ദുബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതോടെ വിനിമയ നിരക്കിൽ വൻ വർധന. ബുധനാഴ്ച വൈകീട്ട് വരെയുള്ള എക്സി റിപ്പോർട്ട് പ്രകാരം ഒരു ദിർഹമിന് 23.89 രൂപയാണ് വിനിമയ നിരക്ക് രേഖപ്പെടുത്തിയത്. ചൊവ്വാഴ്ച രാത്രി ഇത് 23.56 രൂപയായിരുന്നു. രാവിലെ വീണ്ടും ഉയർന്നാണ് 23.89 രൂപയായത്. അതേസമയം, യു.എ.ഇയിലെ പ്രമുഖ ബാങ്കായ എമിറേറ്റ്സ് എൻ.ബി.ഡിയിൽ ഒരു ദിർഹമിന് 23.89 രൂപയാണ് കാണിച്ചത്. അടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ വിനിമയ നിരക്കാണിത്. ഇന്ത്യൻ കയറ്റുമതിയിൽ യു.എസ് ഉയർന്ന താരിഫ് നിരക്ക് ഏർപ്പെടുത്താൻ സാധ്യതയുണ്ടെന്ന ആശങ്കയാണ് ഇന്ത്യൻ രൂപയുടെ ദുർബലാവസ്ഥക്ക് കാരണം.
യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവനയും രാജ്യാന്തര ക്രൂഡ് ഓയിൽ വിലയിലെ കുതിപ്പും രൂപക്ക് ആഘാതമായി. ഇതോടെ ബുധനാഴ്ച യു.എസ് ഡോളറിനെതിരെ ഇന്ത്യൻ രൂപ മാർച്ച് പകുതിക്കു ശേഷമുള്ള ഏറ്റവും ദുർബലമായ നിലയിലേക്ക് താഴ്ന്നു. ബുധനാഴ്ച യു.എസ് ഡോളറിനെതിരെ രൂപയുടെ മൂല്യം കഴിഞ്ഞ മാർച്ചിനുശേഷം ആദ്യമായി 24 പൈസ താഴ്ന്ന് 87.15ലെത്തി. അതേസമയം, രൂപയുടെ മൂല്യം കുറഞ്ഞ് ഗൾഫ് പ്രവാസികൾക്ക് നേട്ടമായി.
കുവൈത്ത്, യു.എ.ഇ, സൗദി, ഖത്തർ, ഒമാൻ, ബഹ്റൈൻ കറൻസികൾക്ക് ഉയർന്ന വിനിമയ നിരക്കാണ് ബുധനാഴ്ച രേഖപ്പെടുത്തിയത്. അയക്കുന്ന പണത്തിന് കൂടുതൽ നിരക്ക് ലഭിക്കുമെന്നതിനാൽ വിനിമയ നിരക്ക് ഉയരുന്നത് പ്രവാസികൾക്ക് ആശ്വാസമാണ്. നാട്ടിലേക്ക് പണം അയക്കാന്‍ നിരവധി പേർ ഈ സമയം പ്രയോജനപ്പെടുത്തി. ബാങ്കിങ് ആപ്പുകൾ വഴിയും എക്സ്ചേഞ്ച് വഴിയും നാട്ടിലേക്ക് പണമയക്കാനുള്ള തിരക്കിലാണ് പ്രവാസികൾ. എക്സി റിപ്പോർട്ടിനേക്കാൾ അൽപം താഴ്ന്ന നിരക്കാണ് ബാങ്കിങ് ആപ്പുകളിലും മറ്റും ലഭിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.