അല്‍ മഖ്ത ഇഫ്താര്‍ പീരങ്കി
അബൂദബി: അറബ് പാരമ്പര്യം ചോരാതെ ഇന്നും പീരങ്കികൾ മുഴങ്ങിക്കൊണ്ടേയിരിക്കുകയാണ് റമദാനിൽ. ഒരുകാലത്ത് പ്രതിരോധ ആവശ്യത്തിന് ഉപയോഗിച്ചിരുന്ന പീരങ്കി ഇന്ന് അബൂദബിയില്‍ റമദാനില്‍ നോമ്പ് തുറക്കുന്ന സമയമറിയിക്കാന്‍ ശബ്ദിക്കുകയാണ്. അബൂദബി പൊലീസിലെ പൊലീസ് ലെഗസി വകുപ്പാണ് അല്‍ മഖ്ത ഇഫ്താര്‍ പീരങ്കിയുടെ നടത്തിപ്പുകാര്‍.
മുമ്പ് ഭരണാധികാരിയുടെ നിര്‍ദേശമനുസരിച്ച് റമദാന് മാസപ്പിറ കാണുമ്പോഴും പെരുന്നാള്‍ പിറ കാണുമ്പോഴും അല്‍ മഖ്ത ടവറില്‍ നിന്ന് വെടിയുതിര്ക്കാറുണ്ടായിരുന്നു. ഇപ്പോഴാവട്ടെ റമദാനിലുടനീളം നോമ്പ് തുറക്കുന്ന സമയമറിയിക്കാനാണ് പീരങ്കി വെടിമുഴക്കുന്നത്. യു.എ.ഇയുടെ പൈതൃകം ഭാവിതലമുറക്കായി കൈമാറുന്നതിനു കൂടിയാണ് ഇത്തരം നടപടികള്‍ തുടര്‍ന്നുവരുന്നത്.
അബൂദബി പൊലീസിന്റെ തുടക്കം മുതലുള്ള ചരിത്രം രേഖയായി സൂക്ഷിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ക്കായാണ് പൊലീസ് ലെഗസി വകുപ്പിന് അബൂദബി പൊലീസ് തുടക്കംകുറിച്ചതെന്ന് വകുപ്പ് മേധാവി ലഫ്റ്റനന്റ് കേണല്‍ അലി അല്‍ ഹമ്മാദി പറഞ്ഞു.
മുന്‍കാലങ്ങളില്‍, അല്‍ മഖ്ത ടവര്‍ അബൂദബി എമിറേറ്റിന്റെ വികസനത്തെയാണ് പ്രതിനിധാനം ചെയ്തത്. അന്ന് അബൂദബിയിലേക്കു വരുകയും പോവുകയും ചെയ്തിരുന്നവര്‍ അല്‍ മഖ്ത ക്രീക്ക് കടക്കേണ്ടിയിരുന്നു. ആ സമയം ടവര്‍ ഉയര്ന്നുനില്ക്കുന്നതവര്ക്ക് കാണുമായിരുന്നു.
പീരങ്കി കാണുമ്പോള്‍ അവര്‍ക്ക് സുരക്ഷിതത്വം തോന്നുകയും അതവരില്‍ അഭിമാനവും വിശ്വാസവും വളര്‍ത്തിയെടുക്കുകയും ചെയ്തു. അല്‍ മഖ്ത ഇഫ്താര്‍ പീരങ്കി നമുക്കെല്ലാവര്‍ക്കും ഏറെ മൂല്യമുള്ളതാണെന്നും അത് തങ്ങള്‍ക്ക് പ്രത്യേക സന്തോഷം നല്‍കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.