ഫോബ്​സ്​ പട്ടിക: മലയാളികളിൽ എം.എ. യൂസുഫലി ഒന്നാമത്​

ദുബൈ: ലോകത്തെ അതിസമ്പന്നരെ ഉൾപെടുത്തി ഫോബ്​സ്​ പുറത്തിറക്കിയ ഈ വർഷത്തെ പട്ടികയിൽ മലയാളികളിൽ ലുലു ഗ്രൂപ്പ്​ ചെയർമാൻ എം.എ. യൂസുഫലി ഒന്നാമത്​. ആഗോളതലത്തിൽ 490ാം സ്ഥാനമാണ്​ യൂസുഫലിക്ക്​. 540 കോടി ഡോളറിന്‍റെ ആസ്തിയുണ്ട്​.

ഇൻഫോസിസിന്‍റെ എസ്. ഗോപാലകൃഷ്ണനാണ്​ (410 കോടി ഡോളർ) മലയാളികളിൽ രണ്ടാമൻ. ബൈജൂസ്​ ആപ്പിന്‍റെ ബൈജു രവീന്ദ്രൻ (360 കോടി ഡോളർ), രവി പിള്ള (260 കോടി ഡോളർ), എസ്.ഡി. ഷിബുലാൽ (220 കോടി ഡോളർ), യു.എ.ഇ ആസ്ഥാനമായ ജെംസ് ഗ്രൂപ്പ് ചെയർമാൻ സണ്ണി വർക്കി (210 കോടി ഡോളർ), ജോയ് ആലുക്കാസ് (190 കോടി ഡോളർ), മുത്തൂറ്റ് കുടുംബം (ജോർജ്ജ് അലക്സാണ്ടർ മുത്തൂറ്റ്, ജോർജ്ജ് ജേക്കബ് മുത്തൂറ്റ്, ജോർജ്ജ് തോമസ് മുത്തൂറ്റ്, സാറ ജോർജ്ജ് മുത്തൂറ്റ്- 140 കോടി ഡോളർ) എന്നിവരാണ് പട്ടികയിൽ ഇടം പിടിച്ച മറ്റ് മലയാളികൾ.

ഇന്ത്യയിൽ നിന്ന്​ മുകേഷ് അംബാനിയും ഗൗതം അദാനിയും (9000 കോടി ഡോളർ വീതം) ലോകത്തിലെ അതിസമ്പന്നരിൽ 10, 11 സ്ഥാനങ്ങളിലെത്തി. ടെസ്​ല കമ്പനി മേധാവി എലോൺ മുസ്കാണ്​ പട്ടികയിൽ ഒന്നാമൻ. 21900 കോടി ഡോളറാണ്​ ആസ്തി. ആമസോണ്‍ സി.ഇ.ഒ ജെഫ് ബെസോസിനെ (17100 കോടി ഡോളർ) പിന്തള്ളിയാണ് മുസ്ക് ഒന്നാമതെത്തിയത്. ഫ്രഞ്ച് ഫാഷൻ രംഗത്തെ അതികായകർ ബെർനാഡ് അർനോൾട്ട് കുടുംബമാണ്​ (15800 കോടി ഡോളർ) മൂന്നാമത്​. മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ് (12900 കോടി ഡോളർ) നാലാമതും നിക്ഷേപ ഗുരു വാറൻ ബഫറ്റ് (11800 കോടി ഡോളർ) അഞ്ചാമതുമുണ്ട്​.

എച്ച്.സി.എൽ സ്ഥാപകൻ ശിവ് നാടാർ (2870 കോടി ഡോളർ), വാക്സിൻ നിർമ്മാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപകൻ സൈറസ് പൂനാവാല (2430 കോടി ഡോളർ), റീട്ടെയിൽ ഫാഷൻ രംഗത്തെ രാധാകിഷൻ ദമാനി (2000 കോടി ഡോളർ) എന്നിവരും ഇന്ത്യയുടെ പ്രതിനിധികളായി പട്ടികയിലുണ്ട്​.

Tags:    
News Summary - Forbes list: MA Yusufali among Malayalees first

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.