ദുബൈ: ഗസ്സയിൽ അടിയന്തരമായി വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നന് ആവശ്യപ്പെട്ടുള്ള യു.എൻ പ്രമേയം വീറ്റോ ചെയ്ത യു.എസ് നടപടിയിൽ യു.എ.ഇ കടുത്ത നിരാശ രേഖപ്പെടുത്തി. അൽജീരിയയാണ് യു.എൻ രക്ഷാസമിതിയിൽ കഴിഞ്ഞ ദിവസം പ്രമേയം കൊണ്ടുവന്നത്. രക്ഷാസമിതിയിൽ 15ൽ 13 വോട്ടുകൾ നേടിയ പ്രമേയം യു.എസ് മാത്രമാണ് തള്ളിക്കളഞ്ഞത്.
ബ്രിട്ടൻ വോട്ടെടുപ്പിൽനിന്ന് വിട്ടുനിൽക്കുകയായിരുന്നു. യുദ്ധമുഖത്തെ എല്ലാ വിഭാഗവും പാലിക്കുന്ന രീതിയിൽ മാനുഷിക വെടിനിർത്തൽ അടിയന്തരമായി കൊണ്ടുവരണമെന്നായിരുന്നു പ്രമേയത്തിൽ ആവശ്യപ്പെട്ടിരുന്നത്. അതോടൊപ്പം ഫലസ്തീൻ ജനതയെ നിർബന്ധിതമായി പുറന്തള്ളാനുള്ള ശ്രമങ്ങളെ പ്രമേയം എതിർക്കുകയും ചെയ്തിരുന്നു.
യുദ്ധം നാലു മാസത്തിനുശേഷവും അവസാനമില്ലാതെ തുടരുകയാണെന്നും അടിയന്തരമായി അവസാനിപ്പിക്കണമെന്നും യു.എന്നിലെ യു.എ.ഇ മിഷൻ പ്രസ്താവനയിൽ പറഞ്ഞു. വെടിനിർത്തൽ നിർദേശം തള്ളിയത് ഖേദകരമാണെന്നും മാനുഷിക ദുരന്തത്തെ കൂടുതൽ ശക്തമാക്കുന്നതാണെന്നും യു.എ.ഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേശകൻ ഡോ. അൻവർ ഗർഗാഷും പ്രസ്താവിച്ചു. അതിനിടെ ഇസ്രായേലിന്റെ ഫലസ്തീൻ പ്രദേശത്തെ അധിനിവേശം നിയമവിരുദ്ധവും അവസാനിപ്പിക്കേണ്ടതുമാണെന്നും ദ്വിരാഷ്ട്ര പരിഹാരം സാക്ഷാത്കരിക്കണമെന്നും യു.എ.ഇ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ വ്യക്തമാക്കി.
ബുധനാഴ്ചയാണ് യു.എന്നിലെ യു.എ.ഇ അംബാസഡർ ലെന നുസൈബ ഉന്നത കോടതിയിൽ പ്രസ്താവന നടത്തിയത്. ഒക്ടോബർ ഏഴിലെ ആക്രമണം, ഗസ്സയിലെ ആൾനാശം, വെസ്റ്റ് ബാങ്കിലെ അടിച്ചമർത്തൽ എന്നിവയടക്കം കഴിഞ്ഞ ഏതാനും മാസങ്ങളായി അരങ്ങേറിയ ഭീകരത ദ്വിരാഷ്ട്ര പരിഹാരം യാഥാർഥ്യമാക്കേണ്ടതിന്റെ ആവശ്യകതയെ അടിവരയിടുന്നു. അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കാത്ത അധിനിവേശകർക്കു കീഴിൽ ഫലസ്തീൻ ജനത വളരെക്കാലമായി കഷ്ടപ്പെടുകയാണ് -അവർ പറഞ്ഞു. ഹേഗിലെ അന്താരാഷ്ട്ര കോടതിയിലെ 15 ജഡ്ജിമാരുടെ പാനലിനു മുന്നിലാണ് യു.എ.ഇ നിലപാടറിയിച്ചത്. കിഴക്കൻ ജറൂസലം ഉൾപ്പെടെയുള്ള ഫലസ്തീൻ പ്രദേശങ്ങളിൽ ഇസ്രായേൽ അധിനിവേശം നടത്തിയത് സംബന്ധിച്ച നിയമസാധുതയെക്കുറിച്ച വാദം മൂന്നാം ദിവസത്തിലേക്ക് കടക്കുന്നതിനിടെയാണ് അംബാസഡർ നുസൈബ സംസാരിച്ചത്. നിലവിൽ കോടതിയിൽ നടക്കുന്ന വാദം ഗസ്സയിലെ നിലവിലെ യുദ്ധവുമായി ബന്ധമില്ലാത്തതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.