അജ്മാന്‍ നഗരസഭ @58

അജ്മാന്‍: യു.എ.ഇ യുടെ പ്രധാന കേന്ദ്രങ്ങളിലൊന്നായ അജ്മാന്‍ നഗരസഭ അമ്പത്തിയെട്ടിന്‍റെ നിറവില്‍. യു.എ.ഇ യിലെ ഏറ്റവും ദ്രുതഗതിയില്‍ വളരുന്ന നഗരങ്ങളിലൊന്നാണ് അജ്മാന്‍. 1968 ല്‍ പ്രവര്‍ത്തനമാരംഭിച്ച അജ്മാന്‍ നഗരസഭ ഈ വര്‍ഷം വകുപ്പ് സ്ഥാപിതമായതിന്‍റെ 58-ാം വാർഷികം ആഘോഷിക്കുകയാണ്. അജ്മാന്‍ എമിറേറ്റിന്‍റെ ജനസാന്ദ്രതക്കനുസൃതമായുള്ള വികസന പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതില്‍ നഗരസഭ വന്‍ നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. രാജ്യത്തെ ഏറ്റവും വളരുന്ന നഗരങ്ങളുടെ പട്ടികയില്‍ അജ്മാന് ഇടം നേടിക്കൊടുക്കുന്നതില്‍ ഭരണാധികാരികളുടെ പങ്ക് ശ്രദ്ധേയമാണ്. ദുബൈയുടെ അഭൂതപൂർവമായ വളര്‍ച്ചയുടെ ഭാഗമായി താമസ കേന്ദ്രങ്ങള്‍ക്കുണ്ടായ നിരക്ക് വര്‍ധനവില്‍ നിന്നും രക്ഷതേടി ജനങ്ങള്‍ വടക്കന്‍ എമിറേറ്റായ അജ്മാനിലേക്കാണ് ഒഴുകിയത്. ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തി അജ്മാന്‍ എമിറേറ്റില്‍ ആവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നതില്‍ നഗരസഭ അടക്കമുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചു. ഇതിന്‍റെ ഫലമെന്നോണം റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വന്‍ കുതിച്ചുചാട്ടമാണ് അജ്മാന്‍ ഇക്കാലയളവില്‍ കാഴ്ചവെച്ചത്. പൊതുജനങ്ങള്‍ക്ക് എല്ലാ മേഖലയിലും മികച്ച സേവനം, എല്ലാ മേഖലകളിലും ദേശീയ മാനുഷിക ഊർജം ആകർഷിക്കുക, പാരിസ്ഥിതികമായി ആരോഗ്യ സുരക്ഷ മേഖലകളില്‍ പ്രത്യേക ശ്രദ്ധ, ഭക്ഷ്യ- ആരോഗ്യ മേഖലകളില്‍ സംവിധാനങ്ങളെ നിയന്ത്രിക്കുന്നതിന് ഉയര്‍ന്ന സാങ്കേതിക വിദ്യ, യോഗ്യരായ ജോലിക്കാരെ നിയമിക്കല്‍ തുടങ്ങിയവയില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിച്ചത് നഗരസഭയെ രാജ്യാന്തരതലത്തിലും പ്രാദേശികമായും നിരവധി പുരസ്കാരങ്ങള്‍ക്ക് അര്‍ഹമാക്കി.

സമഗ്ര നഗര പദ്ധതി

സമഗ്ര നഗര പദ്ധതിയുടെ പൂർത്തീകരണം അജ്മാൻ നഗരസഭ ആസൂത്രണ വകുപ്പിന്‍റെ പ്രധാന നേട്ടങ്ങളിൽ ഒന്നാണ്. അജ്മാന്‍റെ തന്നെ അകന്ന പ്രദേശങ്ങളായ മസ്ഫൂത്, മനാമ തുടങ്ങിയ ഗ്രാമങ്ങളില്‍ പോലും മികച്ച വികസനങ്ങള്‍ നടപ്പാക്കാന്‍ നഗരവികസനവുമായി ചേർന്ന് ഭാവി പദ്ധതികള്‍ രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ മുനിസിപ്പാലിറ്റി ചെയര്‍മാന്‍ ശൈഖ് റാഷിദ് ബിന്‍ ഹുമൈദ് അല്‍ നുഐമിയുടെ നേതൃത്വത്തില്‍ കഴിഞ്ഞു. ഗതാഗതം, വാർത്താവിനിമയം, റോഡ് പദ്ധതികള്‍ തുടങ്ങിയവക്ക് മുന്തിയ പരിഗണന നല്‍കി. എമിറേറ്റിന്‍റെ പ്രധാന നഗരങ്ങളില്‍നിന്ന് വാഹന ഗതാഗതത്തിന് മികച്ച സേവനങ്ങള്‍ ഒരുക്കി.

