ദുബൈ: ദുബൈയിലെ മണിപ്പാൽ അക്കാദമി ഓഫ് ഹയർ എജുക്കേഷൻ കാമ്പസിൽ തീപിടിത്തമുണ്ടായതായി റിപ്പോർട്ട്. മെയിൻ കാമ്പസിൽ നിന്ന് മാറി സ്ഥിതിചെയ്യുന്ന ചെറിയ കെട്ടിടത്തിലാണ് ബുധനാഴ്ച തീപിടിത്തമുണ്ടായത്. കെട്ടിടത്തിൽനിന്ന് കറുത്ത പുക ഉയർന്നത് ആശങ്ക പടർത്തി. ഇതിന്റെ വിഡിയോ ചില സമൂഹ മാധ്യമ അക്കൗണ്ടുകളിൽ പ്രചരിക്കുകയും ചെയ്തു. സംഭവം റിപ്പോർട്ടു ചെയ്ത ഉടനെ ദുബൈ സിവിൽ ഡിഫൻസ് സ്ഥലത്തെത്തുകയും തീ അണക്കുകയും ചെയ്തു.
തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. അപകടത്തിൽ ആർക്കും പരിക്കേറ്റതായും വിവരമില്ല. പ്രധാന കാമ്പസിനു പുറത്തുള്ള കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായതെന്ന് യൂനിവേഴ്സിറ്റി വൃത്തങ്ങൾ അറിയിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.2000ത്തിലാണ് മണിപ്പാൽ അക്കാദമി ഇന്ത്യയുടെ ബ്രാഞ്ചായ മണിപ്പാൽ അക്കാദമി ഓഫ് ഹയർ എജുക്കേഷൻ ദുബൈയിൽ കാമ്പസ് സ്ഥാപിക്കുന്നത്. യു.എ.ഇയിൽ ഏറ്റവും കൂടുതൽ വിദ്യാർഥികളുള്ള യൂനിവേഴ്സിറ്റികളിൽ ഒന്നാണ് മണിപ്പാൽ അക്കാദമി. 23 വിഷയങ്ങളിലായി കാൽ ലക്ഷം വിദ്യാർഥികളാണ് ഇവിടെ പഠിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.