ദുബൈ: സന്ദർശക വിസയിലെത്തുന്നവർക്ക് നികുതിയിളവ് (വാറ്റ്) ലഭിക്കാൻ ഇനിമുതൽ പേപ്പർ ബില്ലിന്റെ ആവശ്യമില്ല. സ്ഥാപനങ്ങൾ നൽകുന്ന ഇലക്ട്രോണിക് ബില്ലുകൾ സമർപ്പിച്ചാൽ സന്ദർശക വിസക്കാർക്ക് വിമാനത്താവളത്തിൽനിന്ന് നികുതി തുക തിരികെ ലഭിക്കും. ലോകത്ത് ആദ്യമായാണ് പേപ്പർരഹിത ബിൽ വഴി നികുതി തിരികെ ലഭിക്കുന്ന സംവിധാനം നടപ്പാക്കുന്നത്.
സന്ദർശകർക്ക് എല്ലാ ബില്ലുകളും സൂക്ഷിച്ചു വെക്കേണ്ടതില്ല എന്നതാണ് ഇതിന്റെ പ്രധാന ഗുണം. ബിൽ നഷ്ടപ്പെട്ടാലും മൊബൈലിൽ ലഭിക്കുന്ന ഇ-ബിൽ ഉണ്ടെങ്കിൽ നികുതി തുക ലഭിക്കും. യു.എ.ഇയുടെ പേപ്പർരഹിത നയത്തിന്റെ ഭാഗമായി കൂടിയാണ് നടപടി. കഴിഞ്ഞ വർഷം നവംബർ മുതൽ ഇത് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയിരുന്നു. ഇത് വിജയകരമായതോടെയാണ് പൂർണമായും പേപ്പർരഹിതമാക്കാൻ തീരുമാനിച്ചത്.
ഈ വർഷം നികുതി ഫണ്ട് തിരികെ ലഭിക്കാൻ അപേക്ഷിച്ചവരുടെ എണ്ണത്തിൽ 104.15 ശതമാനം വർധനവുണ്ടായി. ഈ വർഷം ആദ്യ എട്ട് മാസത്തെ കണക്കനുസരിച്ച് 2.31 ദശലക്ഷം ഇടപാടുകളാണ് ഇത്തരത്തിൽ നടന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇരട്ടിയാണിത്. 35 ലക്ഷം പരമ്പരാഗത ഇൻവോയ്സ് പേപ്പറുകളാണ് ഡിജിറ്റലിന് മുന്നിൽ വഴിമാറുന്നത്. പേപ്പർ ലാഭം മാത്രമല്ല, ഒരു ഉപഭോക്താവിന് അഞ്ച് മിനിറ്റ് എന്ന കണക്കിൽ സമയലാഭവും ഉണ്ടാകുന്നുണ്ട്. 100 ശതമാനം പേപ്പർ രഹിതമാകുമ്പോൾ ഒരുവർഷം 16,800 മരങ്ങൾ സംരക്ഷിക്കപ്പെടുമെന്നാണ് കണക്കുകൾ.
യു.എ.ഇയിലെ ഭൂരിപക്ഷം ഉൽപന്നങ്ങൾക്കും നികുതിയായി അഞ്ചുശതമാനം വാറ്റ് അടക്കണം. സന്ദർശക വിസയിലെത്തുന്നവരും സാധനങ്ങൾ വാങ്ങുമ്പോൾ വാറ്റ് അടക്കേണ്ടിവരും. എന്നാൽ, തിരികെ നാട്ടിലേക്ക് പോകുമ്പോൾ വിമാനത്താവളത്തിൽനിന്ന് ഈ വാറ്റ് തുക തിരികെ ലഭിക്കും.
250 ദിർഹമിന് മുകളിലുള്ള ബില്ലുകൾക്കാണ് തുക തിരികെ ലഭിക്കുന്നത്. ഇതിനായി, സാധനങ്ങൾ വാങ്ങുമ്പോൾതന്നെ വാറ്റ് ബിൽ ഉണ്ടെന്ന് ഉറപ്പുവരുത്തണം. നമ്മുടെ പാസ്പോർട്ട് വിവരങ്ങളും അവിടെ നൽകണം. നേരത്തെ, സീൽ ചെയ്ത ബിൽ കൈയിൽ വാങ്ങണമായിരുന്നു. പുതിയ നയം അനുസരിച്ച് ഇ-ബിൽ മതി. വിമാനത്താവളത്തിൽ വാറ്റ് തിരികെ ലഭിക്കുന്നതിന് കൗണ്ടറുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇവിടെയെത്തി പാസ്പോർട്ട് കൊടുക്കുന്നതോടെ നമ്മൾ വാങ്ങിയ സാധനങ്ങളുടെ ബില്ലുകളും വിവരങ്ങളും അവർക്ക് ലഭിക്കും. സ്വർണം, മൊബൈൽ പോലുള്ള വിലകൂടിയ ഉപകരണങ്ങളാണെങ്കിൽ വിമാനത്താവള അധികൃതർക്ക് ഇത് കാണിച്ചുകൊടുക്കേണ്ടിവരും. 90 ദിവസത്തെ സന്ദർശക വിസയിൽ എത്തുന്നവർ ഈ കാലാവധി തീരുന്നതിനുമുമ്പ് നികുതി ഇളവിനായി സമർപ്പിക്കണം.
വാറ്റ് തുക തിരികെ ലഭിക്കാൻ സ്വയം നിയന്ത്രിക്കാവുന്ന കിയോസ്കുകളും വിമാനത്താവളത്തിൽ സ്ഥാപിച്ചിട്ടുണ്ട്. പണമായോ അക്കൗണ്ടിലേക്കോ തുക തിരികെ നൽകും. 35,000 ദിർഹം വരെയുള്ള തുക പണമായി തിരികെ ലഭിക്കും. ഇതിൽ കൂടിയാൽ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യും. യു.എ.ഇയിലെ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലുമായി 13 ഇടങ്ങളിൽ 100ലേറെ കിയോസ്കുകൾ സ്ഥാപിച്ചിട്ടുണ്ട്.
മൊബൈൽ, സ്വർണം, ഇലക്ട്രോണിക്സ് വസ്തുക്കൾ ഉൾപ്പെടെ വൻതുകയുടെ സാധനങ്ങളുമായി നാട്ടിലേക്ക് മടങ്ങുന്നവർക്ക് മോശമല്ലാത്ത തുക വിമാനത്താവളത്തിൽനിന്ന് തിരികെ ലഭിക്കുന്ന സംവിധാനമാണിത്. മാളുകളിൽനിന്നും ഹൈപ്പർ മാർക്കറ്റുകളിൽനിന്നും ഷോപ്പുകളിൽ നിന്നുമെല്ലാം വാങ്ങുന്ന സാധനങ്ങൾക്ക് നികുതി ഇളവ് ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.