റാസൽഖൈമയിലെ ക്ലിനിക്കിൽ ചികിത്സയിൽ കഴിയുന്ന ‘ലക്കി’

വെടിയേറ്റ്​ മരണാസന്നനായി 'ലക്കി'; രക്തം നൽകാനെത്തിയത് അഞ്ചുനായ്ക്കൾ

ദുബൈ: വെടിയേറ്റ നായെ രക്ഷിക്കാൻ എത്തിയത് അഞ്ചു നായ്ക്കൾ. വേട്ടക്ക്​ ഉപയോഗിക്കുന്ന സലൂക്കി ഇനത്തിൽ പെട്ട നായെ ദിവസങ്ങൾക്ക്​ മുമ്പാണ്​ ദൈദ്​ പട്ടണത്തിലെ തെരുവിൽനിന്ന്​ വെടിയുണ്ടകളേറ്റനിലയിൽ കണ്ടെത്തിയതെന്ന്​ ഉമ്മുൽഖുവൈനിലെ ​സ്​ട്രേ ഡോഗ്​ സെന്‍റർ സ്ഥാപകൻ ആമിറ വില്യം പറഞ്ഞു.

തെരുവിലൂടെ കടന്നുപോയ ഒരാൾ നായ്ക്ക്​ പാൽ നൽകുകയും സ്​ട്രേ ഡോഗ്​ സെന്‍ററിനെ ബന്ധപ്പെടുകയുമായിരുന്നു. തുടർന്ന്​ ജീവനക്കാരെത്തി റാസൽഖൈമയിലെ ക്ലിനിക്കിലേക്ക്​ മാറ്റി​. മരണമുനമ്പിൽനിന്ന്​ ഭാഗ്യത്താൽമാത്രം രക്ഷപ്പെട്ട നായ്ക്ക്​ 'ലക്കി' എന്നു പേരിടുകയും ചെയ്തു​.

എക്സ്റേയിൽ മൂന്ന്​ സ്ഥലങ്ങളിൽ വെടിയേറ്റതായി കണ്ടെത്തി. കഴുത്തിന്​ സമീപത്ത്​ പെല്ലറ്റുകൾ തുളച്ചുകയറിയ മുറിവിന്​ പുറമെ മറ്റു പരിക്കുകളും ഭക്ഷണം കഴിക്കാത്തതും മൂലം ആകെ അവശനായിരുന്നു. ഇതോടെ ചികിത്സിച്ച ഡോ. ചെൻജറായി സിഗൗകെ രക്​തം കയറ്റണമെന്ന്​ വിധിയെഴുതുകയായിരുന്നു. ഇതിനെ തുടർന്ന്​ സെന്‍ററിന്‍റെ ഇൻസ്റ്റഗ്രാം പേജിൽ രക്​തം അടിയന്തരമായി ആവശ്യമാണെന്ന്​ പോസ്റ്റിടുകയായിരുന്നു.

ഇത്​ അറിഞ്ഞാണ്​ ദുബൈയിൽനിന്ന്​ വളരെ പെട്ടെന്ന്​ അഞ്ചു നായ്ക്കളെ റാസൽഖൈമയിലെത്തിക്കുകയായിരുന്നു. ഇവയിൽനിന്ന്​ 74 കിലോഗ്രാം ഭാരമുള്ള 'ബോണി' എന്ന കൊക്കേഷ്യൻ ഷെപ്പേർഡിനെയാണ്​ 'ലക്കി'ക്ക് രക്തംദാനം ചെയ്യാൻ തിരഞ്ഞെടുത്തത്​. 300 മില്ലി രക്​തമാണ്​ ഇത്തരത്തിൽ നൽകിയത്​.

Tags:    
News Summary - 'Lucky' was shot; Five dogs came to give blood

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.