റസൂൽ പൂക്കുട്ടി ദുബൈയിൽ മാധ്യമങ്ങളോട് സംസാരിക്കുന്നു
ദുബൈ: രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ (ഐ.എഫ്.എഫ്.കെ) സർക്കാർ ഏജൻസികൾക്ക് നൽകുന്ന സൗജന്യ പാസുകൾ നിർത്തലാക്കുന്നത് പരിഗണനയിലാണെന്ന് നിയുക്ത സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ റസൂൽ പൂക്കുട്ടി. 15,000 സൗജന്യ പാസുകളിൽ 5,000ത്തിലധികം കൈപ്പറ്റുന്നത് മന്ത്രിമാരുടെ ഓഫിസുകളും പൊലീസ് അടക്കമുള്ള സർക്കാർ ഉദ്യോഗസ്ഥരുമാണ്. എന്നാൽ, ഇവർ എല്ലാവരും യഥാർഥ സിനിമ പ്രേമികളാണെന്ന് കരുതുന്നില്ല.
ചലച്ചിത്രോത്സവത്തിൽ 10,000 പ്രതിനിധികളെ ഉൾക്കൊള്ളാനുള്ള സൗകര്യമേയുള്ളൂ. ഈ സാഹചര്യത്തിൽ സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനമേറ്റെടുത്താൽ സൗജന്യ പാസ് നിർത്തലാക്കാനാണ് ആലോചനയെന്നും അദ്ദേഹം പറഞ്ഞു. ദുബൈയിൽ മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു ഇദ്ദേഹം. നല്ല തീരുമാനമെടുക്കുന്നതിൽ ചെയർമാൻ സ്ഥാനം ഭാരമായി തോന്നിയാൽ അത് അഴിച്ചുവെക്കാൻ മടിക്കില്ല. ചലച്ചിത്ര അകാദമിയുടെ കീഴിൽ തിരുവനന്തപുരത്തെ രാജ്യാന്തര ചലച്ചിത്രോത്സവത്തിന്‍റെ പതിപ്പ് ദുബൈയിൽ സംഘടിപ്പിക്കും.
അക്കാദമി സെക്രട്ടിയുമായി ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തുകയും പദ്ധതി തയാറാക്കുകയും ചെയ്തിട്ടുണ്ട്. മന്ത്രി തലത്തിൽ ഇക്കാര്യം ചർച്ച ചെയ്ത ശേഷം അന്തിമ തീരുമാനമെടുക്കും. കേരളത്തിലെ തിയറ്ററുകൾക്ക് ബി.ഐ.എസ് നിലവാരം ഏർപ്പെടുത്തും. സിനിമ നിർമാണത്തിന് ചലച്ചിത്ര അക്കാദമി ധനസഹായം നൽകുന്നത് സംബന്ധിച്ച് അടൂർ ഗോപാലകൃഷ്ണൻ പങ്കുവെച്ച അഭിപ്രായത്തോട് യോജിക്കുന്നു. അഞ്ചോ പത്തോ ദിവസത്തെ സിനിമ ശിൽപശാല കൊണ്ട് ഒരു സിനിമക്കാരനുണ്ടാകില്ലെന്നാണ് അദ്ദേഹത്തിന്‍റെ നിലപാട്. അത് ശരിയാണെന്നാണ് വിശ്വസിക്കുന്നത്.
സിനിമ ഉൾപ്പെടെ സർഗാത്മകമായ എല്ലാ മേഖലകളിലും നിർമിത ബുദ്ധി (എ.ഐ) പിടിമുറുക്കിക്കഴിഞ്ഞുവെന്നും ഇത് വൻ വെല്ലുവിളിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പുതുതലമുറയുടെ മികച്ച സിനിമകളെ കുറിച്ചാണ് രാജ്യാന്തര ചലച്ചിത്ര പ്രവർത്തകർ ചർച്ച ചെയ്യുന്നത്. കഴിവുള്ള അനേകം പ്രതിഭകളുടെ നാടാണ് നമ്മുടേത്. അക്കാദമിയുടെ കൃത്യമായ ഇടപെടൽ ഉണ്ടായാൽ മലയാള സിനിമ ഇറാനിയൻ സിനിമ പോലെ ഉന്നത തലത്തിലെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എമിറേറ്റ്സ് ഫസ്റ്റ് ഗ്രൂപ് സി.ഇ.ഒ ജമാദ് ഉസ്മാനും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.