ദുബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു.എ.ഇ സന്ദർശനത്തിൽ ഒപ്പുവെച്ച കരാറുകൾ ഇരു രാജ്യങ്ങളുടെയും വ്യാപാര ബന്ധത്തിൽ ഗുണകരമായ മാറ്റങ്ങൾക്ക് തുടക്കമാകും. രൂപയിലും ദിർഹമിലും വ്യാപാരം നടത്തുന്നതിനുള്ള ധാരണ വ്യാപാരികൾക്ക് വലിയ രീതിയിൽ സഹായകമാകുന്നതാണെന്ന് ബിസിനസ് രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഇരു രാജ്യങ്ങളിലെയും കയറ്റുമതിക്കാർക്കും ഇറക്കുമതിക്കാർക്കും അതിവേഗത്തിൽ പേയ്മെൻറ് പൂർത്തിയാക്കാൻ സഹായകരമാണിത്.
മാത്രമല്ല, രാജ്യാന്തര തലത്തിൽ പണമിടപാട് നടത്തുമ്പോൾ വിനിമയ നിരക്കിലുണ്ടാകുന്ന മാറ്റങ്ങൾ കാരണമായി സംഭവിക്കുന്ന നഷ്ടങ്ങൾക്ക് പ്രതിരോധ കവചം തീർക്കാനും പുതിയ സംവിധാനത്തിന് സാധ്യമാകും. ഇരു രാജ്യങ്ങളിലും നിക്ഷേപവും പണമയക്കലും വർധിക്കാനുമിത് വഴിയൊരുക്കും. രൂപയും ദിർഹമും വ്യാപാരത്തിന് ഉപയോഗപ്പെടുത്തുന്നത് പണമിടപാടുകളുടെ ചെലവും സമയവും കുറക്കുമെന്നും വിലയിരുത്തപ്പെടുന്നു.
റഷ്യ-യുെക്രയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഡോളറിൽ അല്ലാതെ വ്യാപാരം നടത്തുന്നതിന് ലോകത്തെ വിവിധ രാജ്യങ്ങൾ ആരംഭിച്ച ശ്രമങ്ങളുടെ ഭാഗമായാണ് കരാർ രൂപപ്പെട്ടത്. ഇന്ത്യക്ക് ക്രൂഡ് ഓയിൽ നൽകുന്ന നാലാമത്തെ വലിയ രാജ്യമാണ് യു.എ.ഇ. അതോടൊപ്പം, എൽ.പി.ജി, എൽ.എൻ.ജി എന്നിവ നൽകുന്ന രണ്ടാമത്തെ വലിയ രാജ്യവുമാണ്. ഈ സാഹചര്യത്തിൽ കരാർ ഇന്ത്യക്ക് വലിയ സഹായകമാകുന്നതാണ്. കരാർ ഒപ്പുവെച്ച് വൈകാതെ തന്നെ രൂപയിലെ ആദ്യ വ്യാപാരവും നടന്നിട്ടുണ്ട്. 25 കി.ഗ്രാം സ്വർണം വാങ്ങുന്നതിന് മുംബൈയിലെ യെസ് ബാങ്കാണ് 128.4 ദശലക്ഷം രൂപയുടെ ധാരണയായത്. ഇക്കാര്യം യു.എ.ഇയിലെ ഇന്ത്യൻ എംബസിയാണ് ട്വിറ്ററിൽ അറിയിച്ചത്.
ഇന്ത്യയുടെ ഡിജിറ്റൽ പേമെന്റ് സംവിധാനമായ യു.പി.ഐയും (യൂനിഫൈഡ് പേമെന്റ് ഇൻറർഫേസ്) യു.എ.ഇയുടെ ഐ.പി.പിയും (ഇൻസ്റ്റന്റ് പേമെന്റ് പ്ലാറ്റ്ഫോം) ബന്ധിക്കുന്നതിനുള്ള ധാരണപത്രവും പ്രവാസികൾക്ക് ഗുണംചെയ്യുന്നതാണ്. കരാർ അന്താരാഷ്ട്ര ഡെബിറ്റ് കാർഡുകൾക്ക് സമാനമായി യു.പി.ഐ പണമിടപാട് സംവിധാനം യു.എ.ഇയിലും ഉപയോഗിക്കാനുള്ള സാധ്യതയാണ് തുറന്നിരിക്കുന്നത്. നാട്ടിലെ ബാങ്കുകളുടെ കാർഡുകൾ യു.എ.ഇയിലും ഇവിടത്തെ ബാങ്കുകളുടെ കാർഡുകൾ നാട്ടിലും ഉപയോഗിക്കാനും സാധ്യമാകുമെന്ന് വിലയിരുത്തപ്പെടുന്നു.
ബാങ്ക് മെസേജിങ് സംവിധാനം ബന്ധിപ്പിക്കുന്നതിലൂടെ നാട്ടിലെ അക്കൗണ്ട് ഉപയോഗിച്ചുള്ള ഓൺലൈൻ ഇടപാടുകൾക്ക് യു.എ.ഇയിലും സാധിക്കും. ഒ.ടി.പി വരുന്നതിനും ഗൂഗ്ൾ പേ ഉപയോഗിക്കുന്നതിനും അടക്കമുള്ള തടസ്സങ്ങളും ഇതോടെ നീങ്ങുമെന്നും വിലയിരുത്തപ്പെടുന്നു. വ്യാപാരവും പണവിനിമയവും വർധിക്കുന്നത് ഇരു രാജ്യങ്ങളുടെയും സമ്പദ്ഘടനക്ക് മുതൽകൂട്ടാവുകയും ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യും. നിലവിൽ 2022ൽ ഒപ്പുവെച്ച സമഗ്ര സാമ്പത്തിക സഹകരണ കരാർ(സെപ) വഴി വലിയ രീതിയിൽ വ്യാപാര രംഗത്ത് ഉണർവുണ്ട്. ഇത് ത്വരിതപ്പെടുത്താനും എളുപ്പമാക്കാനും സഹായിക്കുന്നതാണ് കരാറുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.