അബൂദബി: ഐ.ഐ.ടി ഡല്‍ഹിയുടെ അബൂദബി കാമ്പസ് ബിരുദ പ്രവേശനത്തിനായി യു.എ.ഇയിൽ നടത്തുന്ന കോമൺ അഡ്മിഷൻ എൻട്രൻസ് ടെസ്റ്റിനായുള്ള (സി.എ.ഇ.ടി) അപേക്ഷകളിൽ ആഗോളതലത്തിൽ വൻ പ്രതികരണം. ഫെബ്രുവരി 16, ഏപ്രിൽ 13 തീയതികളിലായി നടത്തുന്ന ടെസ്റ്റിന് ലോക രാജ്യങ്ങളിൽനിന്നുള്ള വിദ്യാർഥികൾ അപേക്ഷ സമർപ്പിച്ചതായി ഐ.ഐ.ടി അധികൃതർ അറിയിച്ചു. അബൂദബി കാമ്പസിന് പുറമെ ദുബൈ, ഷാർജ, ന്യൂഡൽഹി എന്നിവിടങ്ങളിലാണ് പരീക്ഷ കേന്ദ്രങ്ങൾ.
എനര്‍ജി എന്‍ജിനീയറിങ്, കമ്പ്യൂട്ടര്‍ സയന്‍സ്, കെമിക്കല്‍ എന്‍ജിനീയറിങ് എന്നീ കോഴ്സുകളിലേക്കാണ് മൂന്നു മണിക്കൂർ നീളുന്ന പ്രവേശന പരീക്ഷ. വിദ്യാർഥികൾക്ക് രണ്ട് പരീക്ഷകളിലും പങ്കെടുക്കാം. ഇതിൽ ഉയർന്ന സ്കോറായിരിക്കും അവസാന സെലക്ഷനായി പരിഗണിക്കുക. ഇന്ത്യയില്‍ താമസിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ജെ.ഇ.ഇ അഡ്വാന്‍സ്ഡ് പരീക്ഷയാണ് പ്രവേശനത്തിനായി പരിഗണിക്കുക.കഴിഞ്ഞവര്‍ഷം ആദ്യമാണ് ലോകത്തിലെ മുന്‍നിര എന്‍ജിനീയറിങ് കോളജുകളിലൊന്നായ ഐ.ഐ.ടി അബൂദബിയില്‍ ആദ്യ അന്താരാഷ്ട്ര കാമ്പസിന് തുടക്കം കുറിച്ചത്. 20 പേരെ ഉള്‍ക്കൊള്ളിച്ച് മാസ്റ്റേഴ്സ് കോഴ്സാണ് 2024 ജനുവരിയില്‍ അബൂദബി കാമ്പസില്‍ തുടങ്ങിയത്.
വൈകാതെ മാസ്റ്റേഴ്സ്, ബാച്ചിലര്‍ കോഴ്സുകളിലായി വിദ്യാര്‍ഥികളുടെ എണ്ണം 80 ആയി ഉയര്‍ത്തുകയും ചെയ്തു. ബിരുദ കോഴ്സില്‍ 13 സ്വദേശികളും ബിരുദാനന്തര ബിരുദ കോഴ്സില്‍ 17 സ്വദേശി വിദ്യാര്‍ഥികളുമാണ് കാമ്പസില്‍ പഠനം തുടരുന്നത്. ഊര്‍ജ, സുസ്ഥിരരംഗത്ത് പിഎച്ച്.ഡിക്കും കഴിഞ്ഞമാസം കാമ്പസില്‍ തുടക്കം കുറിച്ചു. മികച്ച കോഴ്സുകളും ഗവേഷണ സൗകര്യവുമാണ് അബൂദബി കാമ്പസ് വാഗ്ദാനം ചെയ്യുന്നത്.
പ്രവേശനപരീക്ഷയുടെ അപേക്ഷകരില്‍നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചുവരുന്നതായും മികച്ച അന്താരാഷ്ട്ര കാമ്പസായി ഐ.ഐ.ടി ഡല്‍ഹി അബൂദബിയെ മാറ്റിയെടുക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ഐ.ഐ.ടി ഡല്‍ഹി അബൂദബിയുടെ എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ. ശാന്തനു റോയി പറഞ്ഞു. കാമ്പസില്‍ ബിരുദ കോഴ്സുകൾ ചെയ്യുന്ന ഇമാറാത്തി വിദ്യാര്‍ഥികള്‍ക്ക് യു.എ.ഇ സര്‍ക്കാര്‍ പ്രതിമാസം നാലായിരം ദിര്‍ഹം സ്റ്റൈപന്‍ഡും ഇതിനു പുറമേ സൗജന്യ പഠനവുമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.