ഷാർജ: ഷാർജ കിരീടാവകാശിയും ഉപഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെടുന്ന ഷാർജ എക്സലൻസ് അവാർഡ് 2024 വേദിയിൽ ‘ഗൾഫ് മാധ്യമ’ത്തിന് ആദരം. ഷർജ എക്സ്പോ സെന്‍റററിൽ നടന്ന ചടങ്ങിൽ ഷാർജ ഉപഭരണാധികാരി ശൈഖ് അബ്ദുല്ല ബിൻ സാലിം അൽ ഖാസിമിയിൽ നിന്ന് ‘ഗൾഫ് മാധ്യമ’ത്തിനുവേണ്ടി സെയിൽസ് ആൻഡ് ബിസിനസ് സൊലൂഷൻസ് സീനിയർ മാനേജർ എസ്.കെ അബ്ദുല്ല ഉപഹാരം ഏറ്റുവാങ്ങി. ഷാർജ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയാണ് ചടങ്ങ് ഒരുക്കിയത്. പരിപാടിയിൽ ആദരിക്കപ്പെട്ട ഏക അന്തരാഷ്ട്ര മാധ്യമ സ്ഥാപനമാണ് ‘ഗൾഫ് മാധ്യമം’.
ചടങ്ങിൽ വിവിധ വിഭാഗങ്ങളിലായി ഷാർജ എക്സലൻസ് അവാർഡ് നേടിയവരെയും ആദരിച്ചു. പ്രാദേശിക ബിസിനസുകൾ, ഗൾഫ് മേഖലയിലെ സംഘടനകൾ, സമ്പദ്‌വ്യവസ്ഥക്ക് വലിയ സംഭാവനകൾ നൽകിയ വ്യക്തികൾ എന്നിവർക്കാണ് അവാർഡ് ലഭിച്ചത്. ഈ വർഷം 17 ബിസിനസുകളും സംരംഭകരും മികച്ച നേട്ടം കൈവരിച്ചതിനുള്ള അവാർഡ് നേടി. ഷാർജ ഗൾഫ് എക്സലൻസ് അവാർഡ് വിഭാഗത്തിൽ സൗദി ഇലക്ട്രിസിറ്റി കമ്പനി, അജിലിറ്റി ഗ്ലോബൽ, ഖത്തർ ഇസ്ലാമിക് ബാങ്ക് തുടങ്ങിയ പ്രമുഖ കമ്പനികൾ വിജയികളായി.
ആദ്യ അന്താരാഷ്ട്ര ഇന്ത്യൻ ദിനപത്രമായ ‘ഗൾഫ് മാധ്യമം’ ഷാർജ ചേംബർ ഓഫ് കൊമേഴ്സിന്റെ വിവിധ സംരംഭങ്ങളിൽ മാധ്യമ പങ്കാളിയെന്ന നിലയിൽ പ്രവർത്തിച്ചുവരുന്നുണ്ട്. യു.എ.ഇ സുപ്രീംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ മുഖ്യരക്ഷാധികാരത്തിൽ സംഘടിപ്പിക്കുന്ന മിഡിലീസ്റ്റിലെ ഏറ്റവും വലിയ ഇന്ത്യൻ അന്താരാഷ്ട്ര മേളയായ ‘കമോൺ കേരള’യും ഷാർജ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുമായി സഹകരിച്ചാണ് സംഘടിപ്പിക്കുന്നത്. അവാർഡ്ദാന ചടങ്ങിൽ ഷാർജ ചേംബർ ചെയർമാൻ അബ്ദുല്ല സുൽത്താൻ അൽ ഉവൈസ് അടക്കം പ്രമുഖർ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.