യു.എ.ഇ സുരക്ഷ അതോറിറ്റി
ദുബൈ: ലൈസൻസില്ലാത്ത രണ്ട് നിക്ഷേപ സ്ഥാപനങ്ങളെ കുറിച്ച് യു.എ.ഇ സുരക്ഷ അതോറിറ്റി നിക്ഷേപകർക്ക് മുന്നറിയിപ്പ് നൽകി. എക്സി മാർക്കറ്റ് ലിമിറ്റഡ്, എക്സ്.സി.ഇ കോമേഴ്സ്യൽ ബ്രോക്കേഴ്സ് എൽ.എൽ.എസി എന്നീ സ്ഥാപനങ്ങൾ സെക്യൂരിറ്റീസ് ആൻഡ് കമ്മോഡിറ്റീസ് അതോറിറ്റി (എസ്.സി.എ)യുടെ മതിയായ ലൈസൻസില്ലാതെയാണ് പ്രവർത്തിക്കുന്നതെന്ന് അതോറിറ്റി അറിയിച്ചു. ഈ കമ്പനികൾക്ക് സാമ്പത്തിക പ്രവർത്തനങ്ങൾ നടത്താനോ സാമ്പത്തിക സേവനങ്ങൾ വാഗ്ദാനം ചെയ്യാനോ അംഗീകാരമില്ല.
ഈ കമ്പനികളുമായി ഏതെങ്കിലും ഇടപാടുകൾ നടത്തിയാൽ ഉത്തരവാദിത്തം ഏറ്റെടുക്കുകയില്ലെന്നും അതോറിറ്റി അറിയിച്ചു. അടുത്തിടെ ഗ്ലോബൽ കാപിറ്റൽ സെക്യൂരിറ്റീസ് ട്രേഡിങ് എന്ന കമ്പനിക്കെതിരെയും സമാന രീതിയിൽ അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. ഗൾഫ് ഹയർ അതോറിറ്റി ഫോർ ഫിനാൻഷ്യൽ കണ്ടക്ട് എന്ന പേര് ഉപയോഗിച്ച് ലൈസൻസില്ലാത്ത ഒരു കമ്പനി പ്രവർത്തിക്കുന്നതായും ഇക്കഴിഞ്ഞ മൂന്നിന് അതോറിറ്റി മുന്നറിയിപ്പ് നൽകിയിരുന്നു.
ഈ കമ്പനി www.financialgcc.com എന്ന വെബ്സൈറ്റ് പ്രവർത്തിപ്പിക്കുന്നതായും ഫിനാൻഷ്യൽ റെഗുലേറ്റർ എന്ന് അവകാശപ്പെട്ടാണ് ഇവരുടെ പ്രവർത്തനമെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു. ഈ വെബ്സൈറ്റ് വ്യാജമാണെന്നും സാമ്പത്തിക ഇടപാടുകൾക്ക് വെബ്സൈറ്റ് ഉപയോഗിക്കരുതെന്നും അതോറിറ്റി വ്യക്തമാക്കിയിരുന്നു. യു.എ.ഇയിലെ സാമ്പത്തിക വിപണികളിലുടനീളം പ്രവർത്തിക്കുന്ന നിക്ഷേപ സ്ഥാപനങ്ങൾ ബ്രോക്കർമാർ, മറ്റ് സേവനങ്ങൾ നൽകുന്ന ധനകാര്യ സ്ഥാപനങ്ങൾ എന്നിവയുടെ നിയന്ത്രണവും മേൽനോട്ടം വഹിക്കുന്നതിനുള്ള ഉത്തരവാദിത്തപ്പെട്ട സ്ഥാപനമാണ് എസ്.സി.എ. അംഗീകാരമില്ലാത്ത സ്ഥാപനങ്ങളെ കുറിച്ചും വ്യാജ വെബ്സൈറ്റുകളെ കുറിച്ചും എസ്.സി.എ നിരന്തരം മുന്നറിയിപ്പ് നൽകാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.