ദുബൈ: മണി എക്സ്ചേഞ്ച് സ്ഥാപനത്തിന് പുറത്ത് ജ്വല്ലറി ജീവനക്കാരനെ ആക്രമിച്ച് 14.8 ലക്ഷം ദിർഹം കൊള്ളയടിച്ചു. ആറുപേർ ചേർന്നാണ് കൊള്ള നടത്തിയത്. സംഭവത്തിൽ നാലുപേർ പിടിയിലായതായും മറ്റുള്ളവർക്കായി അതിവേഗ തിരച്ചിൽ നടക്കുന്നതായും ദുബൈ പൊലീസ് വൃത്തങ്ങൾ അറിയിച്ചു. ജ്വല്ലറി അക്കൗണ്ടന്റാണ് കവർച്ചക്ക് ഇരയായത്. മണി എക്സ്ചേഞ്ച് സ്ഥാപനത്തിൽ നിന്ന് പുറത്തിറങ്ങിയ ശേഷം കൊള്ള സംഘം പിന്തുടർന്ന് ബാഗ് തട്ടിപ്പറിക്കുകയായിരുന്നെന്ന് ഇയാൾ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. കേസ് രജിസ്റ്റർ ചെയ്തതോടെ ദുബൈ പൊലീസിലെ സി.ഐ.ഡി വിഭാഗം പ്രത്യേക അന്വേഷണം ആരംഭിക്കുകയായിരുന്നു. അതിവേഗം നടന്ന അന്വേഷണത്തിലും തിരച്ചിലിലുമാണ് സംഘാംഗങ്ങളായ നാലുപേരെ പിടികൂടിയത്. ഇവർ ഏഷ്യൻ വംശജരാണ്. ദിവസങ്ങളോളം നിരീക്ഷിച്ച ശേഷമാണ് കവർച്ച നടത്തിയതെന്ന് കുറ്റം സമ്മതിച്ച പ്രതികൾ പൊലീസിന് മൊഴി നൽകി. ദുബൈ ക്രിമിനൽ കോടതിയിൽ ഹാജരാക്കിയ പ്രതികൾക്ക് മൂന്നു വർഷത്തെ ജയിൽശിക്ഷ വിധിച്ചു. പിടിയിലാകാത്ത രണ്ടുപേർക്കെതിരെയും കോടതി വിധി പുറപ്പെടുവിച്ചിട്ടുണ്ട്. ആറുപേർക്കും മോഷ്ടിച്ച പണത്തിന്റെ മൂല്യം ഒരുമിച്ച് പിഴ ചുമത്തിയിട്ടുണ്ട്. ശിക്ഷാ കാലാവധിക്കുശേഷം ഇവരെ രാജ്യത്തുനിന്ന് നാടുകടത്താനും ഉത്തരവിലുണ്ട്. ദുബൈ അപ്പീൽ കോടതി വിധി ശരിവെക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.