മാൾ മില്യനെയർ ഷോപ്പിങ് ഫെസ്റ്റിന് തുടക്കം

അബൂദബി: ഉപഭോക്താക്കൾക്ക് കൈനിറയെ സമ്മാനങ്ങളുമായി മാൾ മില്യനെയർ ഷോപ്പിങ് ഫെസ്റ്റിന് അബൂദബിയിൽ തുടക്കമായി. അബൂദബി ആസ്ഥാനമായുള്ള ലൈൻ ഇൻവെസ്റ്റ്‌മെന്‍റ്സ് ആൻഡ് പ്രോപർട്ടിയുടെ കീഴിലെ മാളുകളിലാണ് ഫെസ്റ്റ് ഒരുക്കിയത്.

മാളുകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽനിന്നും 200 ദിർഹത്തിലധികം വിലയുടെ സാധനങ്ങൾ വാങ്ങുന്നവരിൽനിന്നും തിരഞ്ഞെടുക്കുന്ന വിജയിക്ക് ഒന്നാം സമ്മാനമായി 10 ലക്ഷം ദിർഹം ലഭിക്കും. ഏപ്രിൽ 23 മുതൽ ആഗസ്റ്റ് ആറുവരെയാണ് കാമ്പയിൻ. അൽ വഹ്ദ മാൾ, ഖാലിദിയ മാൾ, അൽറാഹ മാൾ, മുഷിരിഫ് മാൾ, മാസ്യാദ് മാൾ, മദീനത്ത് സായിദ് ഷോപ്പിങ് സെന്‍റർ, ഫോർസാൻ സെൻട്രൽ മാൾ (അബൂദബി), ബരാരി ഔട്ട്‌ലെറ്റ് മാൾ, അൽ ഫോഹ് മാൾ(അൽഐൻ) എന്നീ ഒമ്പത് മാളുകളാണ് കാമ്പയിന്‍റെ ഭാഗമാകുക. ലുലു ഗ്രൂപ് ഇന്‍റർനാഷനൽ ഗ്രൂപ്പിന്‍റെ ഷോപ്പിങ് മാൾ ഡെവലപ്‌മെന്‍റ് ആൻഡ് മാനേജ്‌മെന്റ് ഡിവിഷനാണ് ലൈൻ ഇൻവെസ്റ്റ്‌മെന്‍റ്സ് ആൻഡ് പ്രോപ്പർട്ടി.

രണ്ടു വർഷത്തെ ഇടവേളക്ക് ശേഷം നടക്കുന്ന 'മാൾ മില്യനെയർ' സീസൺ-2 മെഗാ കാമ്പയിനിൽ നിരവധി സമ്മാനങ്ങൾ ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ടെന്ന് ലൈൻ ഇൻവെസ്റ്റ്‌മെന്‍റ് ആൻഡ് പ്രോപർട്ടി ഡയറക്ടർ വാജിബ് അബ്ദുല്ല അൽ ഖൂരി അബൂദബിയിൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു. മെഗാ നറുക്കെടുപ്പ് ആഗസ്റ്റ് 10ന് നടക്കും. ഇതിനുപുറമെ 14 പ്രതിവാര നറുക്കെടുപ്പുകളിലൂടെ 25,000 ദിർഹം മുതൽ 3,50,000 ദിർഹം വരെ സമ്മാനം നൽകും. കാമ്പയിനിന്‍റെ അവസാന ആഴ്‌ചയിൽ ഒന്നര ലക്ഷം ദിർഹം മൂല്യമുള്ള മറ്റ് സമ്മാനങ്ങളും സമ്മാന കൂപ്പണുകളും ലഭ്യമാക്കും.

കാമ്പയിൻ കാലയളവിൽ മാളുകളിൽ ഗെയിം ഷോകളും ഒരുക്കിയിട്ടുണ്ട്. അബൂദബി സാംസ്കാരിക വിനോദസഞ്ചാര വകുപ്പിന്‍റെ റീട്ടെയിൽ പ്ലാറ്റ്ഫോമായ റീട്ടെയിൽ അബൂദബിയുമായി സഹകരിച്ചാണ് 'മാൾ മില്യനെയർ' കാമ്പയിൻ ഒരുക്കിയത്.

കാമ്പയിൻ കാലയളവിൽ മാളുകളിൽ 200 ദിർഹം ചെലവഴിക്കുന്ന ഉപഭോക്താക്കൾ അവരുടെ രസീതുകൾ നിയുക്ത ഉപഭോക്തൃ സേവന കൗണ്ടറുകളിൽ ഹാജരാക്കി രജിസ്റ്റർ ചെയ്യണം. ഇതിനായി മാളുകളിലും മാളുകളിൽ പ്രവർത്തിക്കുന്ന ലുലു ഹൈപ്പർ മാർക്കറ്റുകളിലും പ്രത്യേക കൗണ്ടറുകൾ തുറന്നിട്ടുണ്ട്. ഇ-മെയിൽ വഴിയും എസ്.എം.എസ് വഴിയും രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് വിവരങ്ങൾ അയക്കും. വിജയികളെ അവരുടെ കൂപ്പണുകളിൽ നൽകിയിരിക്കുന്ന ഫോൺ നമ്പറുകൾ അല്ലെങ്കിൽ ഇ-മെയിലുകൾ വഴി അറിയിക്കും.

Tags:    
News Summary - Launch of Mall Millionaire Shopping Fest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.