാണ്ടി, ഹാഷിം എം.വി എന്നിവർ അനുശോചിച്ചു.
ദുബൈയിൽ അദ്ദേഹത്തോടൊപ്പം പല വേദികളിലും പങ്കെടുക്കാൻ അവസരം ലഭിച്ചിട്ടുണ്ടെന്നും വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും സാമൂഹിക പ്രവർത്തകൻ പുന്നക്കൻ മുഹമ്മദലി പറഞ്ഞു. മലയാളിയെ ചിരിയുടെയും ചിന്തയുടെയും മാസ്മരിക ലോകത്ത് എത്തിച്ച കലയുടെ രാജകുമാരനാണ് വിടവാങ്ങിയതെന്ന് ഗുരു വിചാരധാര യു.എ.ഇ കമ്മിറ്റി പറഞ്ഞു. കോഴിക്കോടൻ തനിമ ഭാഷാശൈലിയിലൂടെയും ഭാവാഭിനയത്തിലൂടെയും ഹാസ്യത്തിലൂടെയും ലോകത്തിന്റെ നെറുകയിലെത്തിച്ച നടനാണ് മാമുക്കോയയെന്ന് കോഴിക്കോട് ജില്ല പ്രവാസി യു.എ.ഇ ഘടകം പറഞ്ഞു.
ആബാലവൃദ്ധം ജനങ്ങളുടെയും മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ കലാകാരനായിരുന്നു മാമുക്കോയ. പ്രസിഡന്റ് ജമീൽ ലത്തീഫ്, മോഹൻ എസ്. വെങ്കിട്ട്, അഡ്വ. മുഹമ്മദ് സാജിദ്, രാജൻ കൊളാവിപാലം, മനയിൽ മുഹമ്മദ് അലി തുടങ്ങിയവർ അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.