ദുബൈ: അന്താരാഷ്ട്ര ബഹിരാകാശ ചരിത്രത്തിൽ യു.എ.ഇയുടെ പേരെഴുതി ചേർത്ത ആദ്യത്തെ പര്യ വേക്ഷകൻ ഹസ്സ അൽ മൻസൂരിയെ അബൂദബി ഖലീഫ യൂനിവേഴ്സിറ്റി ഓഫ് സയൻസ് ടെക്നോളജി ഓണററി ഡോക്ടറേറ്റ് നൽകി ആദരിച്ചു. ഖലീഫ സർവകലാശാല ബിരുദദാന ചടങ്ങിൽ അബൂദബി എക്സിക്യൂട്ടിവ് കൗൺസിൽ അംഗവും അബൂദബി ക്രൗൺ പ്രിൻസ് കോർട്ട് ചെയർമാനുമായ ശൈഖ് ത്വയ്യിബ് ബിൻ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനിൽനിന്ന് ഹസ്സ അൽ മൻസൂരി ഡോക്ടറേറ്റ് ബിരുദം സ്വീകരിച്ചു.
ഖലീഫ സർവകലാശാലയിലെ 20 ഗവേഷക വിദ്യാർഥികളും 87 ബിരുദാനന്തര ബിരുദ വിദ്യാർഥികളുമുൾപ്പെടെ 408 പേരും ബിരുദം സ്വീകരിച്ചു. ബിരുദം സ്വീകരിച്ച വിദ്യാർഥികളെ അഭിനന്ദിച്ച ശൈഖ് ത്വയ്യിബ് ബിൻ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ മികച്ച അക്കാദമിക് നേട്ടത്തിലൂടെ രാജ്യത്തെ വിദ്യാഭ്യാസ ചരിത്രത്തിൽ വേറിട്ട അധ്യായം രചിക്കാനും അതുവഴി ലോകത്തിലെ മികച്ച അക്കാദമിക് സ്ഥാപനങ്ങളുടെ പട്ടികയിൽ ഇടംനേടാനുമാവട്ടെ എന്ന് ആശംസിച്ചു.
ശാസ്ത്ര സാങ്കേതിക മേഖലയിലെ മികച്ച സംഭാവനകൾ വഴി ചരിത്രപരമായ നേട്ടങ്ങളാണ് ഖലീഫ സർവകലാശാല ഇതിനകം കരസ്ഥമാക്കിയിരിക്കുന്നതെന്ന് സർവകലാശാല എക്സിക്യൂട്ടിവ് വൈസ് പ്രസിഡൻറ് ഡോ. ആരിഫ് സുൽത്താൻ അൽ ഹമ്മാദി പറഞ്ഞു. 126 പേറ്റൻറുകൾ ഇതിനകം സ്വന്തമാക്കി കഴിഞ്ഞു. 343ൽപരം അപേക്ഷകൾ അനുമതി കാത്തിരിക്കുകയാണ്. മാത്രമല്ല, സാമൂഹികജീവിതത്തിന് സഹായകരമാകുന്ന 400ഓളം കണ്ടുപിടിത്തങ്ങളാണ് ശാസ്ത്രകുതുകികളായ ഗവേഷക വിദ്യാർഥികൾ ഇതിനകം നടത്തിയിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.