ദുരിതത്തിലായ തൊഴിലാളികൾ
അൽഐൻ: മലയാളികളുടെ ഉടമസ്ഥതയിലുള്ള കമ്പനിയിൽ ഉത്തർപ്രദേശ്, ബിഹാർ സ്വദേശികളും ഒരു ബംഗ്ലാദേശി പൗരനും തൊഴിലുടമയുടെ ചൂഷണം മൂലം കടുത്ത ദുരിതത്തിലെന്ന് പരാതി. ശമ്പളവും മറ്റു ആനുകൂല്യങ്ങളും നൽകാത്തതുമൂലം ഭക്ഷണത്തിനും ചികിത്സക്കും പ്രായസപ്പെടുകയാണ് ഇവരെന്ന് അൽഐനിലെ സാമൂഹിക പ്രവർത്തകർ പറയുന്നു. മലയാളിയായ അനിയൻ ചന്ദ്രയും ഭാര്യ ലതികയും നടത്തുന്ന ന്യൂ ഫയർ എൻജിനീയേഴ്സ് എൽ.എൽ.സി എന്ന കമ്പനിക്കെതിരെയാണ് പരാതി ഉന്നയിക്കുന്നത്.
തൊഴിലാളികളെ കഴിഞ്ഞ ജനുവരിയിൽ ഒരു മാസത്തെ വിസിറ്റ് വിസയിലാണ് കൊണ്ടുവന്നത്. വിസിറ്റ് വിസ കാലാവധി കഴിഞ്ഞ് ആഴ്ചകൾ കഴിഞ്ഞശേഷമാണ് കമ്പനി വിസ നൽകുന്നത്. പക്ഷേ, ആ വിസ പാസ്പോർട്ടിൽ പതിക്കുന്നതിന് പിന്നെയും മാസങ്ങൾ എടുത്തു. ഈ സമയത്തൊന്നും ശമ്പളം നൽകിയിരുന്നില്ലെന്നും ചെലവിനുള്ള തുച്ഛമായ തുക മാത്രമാണ് നൽകിയതെന്നും ഇവർ പറയുന്നു. ശമ്പളം നൽകാത്തതിനെതിരെ ഇവർ ലേബർ ഡിപ്പാർട്ട്മെന്റിൽ പരാതി നൽകിയതിനെ തുടർന്നാണ് താമസ രേഖകൾ ശരിയാക്കുന്നത്. എന്നിട്ടും പാസ്പോർട്ടോ എമിറേറ്റ്സ് ഐഡിയോ ഇവർക്ക് തിരിച്ചുനൽകിയിരുന്നില്ല. ലേബർ ക്യാമ്പിൽ കമ്പനി നൽകിയ താമസസ്ഥലത്താണ് ഇവർ താമസിക്കുന്നത്. താമസസ്ഥലത്തുനിന്ന് ഈ അടുത്ത് അവരെ ഇറക്കിവിടുകയും ചെയ്തു. സന്നദ്ധപ്രവർത്തകരായ നജ്മുദ്ദീനും നിസാമും ഇടപെട്ടതിനെ തുടർന്ന് പൊലീസ് നിർദേശപ്രകാരം വീണ്ടും അവിടെ താമസിക്കാൻ അനുവദിക്കുകയായിരുന്നു.
അതിനിടെ, ഇവർ ഒളിച്ചോടിയതായി കമ്പനിയുടമ പരാതി നൽകുകയും ചെയ്തു. കമ്പനി 2018ൽ ഏറ്റെടുത്ത ഒരു ജോലി കെടുകാര്യസ്ഥത മൂലം സമയത്തിന് പൂർത്തിയാകാത്തതിനാൽ 50,000 ദിർഹം പിഴ ചുമത്തിയതിന്റെ ഉത്തരവാദിത്തം തൊഴിലാളികളുടെ മേൽ കെട്ടിവെക്കാനാണ് ഉടമ ശ്രമിക്കുന്നതെന്നും ഇവർ പറയുന്നു. എന്നാൽ, ജോലിക്ക് ഹാജരാകാതെ ഒളിച്ചോടിയ തൊഴിലാളികൾക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കുക മാത്രമാണ് ചെയ്തതെന്ന് കമ്പനി ഉടമ പ്രതികരിച്ചു.
കടുത്ത ചൂഷണം സഹിച്ച് ഈ കമ്പനിയിൽ ജോലി തുടരാനാവില്ല എന്നാണ് തൊഴിലാളികൾ പറയുന്നത്. നിയമനടപടികളുമായി മുന്നോട്ടു പോകാൻ ഈ തൊഴിലാളികൾക്ക് ഭാഷ ഒരു പ്രശ്നവുമാണ്. കേരളത്തിൽനിന്ന് എട്ടു തൊഴിലാളികളെ കൊണ്ടുവന്ന് ശമ്പളം നൽകാതിരുന്നതിന് കമ്പനി ഉടമക്കെതിരെ 2014ൽ പരാതിയുയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.