ദുബൈ: വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ പ്രവാസികള്‍ക്കും അവസരം. ആഗസ്റ്റ് ഏഴുവരെ ഓണ്‍ലൈനായി പേര് ചേർക്കാം. പാസ്പോര്‍ട്ടിലെ കേരളത്തിലെ താമസസ്ഥലം ഉള്‍പ്പെടുന്ന തദ്ദേശസ്ഥാപനത്തിലെ ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍ക്ക് (ഇ.ആര്‍.ഒ) ആണ് അപേക്ഷിക്കേണ്ടത്.
ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി എന്നിവിടങ്ങളില്‍ അതത് സെക്രട്ടറിമാരും കോര്‍പ്പറേഷനില്‍ അഡീഷണല്‍ സെക്രട്ടറിയുമാണ് ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍. ഇതിനുള്ള നടപടിക്രമങ്ങളും മാർഗ നിർദേശങ്ങളും www.sec.kerala.gov.inൽ ലഭ്യമാണ്. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഫോറം 4എയിലാണ് അപേക്ഷിക്കേണ്ടത്. അപേക്ഷകൻ 2025 ജനുവരി ഒന്നിനോ അതിനുമുമ്പോ 18 വയസ്സ് പൂർത്തിയായതും വിദേശരാജ്യത്ത് താമസിക്കുന്നതുമായ ഇന്ത്യൻ പൗരനായിരിക്കണം.
www.sec.kerala.gov.in സന്ദർശിച്ച് സൈൻ ഇൻ പേജിലെ സിറ്റിസൺ രജിസ്ട്രേഷൻ വഴി മൊബൈൽ നമ്പറും പാസ്‌വേർഡും നൽകി പ്രൊഫൈൽ ഉണ്ടാക്കുകയാണ് ആദ്യ നടപടി. രജിസ്ട്രേഷനിൽ നൽകിയ ഫോൺ നമ്പർ ആയിരിക്കും യൂസർ നെയിം. ഒ.ടി.പി വഴി ആധികാരികത ഉറപ്പുവരുത്തുന്നതും ഈ മൊബൈൽ നമ്പർ വഴിയായിരിക്കും. മൊബൈൽ നമ്പറും പാസ്‌വേർഡും നൽകി ലോഗിൻ ചെയ്ത് പ്രൊഫൈലിൽ ഫോറം 4എയിൽ അപേക്ഷകൾ സമർപ്പിക്കാം.
ഫോറം 4എയിൽ കാണുന്ന ‘പ്രവാസി വോട്ടർ’ എന്നതിൽ പോയി അപേക്ഷകന്‍റെ വിശദാംശങ്ങൾ നൽകി സബ്‌മിറ്റ് ബട്ടൺ ക്ലിക്ക് ചെയ്യുക. തുടർന്ന് ഫോട്ടോ അപ്‌ലോഡ് ചെയ്യണം. പൂർണ്ണമായും പൂരിപ്പിച്ച ഫോറം 4എ ഡൗൺലോഡ് ചെയ്ത് പ്രിന്‍റെടുക്കണം. ഇതിൽ ഒപ്പിട്ടശേഷം പാസ്പോർട്ടിലെ കേരളത്തിലെ താമസസ്ഥലം സ്ഥിതി ചെയ്യുന്ന തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ തിരഞ്ഞെടുപ്പ് റജിസ്ട്രേഷൻ ഓഫീസർക്ക് നേരിട്ടോ റജിസ്റ്റേർഡ് തപാൽ വഴിയോ അയക്കണം.
ഓൺലൈനിൽ ഫോട്ടോ അപ്‌ലോഡ് ചെയ്തിട്ടില്ലെങ്കിൽ പ്രിന്‍റെടുത്ത ഫോറം 4എയിൽ ഫോട്ടോ പതിക്കണം. അപേക്ഷയോടൊപ്പം പാസ്പോർട്ടിലെ പ്രധാന പേജുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും ലഭ്യമാക്കണം. അപേക്ഷ നേരിട്ട് സമർപ്പിക്കുകയാണെങ്കിൽ പാസ്പോർട്ട് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാരെ കാണിച്ചാൽ മതി. ആഗസ്റ്റ് 30നാണ് അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുക. പട്ടികയിൽ പേരുചേർക്കപ്പെടുന്നതോടെ പ്രവാസി ഭാരതീയർക്ക് പോളിങ് സ്റ്റേഷനിൽ നേരിട്ട് ഹാജരായി പാസ്പോർട്ട് കാണിച്ച് വോട്ട് ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.