ഡോക്ടർമാരുടെ നൃത്തപരിപാടിയുമായി ബന്ധപ്പെട്ട് ദുബൈയിൽ നടന്ന വാർത്തസമ്മേളനം
ദുബൈ: ലോക റെക്കോഡുകൾക്കായി യു.എ.ഇയിലെ 50 മലയാളി വനിത ഡോക്ടർമാർ ഒന്നിച്ച് ഇന്തോ-അറബ് ഫ്യൂഷൻ നൃത്തം ഒരുക്കുന്നു. നസീജ് എന്നു പേരിട്ട നൃത്ത പരിപാടി 13ന് വൈകീട്ട് ഏഴിന് ദുബൈ ഗ്ലോബൽ വില്ലേജിലെ പ്രധാന സ്റ്റേജിൽ നടക്കുമെന്ന് സംഘാടകരായ മെഡികോൺ ഇവന്റ്സ് അധികൃതർ പറഞ്ഞു. യു.എ.ഇയുടെ വിവിധ എമിറേറ്റുകളിൽ ജോലി ചെയ്യുന്ന മലയാളി വനിത ഡോക്ടർമാരാണ് നൃത്തവേദിയിൽ എത്തുന്നത്. രാജസ്ഥാനി നാടോടി നൃത്തയിനമായ ഗൂമറും അറബിക് ഇനമായ ഖലീജിയും 10 മിനിറ്റിൽ അവതരിപ്പിക്കും. ഒരേ സമയം ഏറ്റവും കൂടുതൽ വനിത ഡോക്ടർമാർ അവതരിപ്പിച്ച പരമ്പരാഗത നൃത്തയിനം എന്ന വിഭാഗത്തിലാണ് റെക്കോഡിടാൻ ഒരുങ്ങുന്നത്.
ദേശീയദിനത്തിന്റെ അമ്പതാം വാർഷികമാഘോഷിക്കുന്ന യു.എ.ഇക്കും സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തിലൂടെ കടന്നുപോകുന്ന ഇന്ത്യക്കും ആദരവായാണ് പരിപാടി. 25 പേർ വീതം ആദ്യം അറബിക് നൃത്തവും തുടർന്ന് രാജസ്ഥാനി നാടോടിനൃത്തവും അവതരിപ്പിച്ചശേഷം എല്ലാവരുംകൂടി നൃത്തം ചെയ്യുമെന്ന് സംഘാടകസമിതി ചെയർമാൻ ഡോ. ജോർജ് ജോസഫ് പറഞ്ഞു. ഗ്ലോബൽ വില്ലേജ് ടിക്കറ്റിലൂടെ പ്രവേശിക്കുന്നവർക്ക് സൗജന്യമായി പരിപാടി ആസ്വദിക്കാം. കഴിഞ്ഞ രണ്ടു മാസമായി പ്രമുഖ നർത്തകി അനുപമയുടെ നേതൃത്വത്തിൽ നൃത്തപരിശീലനം നടത്തിവരുന്നു.
സംഘാടക സമിതി സെക്രട്ടറി ഡോ. സഫറുല്ല ഖാൻ, മെഡികോൺ ഡയറക്ടർ ഡോ. സിറാജുദ്ദീൻ, കൾചറൽ കൺവീനർ ഡോ. ഫിറോസ് ഗഫൂർ, ഇവന്റ് കോഓഡിനേറ്റർ ഡോ. നിത സലാം, റിസോഴ്സ് ചെയർമാൻ ഡോ. ജോർജ് ജേക്കബ്, മീഡിയ കൺവീനർ ഡോ. ജമാലുദ്ദീൻ അബൂബക്കർ എന്നിവരും വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.