പ്രകൃതി മനോഹരവും ശാന്തസുന്ദരവുമായ യു.എ.ഇയിലെ പ്രദേശമാണ് കൽബ. ഷാർജ എമിറേറ്റിന്റെ ഭാഗമായ ഇവിടം വികസിച്ചുവരുന്ന ഇക്കോടൂറിസത്തിന്റെ രാജ്യത്തെ ഏറ്റവും ആകർഷകമായ സ്ഥലമാണ്. യു.എ.ഇയുടെ ദേശീയ മൃഗമായ അറേബ്യൻ ഓറിക്സിനെ കാണാൻ ഇവിടെയെത്തുന്നവരുണ്ട്. അതുപോലെ ബൈത്ത് ശൈഖ് സയീദ് ബിൻ ഹമദ് അൽ ഖാസിമി മ്യൂസിയം, പുനർനിർമിച്ച കോട്ട തുടങ്ങിയവയും ഇവിടുത്തെ ശ്രദ്ധേയമായ കേന്ദ്രങ്ങളാണ്. വന്യജീവി-പൈതൃക പ്രേമികൾ സന്ദർശിക്കേണ്ട വിനോദസഞ്ചാര കേന്ദ്രമായ ഇവിടെ ട്രക്കിങ്, കയാക്കിങ്, സ്കൂബ ഡൈവിങ് എന്നിവക്കും സൗകര്യമുണ്ട്.
എന്നാൽ ശാന്തവും സുന്ദരവുമായ ഇവിടുത്തെ കടൽതീരമാണ് ഏറ്റവും ആകർഷകം. 9കിലോമീറ്ററിലധികം വിസ്തൃതിയുള്ള കൽബ ബീച്ചിൽ വേനൽകാലത്ത് നിരവധി സഞ്ചാരികളാണ് വന്നുചേരുന്നത്. വന്യജീവികൾ നിറഞ്ഞ കണ്ടൽക്കാടായ ഖോർ കൽബ കൺസർവേഷൻ റിസർവിന് തൊട്ടപ്പുറത്താണ് ബീച്ച് സ്ഥിതി ചെയ്യുന്നത്. അപൂർവ ജീവികൾ എത്തിച്ചേരുന്ന ഇവിടം ഹോക്സ്ബിൽ ആമകളുടെ ഒരു പ്രധാന കൂടുകെട്ടൽ കേന്ദ്രമാണ്.
വംശനാശഭീഷണി നേരിടുന്ന അറേബ്യൻ കോളർ കിംങ്ഫിഷർ പക്ഷികളുടെ യു.എ.ഇയിലെ ഏക പ്രജനന കേന്ദ്രം കൂടിയാണ് കൽബ റിസർവ്. ഇതിന് സമീപത്തെ ബീച്ച് ഭാഗം മൽസ്യബന്ധ പ്രദേശമായതിനാൽ ധാരാളം പ്രദേശിക മൽസ്യത്തൊഴിലാളികളെയും അവരുടെ പ്രവർത്തനങ്ങളും കാണാനാകും. കുട്ടികൾക്കും മുതിർന്നവർക്കും ആസ്വാദ്യകരമായ സ്കൂബ ഡൈവിങ് ഇവിടെയെത്തുന്നവർക്ക് ആസ്വദ്യകരമാണ്. ഷാർജയിലെ മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിന്ന് വ്യത്യസ്തമായി തിരക്ക് കുറഞ്ഞ സ്ഥലം കൂടിയാണിത്.
ആഴം കുറഞ്ഞ കടലിന്റെ തീരത്തോടടുത്ത ഭാഗത്തെ തിളക്കമുള്ള വെള്ളം ഏതൊരാളെയും ഇറങ്ങിക്കുളിക്കാൻ കൊതിപ്പിക്കുന്നതാണ്. ബീച്ചിൽ സ്വസ്ഥമായി കുളിക്കാൻ എത്തുന്നവർക്ക് എല്ലാ സൗകര്യങ്ങളും അധികൃതർ ഒരുക്കിയിട്ടുണ്ട്. സദാസമയവും ജാഗരൂകരായ ലൈഫ് ഗാർഡുമാരും സുരക്ഷാ ജീവനക്കാരും ഇവിടെയുണ്ട്. ആഴം കുറഞ്ഞ ഭാഗങ്ങൾ അടയാളപ്പെടുത്തുകയും അതിരുകളിൽ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുകയും ചെയ്തിട്ടുണ്ട്.
വലിയ സംവിധാനങ്ങളോടെ രൂപപ്പെടുത്തിയ കൽബ ബീച്ച് കോർണിഷ് കഴിഞ്ഞ വർഷമാണ് സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉദ്ഘാടനം ചെയ്തത്. വിനോദസഞ്ചാരികൾക്ക് ഏറ്റവും മികച്ച സൗകര്യങ്ങളൊരുക്കുന്നതിന്റെ ഭാഗമായാണ് കോർണിഷ് വിപുലീകരിച്ചത്. കോർണിഷിന് മനോഹാരിത പകർന്ന് നൂറുക്കണക്കിന് ഈത്തപ്പനകൾ തീരത്ത് നട്ടുപിടിപ്പിച്ചിട്ടണ്ട്. ഇതടങ്ങുന്ന ഭാഗം പച്ചപ്പുൽ വിരിച്ച് പാർക്കായി രൂപപ്പെടുത്തിയത് കുട്ടികൾക്കും മുതിർന്നവർക്കും വിനോദങ്ങളിലേർപ്പെടാൻ സൗകര്യമാണ്. കുട്ടികൾക്ക് പ്രത്യേകമായ മറ്റു വിനോദ സൗകര്യങ്ങളുമുണ്ട്. ഒരു സർവീസ് റോഡിന് പുറമേ കോർണിഷ് റോഡിലേക്ക് ഒരു അധിക പാത, 3,000 കാറുകൾ പാർക്ക് ചെയ്യാൻ സൗകര്യം എന്നിവയുമുണ്ട്.
പാർക്കിങിൽ 82 എണ്ണം നിശ്ചയദാർഢ്യ വിഭാഗക്കാർക്ക് സംവരണം ചെയ്തിട്ടുമുണ്ട്. കോർണിഷിൽ 7.6 കിലോമീറ്റർ നീളവും 4 മീറ്റർ വീതിയുമുള്ള റണ്ണിങ് ട്രാക്കും കടലിനഭിമുഖമായി ഇരിക്കുന്നതിന് ബെഞ്ചുകളും ഉണ്ട്. വേനൽകാലത്തെ ഒഴിവുദിനങ്ങൾ ആസ്വദ്യകരമാക്കാൻ കുടുംബങ്ങൾക്കും സുഹൃദ്വൃന്ദങ്ങൾക്കും ഏറ്റവും അനുയോജ്യമായൊരിടമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.