ഷാർജ: അനുകമ്പ നിറഞ്ഞ വിധിപ്രസ്താവങ്ങളിലൂടെയും നർമം കലർന്ന കോടതി നപടികളിലൂടെയും സമൂഹ മാധ്യമങ്ങളിൽ പ്രശസ്തനായ യു.എസ് മുൻ ജഡ്ജി ഫ്രാങ്ക് കാപ്രിയോ ഷാർജയിലെത്തുന്നു. ഷാർജ ഗവൺമെന്റ് മീഡിയ ബ്യൂറോ (എസ്.ജി.എം.ബി) സംഘടിപ്പിക്കുന്ന ഇന്റർനാഷനൽ ഗവൺമെന്റ് കമ്യൂണിക്കേഷൻ ഫോറത്തിന്റെ (ഐ.ജി.സി.എഫ് 2023) 12ാമത് എഡിഷനിൽ മുഖ്യ പ്രഭാഷകനാണ് ഫ്രാങ്ക് കാപ്രിയോ. ഷാർജ ഗവൺമെന്റ് കമ്യൂണിക്കേഷൻ അവാർഡ് ദാന ചടങ്ങിൽ അദ്ദേഹത്തെ ആദരിക്കും.
‘ഇന്നത്തെ സ്രോതസ്സുകൾ നാളത്തെ സമ്പത്ത്’ എന്ന പ്രമേയത്തിനുകീഴിൽ ഈ മാസം 13, 14 തീയതികളിൽ ഷാർജയിലെ 06 മാളിലാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. വിവിധ രാജ്യങ്ങളിൽ നിന്നെത്തുന്ന ഉയർന്ന സർക്കാർ ഉദ്യോഗസ്ഥർ, സൈദ്ധാന്തികർ, വികസന രംഗത്തെയും ആശയവിനിമയ രംഗത്തെയും വിദഗ്ധർ, നിയമനിർമാണരംഗത്തെ നേതാക്കൾ എന്നിവർ രണ്ടുദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിലെ വിവിധ സെഷനുകളിൽ സംബന്ധിക്കും.
വിവിധ രാജ്യങ്ങളിൽനിന്നായി എത്തുന്ന 250 വിദഗ്ധർ നയിക്കുന്ന പാനൽ ചർച്ചകൾ, പ്രഭാഷണങ്ങൾ, വർക്ഷോപ്പുകൾ തുടങ്ങി 90ലധികം വ്യത്യസ്ത പ്രോഗ്രാമുകളാണ് പരിപാടിയിൽ ആസൂത്രണം ചെയ്തിരിക്കുന്നത്. യു.എസിലെ റോഡ് ഐലൻഡിൽ ഒരു സ്വകാര്യ സ്കൂളിൽ അധ്യാപകനായിരുന്നു ഫ്രാങ്ക് കാപ്രിയോ. ഇവിടെനിന്ന് നിയമ ബിരുദം നേടുന്നതിനായി ബോസ്റ്റണിലെ സഫോക് യൂനിവേഴ്സിറ്റിയിലേക്ക് നടത്തിയ യാത്രയാണ് ഇദ്ദേഹത്തിന്റെ ജീവിതത്തിൽ വഴിത്തിരിവായത്. തുടർന്ന് സിറ്റി ഓഫ് പ്രൊവിഡൻസിലെ മുനിസിപ്പൽ കോടതിയിൽ ജഡ്ജിയായി നിയമിതനായി. തുടർന്ന് അദ്ദേഹം നടത്തിയ വിധികളാണ് ലോകപ്രശസ്തമായി മാറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.