ഗോൾഡൻ വിസ
ദുബൈ: വഖ്ഫ് ചെയ്യുന്നവർക്ക് ഗോൾഡൻ വിസ നൽകുന്നതിന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് ദുബൈ(ജി.ഡി.ആർ.എഫ്.എ)യും എൻഡോവ്മെന്റ്സ് ആൻഡ് മൈനേഴ്സ് അഫേഴ്സ് ഫൗണ്ടേഷനും(ഔഖാഫ് ദുബൈ) ധാരണപത്രം ഒപ്പുവെച്ചു.
ജീവകാരുണ്യ പ്രവർത്തനത്തിന് സാമ്പത്തിക സഹായം നൽകുന്നവർ എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയാണിത് വഖ്ഫ് ദാതാക്കൾക്ക് 10വർഷ വിസ അനുവദിക്കുന്നത്. കരാറനുസരിച്ച് ഔഖാഫ് ദുബൈയാണ് ഗോൾഡൻ വിസക്ക് നാമനിർദേശം ചെയ്യുക. താമസക്കാരെയും അല്ലാത്തവരെയും ഈ വിഭാഗത്തിൽ പരിഗണിക്കുകയും ചെയ്യും. അതേസമയം ‘ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നവർ’ എന്ന വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് ആവശ്യമായ മാനദണ്ഡങ്ങൾ ഇത്തരക്കാർക്ക് ഉണ്ടായിരിക്കണം.
പദ്ധതി നടപ്പിലാക്കുന്നതിന് മേൽനോട്ടം വഹിക്കാൻ രണ്ട് വകുപ്പുകളുടെയും അംഗങ്ങൾ ഉൾപ്പെട്ട സംയുക്ത കമ്മിറ്റി രൂപീകരിക്കും. സഹിഷ്ണുതക്കും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുമുള്ള ഒരു ആഗോള കേന്ദ്രമെന്ന നിലയിൽ ദുബൈയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധതയുടെ ഭാഗമായാണ് പങ്കാളിത്തമെന്ന് ജി.ഡി.ആർ.എഫ്.എ ദുബൈ ഡയറക്ടർ ജനറൽ ലെഫ്. ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി പ്രസ്താവനയിൽ പറഞ്ഞു. സാമൂഹിക വികസനത്തിന് സംഭാവന നൽകുന്നവരെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെയുള്ള നൂതന മാതൃകയെ കരാർ പ്രതിനിധീകരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സുസ്ഥിര വികസനത്തിൽ വഖ്ഫിനെ വളരെ പ്രധാനപ്പെട്ട പകാളിയായി അടയാളപ്പെടുത്തുന്ന ദുബൈയുടെ കാഴ്ചപ്പാടിനെയാണ് ഔഖാഫ് ദുബൈ സെക്രട്ടറി ജനറൽ അലി മുഹമ്മദ് അൽ മുത്വവ്വ പറഞ്ഞു.
2019ൽ ആദ്യമായി അവതരിപ്പിച്ച ഗോൾഡൻ വിസ വിസ ഉടമകൾക്ക് സ്പോൺസറോ തൊഴിലുടമയോ ഇല്ലാതെ യു.എ.ഇയിൽ താമസിക്കാനും ജോലി ചെയ്യാനും പഠിക്കാനും സാധിക്കും. നിക്ഷേപകർ, വിവിധ മേഖലകളിലെ വിദഗ്ദർ തുടങ്ങി അധ്യാപകർ, നഴ്സുമാർ, സാമൂഹികപ്രവർത്തകർ എന്നിങ്ങനെ വിവിധ മേഖലകളിലുള്ളവർക്ക് ഇതിനകം പത്തുവർഷ വിസ അനുവദിച്ചിട്ടുണ്ട്. ദീർഘകാലം യു.എ.ഇയിൽ താമസിക്കാൻ അവസരമൊരുക്കുന്ന വിസ ഏറെ സവിശേഷതകളുള്ളതാണ്. അടിയന്തിര സാഹചര്യങ്ങളിൽ യു.എ.ഇ ഗോൾഡൻ വിസക്കാർക്ക് കോൺസുലർ സേവനം നൽകുമെന്ന് കഴിഞ്ഞ ദിവസം വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.