ദുബൈ മറീന 

ആവശ്യക്കാരേറെ; ദുബൈയിൽ വാടക വർധിക്കുന്നു

ദുബൈ: കോവിഡാനന്തരം കുതിച്ചുയരുന്ന പ്രോപ്പർട്ടി മാർക്കറ്റിലെ ആവശ്യക്കാരുടെ എണ്ണം വാടക വർധിപ്പിക്കുന്നു. എമിറേറ്റിലെ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള സ്ഥലങ്ങളായ ദുബൈ മറീന, ഡൗൺടൗൺ ദുബൈ, ബിസിനസ് ബേ എന്നിവിടങ്ങളിൽ വാടക 24 ശതമാനമാണ് വർധിച്ചതെന്ന് 'പ്രോപ്പർട്ടി ഫൈൻഡറി'ന്‍റെ ഏറ്റവും പുതിയ റിപ്പോർട്ടിൽ പറയുന്നു.

ഈ സ്ഥലങ്ങളിലെ ജീവിത സൗകര്യങ്ങളും മറ്റുമാണ് ആവശ്യക്കാർ വർധിക്കാനുള്ള കാരണമായി പറയുന്നത്. എന്നാൽ പാം ജുമൈറ, ജുമൈറ വില്ലേജ് സർക്കിൾ, ജുമൈറ ലേക്ക് ടവേഴ്സ് എന്നിവയാണ് എമിറേറ്റിൽ ഏറ്റവും കൂടുതൽ സെർച് ചെയ്യപ്പെട്ട പ്രദേശങ്ങൾ. നഗരവും കടൽത്തീരവും ഒത്തുചേർന്ന പ്രദേശമെന്ന നിലയിലാണ് ദുബൈ ഏറ്റവും ആവശ്യക്കാരുള്ള സ്ഥലമായി മാറിയത്.

ബുർജ് ഖലീഫയുടെയും ദുബൈ മാളിന്‍റെയും ആസ്ഥാനമായ ഡൗൺ ടൗൺ, പ്രോപ്പർട്ടി വാങ്ങുന്നവരും വാടകക്കാരും ധാരാളമായി തിരഞ്ഞെടുക്കുന്നുണ്ട്. മികച്ച കണക്റ്റിവിറ്റി, കാൽനടക്കാർക്ക് അനുയോജ്യമായ നടപ്പാതകൾ, നഗരത്തിലെ ഏറ്റവും മികച്ച ഡൈനിങ്, നൈറ്റ് ലൈഫ് വേദികൾ എന്നിവ ഇവിടം ആകർഷണീയമാകാനുള്ള കാരണമാണ്. ഡൗൺ ടൗൺ ദുബൈക്ക് സമീപത്ത് സ്ഥിതി ചെയ്യുന്ന പ്രധാന റെസിഡൻഷ്യൽ, കൊമേഴ്‌സ്യൽ, ബിസിനസ് ഹബ് എന്നതാണ് ബിസിനസ് ബേക്ക് ആവശ്യക്കാർ വർധിക്കാൻ കാരണം.

എമിറേറ്റിലെ പ്രധാന റോഡുകളിലേക്ക് പ്രവേശിക്കാമെന്നതും രണ്ട് മെട്രോ സ്റ്റേഷനുകൾ, നിരവധി ബസ് റൂട്ടുകൾ, വാട്ടർ ടാക്‌സികൾ തുടങ്ങി ഗതാഗത സൗകര്യം സുഗമമാണെന്നതും ഇവിടുത്തെ സവിശേഷതയാണ്. ദുബൈ മറീനയിലെ ഒരു സ്റ്റുഡിയോ വാടക 40,000 ദിർഹം മുതൽ ആരംഭിക്കുന്നതായിട്ടുണ്ട്. ഡൗൺ ടൗണിലെ മൂന്ന് കിടപ്പുമുറി യൂനിറ്റിന് 3,00,000 ദിർഹം വരെ വില ഉയരുകയും ചെയ്തു.

അതേസമയം, പ്രോപ്പർട്ടി ഫൈൻഡർ ഡേറ്റ കാണിക്കുന്നത് ദുബൈ ഹിൽസ് എസ്റ്റേറ്റ്, പാം ജുമൈറ, അറേബ്യൻ റാഞ്ചസ്, ദമാക് ഹിൽസ്, മുഹമ്മദ് ബിൻ റാശിദ് സിറ്റി, ദുബൈ ലാൻഡ് എന്നിവിടങ്ങളാണ് എമിറേറ്റിലെ വില്ലകൾക്ക് ഏറ്റവും പ്രചാരമുള്ള മേഖലകൾ.

എമിറേറ്റിലെ സുപ്രധാന മേഖലകളിൽ വില്ലകളുടെ വിലയും വിൽപനയും ജൂണിലും ജൂലൈയിലും കുതിച്ചുയർന്നതായി നേരത്തെ വിവിധ റിപ്പോർട്ടുകൾ വ്യക്തമാക്കിയിരുന്നു. ജൂൺ വരെ ഈ വർഷം റെസിഡൻഷ്യൽ പ്രോപ്പർട്ടി വിലയിൽ 10 ശതമാനം വർധനയുണ്ടായതായാണ് കണക്കുകൾ കാണിക്കുന്നത്.

അപ്പാർട്മെന്റ് വില 9ശതമാനവും വില്ല വിലയിൽ 19ശതമാനവുമാണ് ശരാശരിയേക്കാൾ വർധിച്ചതെന്ന് ദുബൈ വിപണി സംബന്ധിച്ച സി.ബി.ആർ.ഇ റിപ്പോർട്ട് വ്യക്തമാക്കുന്നു.

Tags:    
News Summary - High demand; Rents are increasing in Dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.