അടിസ്ഥാന സൗകര്യങ്ങള്‍ ദ്രുതഗതിയില്‍

പുതുതായി നിലവില്‍ വന്ന നഗരങ്ങളിലേക്കും ജനങ്ങള്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ദ്രുതഗതിയില്‍ ലഭ്യമാക്കി. പുതിയ റോഡുകള്‍ നിർമിക്കുന്നതിനൊപ്പം പഴയ റോഡുകളെ കൂടുതല്‍ മികവുകളോടെ പുനര്‍നിർമിച്ചു. വര്‍ധിച്ച് വരുന്ന താമസക്കാരുടെ താൽപര്യം കണക്കിലെടുത്ത് ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ ആവശ്യമായ പാലങ്ങളും കവലകളും നിർമിച്ചു. നഗരത്തിലെ ഗതാഗതം നിയന്ത്രിക്കാന്‍ ആവശ്യമായിടത്ത് പാര്‍ക്കിങ്​ സ്​ലോട്ടുകളും നിലവില്‍ വന്നു.

പൊതുജനാരോഗ്യ മേഖലയില്‍ വിപ്ലവകരമായ പ്രവര്‍ത്തനങ്ങളാണ് നഗരസഭ കൈകൊണ്ടത്. പൊതു ആരോഗ്യ മേഖലയില്‍ സൂക്ഷ്മമായ നിരീക്ഷണം നടപ്പിലാക്കി. ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കുകയും ചെയ്തു. പൊതുജനാരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന് ഭക്ഷ്യ സംസ്കരണ കേന്ദ്രങ്ങളേയും വിപണന കേന്ദ്രങ്ങളേയും അത്യാധുനിക ലാബ് സംവിധാനം വഴി നിരീക്ഷിക്കുന്നു. നിലവിലുള്ള പരിശോധന സംവിധാനങ്ങള്‍ കൂടാതെ മാപ്പ് അടിസ്ഥാനപ്പെടുത്തി ത്രിമാന സംവിധാനങ്ങള്‍ പ്രവര്‍ത്തന സജ്ജമാക്കി. സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ഇ സേവനങ്ങളും ഡിജിറ്റല്‍ സംവിധാനങ്ങളും അജ്മാന്‍റെ വലിയ വളര്‍ച്ചക്ക് മുതൽക്കൂട്ടായി. അതി നൂതന സംവിധാനങ്ങള്‍ ഒരുക്കുന്നതില്‍ ഭരണാധികാരി ശൈഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമിയും കിരീടാവകാശി ശൈഖ് അമ്മാറും കാണിക്കുന്ന ജാഗ്രത ഏറ്റവും ചെറിയ എമിറേറ്റായ അജ്മാന്​ വികസനക്കുതിപ്പേകി. അജ്മാന്‍ ബീച്ചില്‍ നടത്തിയ സൗന്ദര്യവല്‍ക്കരണം വന്‍തോതില്‍ സന്ദര്‍ശകരെ ആകർഷിച്ചു. നഗര വികസനത്തിലെ കുതിച്ചുചാട്ടം വന്‍കിട രാജ്യാന്തര കമ്പനികളെ അജ്മാനിലെത്തിച്ചു.

സ്വദേശികളുടെ മെച്ചപ്പെട്ട താമസ സൗകര്യം ഒരുക്കുന്നതിനായി പുതിയ മേഖലകള്‍ കണ്ടെത്തി, ആധുനിക അടിസ്ഥാന വികസന സൗകര്യങ്ങള്‍ ഒരുക്കി നല്‍കി. അന്താരാഷ്ട്ര നിലവാരത്തിലുള്ള കോംപ്ലക്സുകളും ആധുനിക റോഡുകളും ഈ പ്രദേശങ്ങളിലേക്ക് തയാറാക്കി. എ.ഐ അടക്കമുള്ള ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി പുതിയ പരീക്ഷണങ്ങളും പ്രവര്‍ത്തനങ്ങളും ഒരുക്കുന്നതില്‍ അജ്മാന്‍ നഗരസഭ ഏറെ മുന്‍പന്തിയിലാണ്. അജ്മാനെ ലോകോത്തര നിലവാരമുള്ള സുരക്ഷിത നഗരമാക്കി മാറ്റുന്നതില്‍ വിലമതിക്കാനാകാത്ത പങ്കാണ്​ നഗരസഭയുടേത്​.

Tags:    
News Summary - Ajman Municipality @58

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.