ഹെലികോപ്​റ്റർ അപകടത്തിൽ വീരമൃത്യുവരിച്ച സൈനികരുടെ മൃതദേഹങ്ങൾ പൂർണ ബഹുമതികളോടെ സൈന്യം ഏറ്റുവാങ്ങുന്നു

വീരമൃത്യുവരിച്ച സൈനികർക്ക്​ വീരോചിതമായ വിട

ദുബൈ: ഹെലികോപ്​റ്റർ അപകടത്തിൽ വീരമൃത്യുവരിച്ച രണ്ട്​ സൈനികർക്ക്​ അന്ത്യാഞ്ജലി അർപ്പിച്ച്​ യു.എ.ഇ. അബൂദബി സായിദ്​ സൈനിക ആശുപത്രിയിൽ നടന്ന ചടങ്ങിൽ സൈനികരുടെ ബന്ധുക്കൾ, മുതിർന്ന നേതാക്കൾ, സൈനിക ഉദ്യോഗസ്ഥർ തുടങ്ങിയവർ പ​ങ്കെടുത്തു. പൂർണ ബഹുമതികളോടെയായിരുന്നു ഇരുവരുടെയും മൃതദേഹങ്ങൾ സൈന്യം ഏറ്റുവാങ്ങിയത്​. രക്​തസാക്ഷികളുടെ ബന്ധുക്കൾക്ക്​ അഗാധമായ അനുശോചനം അറിയിക്കുന്നതായി പ്രതിരോധ മന്ത്രാലയം വാർത്ത കുറിപ്പിൽ അറിയിച്ചു.

ക്യാപ്​റ്റൻ സഈദ്​ അൽ ബലൂഷി, ഫസ്റ്റ്​ ലഫ്​റ്റനന്‍റ്​ അലി സാലിഹ്​ ഇസ്മായിൽ അൽ തനൂജി എന്നിവരാണ്​ തിങ്കളാഴ്ച നടന്ന ഹെലികോപ്​റ്റർ അപകടത്തിൽ രക്​തസാക്ഷികളായത്​​. ദേശീയ ദൗത്യത്തിനിടെ സാ​ങ്കേതിക തകരാറുമൂലം ഹെലികോപ്​ടർ തകർന്നുവീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെയും ഉടൻ ആശുപത്രിയിലേക്ക്​ മാറ്റിയെങ്കിലും മരണം സംഭവിച്ചിരുന്നു. റാസൽഖൈമയിലെ അൽ റാസ്​ അബ്​ദുല്ല അലി ഇബ്രാഹിം അൽ അമാഷ്​ പള്ളിയിലായിരുന്നു ഫസ്റ്റ്​ ലഫ്​റ്റനന്‍റ്​ അൽ തനൂജിയുടെ മയ്യിത്ത്​ നമസ്കാരം.

യു.എ.ഇ സുപ്രിം കൗൺസിൽ അംഗവും റാസൽഖൈമ ഭരണാധിപനുമായ ശൈഖ്​ സഊദ്​ ബിൻ സഖർ അൽ ഖാസിമിയും മയ്യിത്ത്​ നമസ്കാരത്തിൽ പ​ങ്കെടുത്തു. പ്രതിരോധ മേഖലയിൽ രക്​തസാക്ഷികൾ അർപ്പിച്ച ആത്​മാർഥതയും ത്യാഗവും രാജ്യം എന്നും സുവർണ ലിപികളാൽ രേഖപ്പെടുത്തുമെന്നും ജനങ്ങളുടെ മനസിൽ അവർ എനും​ അഭിമാനത്തോടെ ഓർക്കപ്പെടുമെന്നും​ അദ്ദേഹം പറഞ്ഞു. അൽഐനിൽ ളുഹുർ നമസ്കാരത്തിന്​ ശേഷമാണ്​ ക്യാപ്​റ്റൻ സഈദ്​ റാശിദ്​ ഹമദ്​ അൽ ബലൂഷിയുടെ മയ്യിത്ത്​ നമസ്കാരം നടന്നത്​. ഒമാൻ, ഹബ്​റൈൻ, സൗദി അറേബ്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ളവർ അദ്ദേഹത്തിന്​ അനുശോചനം അറിയിക്കാൻ എത്തിയിരുന്നു.

Tags:    
News Summary - A heroic farewell to the fallen soldiers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.