ഷാർജ: ഇന്ത്യൻ അസോസിയേഷൻ ഷാർജ (ഐ.എ.എസ്) യു.എ.ഇ ദേശീയ ദിനാഘോഷവും വിദ്യാർഥികൾക്കായി സമഗ്ര കരിയർ എൻറിച്ച്മെന്റ് കോൺക്ലേവായ കരിയർ ഐഡിയാസും നടത്തുന്നു. ഡിസംബർ 2, 3 തീയതികളിലാണ് കരിയർ ഐഡിയാസ് കോൺക്ലേവ്. യു.എ.ഇയുടെ ദേശീയ പൈതൃകത്തെ ആദരിക്കുന്നതിനൊപ്പം യുവതലമുറയെ ഭാവിയിലേക്ക് സജ്ജമാക്കാൻ ലക്ഷ്യമിടുന്നതാണ് പരിപാടി.
ഡിസംബർ രണ്ടിന് വൈകീട്ട് 3.30ന് ഐ.എ.എസ് കമ്യൂണിറ്റി ഹാളിൽ ഗോപിനാഥ് മുതുകാട് ഉദ്ഘാടനം ചെയ്യും. മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മലബാർ പോർട്ട് എം.ഡിയുമായ എൽ. രാധാകൃഷ്ണൻ മുഖ്യാതിഥിയാകും. ഗോപിനാഥ് മുതുകാട് നയിക്കുന്ന ‘മോൾഡിങ് മൈൻഡ്സ് മാജിക്കലി’ എന്ന മാജിക്ക് മോട്ടിവേഷണൽ സെഷൻ നാലിന് ആരംഭിക്കും. ശേഷം, കരിയർ ആസൂത്രണത്തിൽ രക്ഷിതാക്കളുടെ പങ്ക് ചർച്ച ചെയ്യുന്ന സംവേദനാത്മ രക്ഷാകർതൃ ഓപൺ ഹൗസ് സെഷൻ ഗോപിനാഥ് മുതുകാട്, എൽ. രാധാകൃഷ്ണൻ ഐ.എ.എസ് എന്നിവർ നേതൃത്വം നൽകും.
കലാപരിപാടികൾ രാത്രി എട്ടുവരെ നീണ്ടുനിൽക്കും. ഡിസംബർ മൂന്നിന് രാവിലെ ഒമ്പത് മുതൽ 1.30 വരെ അക്കാദമിക് മികവിനായുള്ള സെഷനുകൾ നടക്കും. വിവിധ മേഖലകളിലെ പ്രഗല്ഭർ നയിക്കുന്ന വിജ്ഞാനപ്രദമായ സെഷനുകൾ ഉൾക്കൊള്ളുന്നതാണ് കോൺക്ലേവ്.
വിദ്യാർഥികളെ പ്രചോദിപ്പിക്കുക, പരീക്ഷാ തയാറെടുപ്പുകൾക്ക് മാർഗനിർദ്ദേശം നൽകുക, ആധുനിക പഠന ഉപകരണങ്ങളെ പരിചയപ്പെടുത്തുക, കരിയർ ആസൂത്രണത്തിൽ രക്ഷിതാക്കളുടെ പങ്ക് വ്യക്തമാക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ. എൻട്രൻസ്, സ്കോളർഷിപ്പുകൾ, ആഗോള തൊഴിലവസരങ്ങൾ എന്നിവ സംബന്ധിച്ച ചോദ്യോത്തര സെഷനിൽ ജോമി പി.എൽ, ജി.എസ്. ശ്രീകിരൺ, മനു രാജഗോപാൽ എന്നിവർ പങ്കെടുക്കും. പ്രമുഖരായ നിരവധി റിസോഴ്സ് വ്യക്തികളും പരിപാടിയുടെ ഭാഗമാകും. ഷാർജയിലെ വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരും പരിപാടിയിൽ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.