ദുബൈ: എമിറേറ്റിലെ താമസക്കാരെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന വ്യാജ ഇൻഷൂറൻസ് കമ്പനികൾക്കെതിരെ ജാഗ്രത മുന്നറിയിപ്പുമായി ദുബൈ പൊലീസ്. ഓൺലൈൻ വഴി ഇൻഷൂറൻസ് പാക്കേജുകൾക്കായി പണമടക്കുന്നതിന് മുമ്പ് കമ്പനികളുടെ ലൈസൻസും ഔദ്യോഗിക രേഖകളും പരിശോധിച്ച് ഉറപ്പാക്കണം.
വിപണി നിരക്കിനേക്കാൾ വളരെ കുറഞ്ഞ നിരക്കിലുള്ള ഇൻഷൂറൻസ് പാക്കേജാണ് പലപ്പോഴും വ്യാജ ഇൻഷൂറൻസ് കമ്പനികൾ സമൂഹ മാധ്യമങ്ങളിലൂടെ വാഗ്ദാനം ചെയ്യുന്നത്. ആകർഷകമായ ഡീലുകളിലൂടെ ഉടനടിയുള്ള വാഹന, ആരോഗ്യ ഇൻഷൂറൻസും ഇവർ ഉറപ്പുനൽകുന്നു. സംശയം തോന്നാതിരിക്കാൻ പല വിധ രീതികളാണ് ഇത്തരം കമ്പനികൾ അവലംബിക്കാറ്. പലപ്പോഴും ആകർഷകമായ ഇത്തരം വ്യാജ ഓഫറുകളിൽ വീഴുന്ന ഉപഭോക്താക്കൾ ഇൻഷൂറൻസ് കമ്പനികളുടെ നിയമസാധുത പരിശോധിച്ച് ഉറപ്പുവരുത്താതെ പണമടക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.
എമിറേറ്റിൽ തെറ്റിദ്ധരിപ്പിക്കുന്ന ഓഫറുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി സമൂഹ മാധ്യമങ്ങളുടെ ഉപയോഗം വർധിക്കുന്നതിനെതിരെ അവബോധം സൃഷ്ടിക്കാനായി ‘തട്ടിപ്പ് ക്യാമ്പയ്നെ സൂക്ഷിക്കുക’ എന്ന പേരിൽ തുടരുന്ന ക്യാമ്പയ്നിന്റെ ഭാഗമായാണ് പൊലീസിന്‍റെ പുതിയ നിർദേശം. തട്ടിപ്പ് കമ്പനികളുടെ പ്രവർത്തനം സൂക്ഷ്മമായ നിരീക്ഷിക്കുന്നതിനും നിയമ നടപടി സ്വീകരിക്കുന്നതിനുമായി ദുബൈ പൊലീസ് പ്രത്യേക വിദഗ്ധ സംഘത്തെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. എങ്കിലും സൈബർ തട്ടിപ്പിനെതിരെ മുൻനിര പ്രതിരോധം എന്ന നിലയിലാണ് പൊതുജന അവബോധ ക്യാമ്പയ്ന് തുടക്കമിട്ടിരിക്കുന്നതെന്നും ദുബൈ പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.