ദുബൈ: സാമൂഹിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ദുബൈയിൽ പുതുതായി അഞ്ച് കമ്യൂണിറ്റി കൗൺസിലുകൾ നിർമിക്കും. സാമൂഹിക വർഷാചരണത്തിന്റെ ഭാഗമായി ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ദുബൈ എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ നിർദേശപ്രകാരമാണിത്. സാമൂഹിക വികസന അതോറിറ്റിയുമായി സഹകരിച്ചാണ് ദുബൈ മുനിസിപ്പാലിറ്റി പദ്ധതി നടപ്പാക്കുക.
നാദൽ ഷിബ രണ്ട്, അൽ അവീർ രണ്ട്, അൽ ബർഷ സൗത്ത് ഒന്ന്, അൽ വർഖ രണ്ട്, ഹത്ത എന്നിവിടങ്ങളിലാണ് പുതിയ കൗൺസിലുകൾ നിർമിക്കുക. 1,256 ചതുരശ്ര വിസ്തീർണത്തിലാണ് ഓരോ കൗൺസിലും നിർമിക്കുക. അത്യാധുനിക സൗകര്യങ്ങളോടെയുള്ള ഹാളുകൾ, മജ്ലിസുകൾ, സ്ത്രീകൾക്കും പുരുഷന്മാർക്കുമായി പ്രത്യേക പ്രാർഥന മുറികൾ, സ്വീകരണ മുറി, ഓഫിസുകൾ, ശുചിമുറികൾ തുടങ്ങിയ സൗകര്യങ്ങൾ കൗൺസിലുകളിലുണ്ടാകും.
ഇമാറാത്തി പൈതൃകവുമായി ബന്ധപ്പെട്ട രൂപകൽപനകളിൽ ഊന്നിയായിരിക്കും കൗൺസിലുകളുടെ നിർമാണം. ഹത്തയിലെ കൗൺസിൽ അടുത്ത വർഷം രണ്ടാം പാദത്തിലും മറ്റു നാലെണ്ണം ഈ വർഷം നാലാം പാദത്തോടെയും പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. കുടുംബ, സാമൂഹിക ബന്ധങ്ങൾ ശക്തിപ്പെടുത്താൻ കൗൺസിലുകൾ മികച്ച സംഭാവനകൾ നൽകുമെന്ന് അധികൃതർ അറിയിച്ചു. ദുബൈ സാമൂഹിക അജൻഡ 33ന്റെ ലക്ഷ്യങ്ങൾക്കനുസൃതമായി സാമൂഹിക ജീവിതം മെച്ചപ്പെടുത്താനുമാണ് നേതൃത്വത്തിന്റെ ശ്രമം.
സാമൂഹിക ഐക്യം ശക്തമാക്കുന്നതിൽ ഇത്തരം കൗൺസിലുകൾ സുപ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് സാമൂഹിക വികസന അതോറിറ്റി ഡയറക്ടർ ജനറൽ ഹസ്സ ബിൻത് ഇസ്സ ബുഹുമൈദ് പറഞ്ഞു. യു.എ.ഇയുടെ പൈതൃകം സംരക്ഷിക്കുകയും സാംസ്കാരിക സ്വത്വത്തെ പ്രതിഫലിപ്പിക്കുകയും ചെയ്യുന്ന പൊതുയിടങ്ങൾ അനിവാര്യമാണ്.
താമസക്കാരുടെ ആവശ്യങ്ങൾക്ക് അനുസൃതമായി സൗകര്യങ്ങൾ വികസിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും അവർ പറഞ്ഞു. ഇമാറാത്തി പാരമ്പര്യങ്ങൾ പിന്തുടരാൻ യുവതലമുറയെ പ്രോത്സാഹിപ്പിക്കുന്ന വേദികളാണ് കൗൺസിലുകളെന്ന് ദുബൈ മുനിസിപ്പാലിറ്റി ആക്ടിങ് ഡയറക്ടർ ജനറൽ മർവാൻ അഹമ്മദ് ബിൻ ഖലിത പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.