ഖോർഫക്കാനിൽ വെള്ളിയാഴ്ച പെയ്ത മഴയുടെ ദൃശ്യം
ദുബൈ: വെള്ളിയാഴ്ച രാവിലെ രാജ്യത്തിന്റെ വടക്കൻ എമിറേറ്റുകളിൽ ശക്തമായ മഴ ലഭിച്ചു. ഷാർജ, ഫുജൈറ, റാസൽഖൈമ എന്നിവയുടെ വിവിധ ഭാഗങ്ങളിലാണ് കനത്ത മഴ രേഖപ്പെടുത്തിയതെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പല സ്ഥലങ്ങളിലും റോഡുകളിൽ വെള്ളം നിറയുകയും വാദികളിൽ ഒഴുക്ക് രൂപപ്പെടുകയും ചെയ്തു.
കൂടുതൽ മഴസാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് താമസക്കാർക്ക് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു.മഴയിൽ ഡ്രൈവ് ചെയ്യുമ്പോൾ മുൻകരുതലുകൾ സ്വീകരിക്കണം, വെള്ളക്കെട്ടുള്ള സ്ഥലങ്ങളിൽ നിന്ന് മാറിനിൽക്കണം, ഇടിമിന്നൽ സമയങ്ങളിൽ തുറന്നതും ഉയരമുള്ളതുമായ സ്ഥലങ്ങളിൽ നിൽക്കരുത്, കാഴ്ച മറയ്ക്കുന്ന കാറ്റിന്റെ സാധ്യത മുന്നിൽകാണണം എന്നിങ്ങനെ നിർദേശങ്ങളാണ് അധികൃതർ നൽകിയത്. മഴക്കൊപ്പം ഈർപ്പവും ശക്തമായതിനാൽ ദുബൈ, ഷാർജ, അജ്മാൻ എന്നവിടങ്ങളിലെ തീരപ്രദേശങ്ങളിലും ഉൾഭാഗങ്ങളിലും കനത്ത മൂടൽമഞ്ഞിന് സാധ്യത പ്രവചിച്ചിട്ടുണ്ട്. രാത്രി വൈകിയും അതിരാവിലെയും കാഴ്ച കുറയാൻ സാധ്യതയുള്ളതിനാൽ ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. രാജ്യത്താകമാനം തണുത്ത കാലാവസ്ഥ തുടരുമെന്നാണ് പ്രവചിച്ചിട്ടുള്ളത്. ശരാശരി 15 ഡിഗ്രിക്കും 26 ഡിഗ്രിക്കും ഇടിയിലായിരിക്കും പ്രധാന സ്ഥലങ്ങളിലെ താപനില.
കഴിഞ്ഞദിവസം ദുബൈയിൽ ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയിൽ 19 ഡിഗ്രിയാണ് താപനില രേഖപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.