ജനറൽ ഡിപാർട്ട്‌മെന്‍റ്​ ഓഫ് ട്രാഫിക് ഡയറക്ടർ ബ്രിഗേഡിയർ ജുമാ സലീം ബിൻ സുവൈദാന്‍റെ നേതൃത്വത്തിലുള്ള ദുബൈ പൊലീസ്​ സംഘം പരിക്കേറ്റവരെ സന്ദർശിച്ചപ്പോൾ 

മിനിബസ്​ അപകടത്തിൽ പരിക്കേറ്റവരെ സന്ദർശിച്ച്​ ദുബൈ പൊലീസ്

ദുബൈ: ഞായറാഴ്ച എമിറേറ്റ്സ് റോഡിൽ മിനി ബസ്​ ട്രക്കിലിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റവരെ സന്ദർശിച്ച്​ ദുബൈ പൊലീസ്​ അധികൃതർ. റാഷിദ് ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്ന ഇവരുടെ ആരോഗ്യവിവരങ്ങൾ അന്വേഷിച്ച അധികൃതർ, എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിച്ചു.

ദുബൈ പൊലീസ് കമാൻഡർ ഇൻ ചീഫ് ലെഫ്റ്റനന്‍റ്​ ജനറൽ അബ്ദുല്ല ഖലീഫ അൽ മർറിയുടെ നിർദേശപ്രകാരവും ഓപറേഷൻസ് അഫയേഴ്‌സ് അസി. കമാൻഡന്‍റ്​ മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റൂയിയുടെ മേൽനോട്ടത്തിലും ജനറൽ ഡിപാർട്ട്‌മെന്‍റ്​ ഓഫ് ട്രാഫിക് ഡയറക്ടർ ബ്രിഗേഡിയർ ജുമാ സലീം ബിൻ സുവൈദാന്‍റെ നേതൃത്വത്തിലുള്ള സംഘമാണ്​ പരിക്കേറ്റവരെ സന്ദർശിച്ചത്​.

അൽ ഖവാനീജ് പൊലീസ് സ്റ്റേഷൻ ഡെപ്യൂട്ടി ഡയറക്ടർ കേണൽ ആദിൽ മൂസ ഹസ്സൻ അൽ ബലൂഷി, ട്രാഫിക് ആക്‌സിഡന്‍റ്​ സെക്ഷൻ ഡയറക്ടർ കേണൽ എഞ്ചിനീയർ അബ്ദുല്ല ഥാനി ബിൻ ഗാലിബ് എന്നിവരും മറ്റ് നിരവധി ഉദ്യോഗസ്ഥരും ബ്രിഗേഡിയർ ജുമാ ബിൻ സുവൈദാനൊപ്പം ഉണ്ടായിരുന്നു. പരിക്കേറ്റവർക്ക് പൂക്കൾ വിതരണം ചെയ്ത സംഘം, എത്രയും വേഗം സുഖം പ്രാപിച്ച് സാധാരണ ജീവിതത്തിലേക്കും ജോലിയിലേക്കും മടങ്ങിവരട്ടെ എന്ന് ആശംസിച്ചു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുമായുള്ള മാനുഷിക ബന്ധം ദൃഢമാക്കുന്നതിനായി ദുബൈ പൊലീസ് നടപ്പാക്കുന്ന കമ്യൂണിറ്റി സംരംഭങ്ങളുടെ ഭാഗമാണ് ഈ സന്ദർശനമെന്ന് ബ്രിഗേഡിയർ ജുമാ ബിൻ സുവൈദാൻ വ്യക്തമാക്കി.

വാഹനമോടിക്കുന്നവർ എപ്പോഴും ജാഗ്രത പാലിക്കുകയും സുരക്ഷിതമായ അകലം പാലിക്കുകയും വേണം. അപകടങ്ങളോ തകരാറുകളോ ഉണ്ടായാൽ കൃത്യമായ സുരക്ഷാ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. ഇത്തരം മുൻകരുതലുകൾ, അപകടങ്ങൾ ഒഴിവാക്കാനും ദാരുണമായ പ്രത്യാഘാതങ്ങൾ കുറക്കാനും സഹായിക്കും.

അതേസമയം, ദുബൈ പൊലീസിന്‍റെ മാനുഷികമായ ഇടപെടലിന് പരിക്കേറ്റവർ നന്ദി പറഞ്ഞു. സാ​ങ്കേതിക തകരാറിനെ തുടർന്ന്​ എമിറേറ്റ്സ് റോഡിന് നടുവിൽ നിർത്തിയിട്ടിരുന്ന ട്രക്കിലേക്ക് പിന്നാലെ വന്ന മിനിബസ് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. അപകടത്തിൽ ഏഴ് പേർ മരിക്കുകയും ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 

Tags:    
News Summary - Dubai Police visit those injured in minibus accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.