ദുബൈ: യു.എ.ഇയിൽ പുതുതായി ജോലിയിൽ പ്രവേശിക്കുന്നവർക്ക് തൊഴിൽനഷ്ട ഇൻഷുറൻസിൽ ചേരാൻ നാലുമാസത്തെ സാവകാശം. ഒക്ടോബർ ഒന്നിനുശേഷം വർക് പെർമിറ്റ് ലഭിച്ചവർക്കാണ് തൊഴിൽ മന്ത്രാലയം നാലുമാസത്തെ ഗ്രേസ് പിരീഡ് അനുവദിച്ചത്. 2022ലെ മന്ത്രിതല പ്രമേയം നമ്പർ 604 അനുസരിച്ച് ജോലി ആരംഭിച്ച ജീവനക്കാർക്ക് യു.എ.ഇ തൊഴിൽനഷ്ട ഇൻഷുറൻസ് പദ്ധതിയിൽ രജിസ്റ്റർ ചെയ്യുന്നതിന് നാലുമാസത്തെ ഗ്രേസ് പിരീഡ് ലഭിക്കും.
2023 ജനുവരി ഒന്നിനുശേഷം ജോലിയിൽ പ്രവേശിച്ചവർ നാലു മാസത്തിനുള്ളിൽ പദ്ധതിയിൽ അംഗമാകണമെന്നായിരുന്നു തൊഴിൽ മന്ത്രാലയത്തിന്റെ നിർദേശം. പിന്നീട് സമയപരിധി ഒക്ടോബർ ഒന്നുവരെ നീട്ടുകയായിരുന്നു. പൊതു-സ്വകാര്യ മേഖലയിലും ഫെഡറൽ-ഗവൺമെന്റ് സ്ഥാപനങ്ങളിലും ജോലിചെയ്യുന്ന മുഴുവൻ ജീവനക്കാർക്കും തൊഴിൽനഷ്ട ഇൻഷുറൻസ് നിർബന്ധമാണ്. ഒക്ടോബർ ഒന്നിനുശേഷവും പദ്ധതിയിൽ രജിസ്റ്റർ ചെയ്യാത്തവർക്ക് 400 ദിർഹമാണ് പിഴ. ഒക്ടോബർ ഒന്നിനു ശേഷം ജോലിയിൽ പ്രവേശിച്ചവർ നാലു മാസത്തിനുള്ളിൽ ഇൻഷുറൻസ് പദ്ധതിയിൽ രജിസ്റ്റർ ചെയ്തില്ലെങ്കിൽ പിഴ നൽകേണ്ടിവരും. അതേസമയം, ഫ്രീസോണിലും അർധസർക്കാർ, പ്രാദേശിക സർക്കാർ സമിതികൾ എന്നിവിടങ്ങളിലെ ജീവനക്കാർക്ക് പദ്ധതി ഓപ്ഷനലാണ്. പദ്ധതിയിൽ രജിസ്റ്റർ ചെയ്യാനുള്ള ഉത്തരവാദിത്തം ഓരോ ജീവനക്കാരനുമാണ്. എന്നാൽ, തൊഴിലുടമകൾക്ക് അവരുടെ ജീവനക്കാരെ പദ്ധതിയിൽ അംഗമാക്കാനുള്ള ഓപ്ഷനും അനുവദിച്ചിരുന്നു.
ജോലി നഷ്ടപ്പെട്ടവർക്ക് പുതിയ ജോലി കണ്ടെത്തുന്ന കാലയളവിൽ മാന്യമായ ജീവിതം നയിക്കാൻ അവസരം നൽകുന്നതിന്റെ ഭാഗമായാണ് മാനവവിഭവ ശേഷി, സ്വദേശിവത്കരണ മന്ത്രാലയം തൊഴിൽനഷ്ട ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ചത്. പദ്ധതിയിൽ ഇതിനോടകം 65 ലക്ഷം പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.