ദുബൈ പൊലീസ് പിടികൂടിയ തട്ടിപ്പുസംഘം
ദുബൈ: വ്യാജ ലിങ്കുകൾ വഴി ബാങ്ക് വിവരങ്ങൾ കൈക്കലാക്കി പണം തട്ടുന്ന സംഘത്തെ പിടികൂടി ദുബൈ പൊലീസ്. വിശ്വസനീയ കമ്പനികളിൽ നിന്നാണെന്ന് തോന്നിപ്പിക്കുന്ന എസ്.എം.എസ് സന്ദേശങ്ങൾ, ഇ-മെയിലുകൾ, ഓൺലൈൻ ലിങ്കുകൾ എന്നിവ അയച്ചാണ് സൈബർ കുറ്റവാളികൾ പ്രവർത്തിച്ചതെന്ന് അധികൃതർ പറഞ്ഞു.
വിശ്വാസ്യത ലഭിക്കുന്നതിനായാണ് തട്ടിപ്പുകാർ ജനപ്രിയ സ്ഥാപനങ്ങളുടെ പേരുകൾ ചൂഷണം ചെയ്തതെന്നും ദുബൈ പൊലീസ് വെളിപ്പെടുത്തി. യഥാർഥമെന്ന് തോന്നുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ആളുകൾ അവരുടെ ബാങ്കിങ് വിവരങ്ങൾ നൽകിക്കഴിഞ്ഞാൽ, തട്ടിപ്പു സംഘം പണം പിൻവലിക്കാൻ ഈ വിവരങ്ങൾ ഉപയോഗിക്കുന്നതാണ് രീതി. ദുബൈ പൊലീസിലെ ആന്റി-ഫ്രോഡ് സെന്ററിലെ പ്രത്യേക സംഘം വിവിധ വകുപ്പുകളുമായി സഹകരിച്ച് പ്രവർത്തിച്ചാണ് സംഘത്തെ വലയിലാക്കിയത്.
സംഘാംഗങ്ങളെ അറസ്റ്റ് ചെയ്തതിനൊപ്പം കുറ്റകൃത്യത്തിന് ഉപയോഗിച്ച ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. സ്ഥിരീകരിക്കാത്ത ഉറവിടങ്ങളിൽനിന്ന് ലിങ്കുകൾ ലഭിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്ന് ദുബൈ പൊലീസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. സംശയാസ്പദമായ ലിങ്കുകൾ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ ദുബൈ പൊലീസ് ആപ്പിലെയും ഇ-ക്രൈം പ്ലാറ്റ്ഫോമിലെയും ‘പൊലീസ് ഐ’ വഴിയോ റിപ്പോർട്ട് ചെയ്യണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു. പൊതു സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായി ഇത്തരം സംഘങ്ങളെ നിരീക്ഷിക്കുകയും അവരുടെ പ്രവർത്തനങ്ങൾ തടയുകയും ചെയ്തുവരുകയാണെന്നും അധികൃതർ വ്യക്തമാക്കി.
മേയ് മാസത്തിൽ ബാങ്കിങ് തട്ടിപ്പിന് പിന്നിൽ പ്രവർത്തിച്ച 13 ഏഷ്യക്കാർ അടങ്ങുന്ന മൂന്ന് ക്രിമിനൽ സംഘങ്ങളെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബാങ്കിങ് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണമെന്നും ട്രാഫിക് പിഴകൾ അടക്കണമെന്നും മറ്റും ആവശ്യപ്പെട്ടാണ് ഈ സംഘവും പൗരന്മാരെയും താമസക്കാരെയും ബന്ധപ്പെട്ടിരുന്നത്. സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ ശക്തമായ നടപടികളാണ് അധികൃതർ രാജ്യത്ത് നടപ്പാക്കുന്നത്. അതേസമയം, പുതിയ രൂപത്തിലും രീതികളിലും തട്ടിപ്പുകാർ രംഗപ്രവേശനം ചെയ്യുന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിരന്തരം മുന്നറിയിപ്പ് നൽകുന്നുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.