ശക്തമായ മഴയിൽ മലയിടിച്ചിലുണ്ടായ സ്ഥലങ്ങൾ റാസൽഖൈമ പൊലീസ് ഡെപ്യൂട്ടി കമാൻഡർ ഇൻ ചീഫ് ബ്രിഗേഡിയർ ജമാൽ അഹ്മദ് അൽ തായ്റിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദർശനം നടത്തുന്നു
റാസൽഖൈമ: രാജ്യത്ത് ഏറ്റവും കൂടുതൽ മഴക്കെടുതി അനുഭവപ്പെട്ട റാസൽഖൈമയിൽ പ്രകൃതി ദുരന്തങ്ങൾ നേരിടാൻ കൂടുതൽ പദ്ധതികൾ ആവിഷ്കരിച്ച് ഭരണകൂടം. ഇതിന്റെ ഭാഗമായി ഡാമുകൾ ഉൾപ്പെടെ പ്രധാന മേഖലകളിൽ റാസൽഖൈമ പൊലീസ് ഡെപ്യൂട്ടി കമാൻഡർ ഇൻ ചീഫ് ബ്രിഗേഡിയർ ജമാൽ അഹമ്മദ് അൽ തായ്ർ സന്ദർശനം നടത്തി. നാഷനൽ എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി ഡയറക്ടർ ജനറൽ അലി റാശിദ് അൽ നുഐമി, മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ, എമിറേറ്റിന്റെ എമർജൻസി ആൻഡ് ക്രൈസിസ് ടീം അംഗങ്ങൾ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
മഴവെള്ളം മൂലമുണ്ടായ ആഘാതങ്ങൾ വിലയിരുത്തുക, മഴക്ക് ശേഷം നടന്നുവരുന്ന പുരധിവാസ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുക, പ്രധാന സ്ഥലങ്ങളുടെയും അണക്കെട്ടുകളുടെയും സുരക്ഷയും പ്രവർത്തനക്ഷമതയും ഉറപ്പാക്കുക എന്നിവയാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം. സന്നദ്ധത വർധിപ്പിക്കുന്നതിനായി നിരവധി മേഖലകളിൽ അറ്റകുറ്റപ്പണികൾ നടത്താൻ ബ്രിഗേഡിയർ അൽതായർ നിർദേശം നൽകി. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ടതിന്റെയും ഭാവിയിൽ കൂടുതൽ നാശനഷ്ടങ്ങൾ കുറക്കുന്നതിന്റെയും അടിയന്തര ഘട്ടങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിന് പ്രായോഗികവും സുസ്ഥിരവുമായ പരിഹാരങ്ങൾ നടപ്പാക്കേണ്ടതിന്റെയും ആവശ്യകതയും അദ്ദേഹം എടുത്തു പറഞ്ഞു. ശൈത്യകാലത്ത് മഴയുമായി ബന്ധപ്പെട്ട നാശനഷ്ടങ്ങൾ പരിമിതപ്പെടുത്തുന്നതിനുള്ള പരിഹാരങ്ങൾ തിരിച്ചറിയുന്നതിനായി പ്രാദേശിക എമർജൻസി ടീം പ്രവർത്തിച്ചുവരുകയാണ്.
എമിറേറ്റിന്റെ അടിസ്ഥാന സൗകര്യ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി ബന്ധപ്പെട്ട അതോറിറ്റികളെ പിന്തുണക്കുന്നുണ്ടെന്നും ബ്രിഗേഡിയർ പറഞ്ഞു. ശക്തമായ മഴയുടെ ആഘാതം കുറക്കാനും അടിസ്ഥാന സൗകര്യങ്ങളുടെയും ഡാമുകളുടെയും കാര്യക്ഷമത ഉറപ്പുവരുത്താനുമുള്ള ഭാവി ആസൂത്രണങ്ങളിൽ ഫെഡറൽ, പ്രാദേശിക അതോറിറ്റികൾ തമ്മിലുള്ള സഹകരണം വളരെ പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദേശീയ കാലാവസ്ഥ കേന്ദ്രം പുറത്തുവിട്ട കണക്കുകൾ അനുസരിച്ച് രാജ്യത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ചത് റാസൽമൈഖയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.