പള്ളികളുടെ പാർക്കിങ് സ്ഥലങ്ങളിൽ ഇ.വി ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിനുള്ള കരാറിൽ ഐ.എ.സി.എ.ഡിയും യു.എ.ഇ.വിയും ഒപ്പുവെക്കുന്ന ചടങ്ങ്
ദുബൈ: പള്ളികളിൽ പ്രാർഥനക്കെത്തുന്ന വിശ്വാസികൾക്ക് ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാൻ സൗകര്യമൊരുങ്ങുന്നു. ദുബൈയിലുടനീളമുള്ള പള്ളികളുടെ പാർക്കിങ് സ്ഥലങ്ങളിൽ ഇ.വി ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ ഇസ്ലാമിക് അഫേഴ്സ് ആൻഡ് ചാരിറ്റബിൾ ആക്ടിവിറ്റീസ് ഡിപ്പാർട്ട്മെന്റ് (ഐ.എ.സി.എ.ഡി) ഇമാറാത്ത് ഇ.വി ചാർജിങ് സ്റ്റേഷൻസ് കമ്പനിയു (യു.എ.ഇ.വി) മായി കരാർ ഒപ്പുവെച്ചു. എട്ട് വർഷത്തേക്കാണ് കരാറെങ്കിലും അതിന് ശേഷം പുതുക്കാനുള്ള അവസരവുമുണ്ട്.
തെരഞ്ഞെടുത്ത പള്ളികളുടെ പരിസരങ്ങളിലായിരിക്കും തുടക്കത്തിൽ ഇ.വി ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുക.
ഇവയുടെ അറ്റകുറ്റപ്പണികൾ, മേൽനോട്ടം, സ്മാർട്ട് പേയ്മെന്റ് സംവിധാനങ്ങളുടെ പ്രവർത്തനം എന്നിവയുടെ ചുമതലയും യു.എ.ഇ.വിക്കായിരിക്കും. ദുബൈയുടെ പരിസ്ഥിതി സൗഹൃദ, സ്മാർട്ട് നഗരമെന്ന ലക്ഷ്യങ്ങളുടെ ഭാഗമായി പള്ളികളോട് ചേർന്ന് സുസ്ഥിരവും സ്മാർട്ടുമായ സേവനങ്ങളിലേക്കുള്ള മാറ്റത്തിന് പുതിയ സംരംഭം പിന്തുണയേകുമെന്ന് ഐ.എ.സി.എ.ഡി പ്രസ്താവനയിൽ വ്യക്തമാക്കി.
എമിറേറ്റിലെ വിവിധ കമ്യൂണിറ്റി മേഖലകളിലെ ഇ.വി ചാർജിങ് രംഗത്തേക്കുള്ള സാന്നിധ്യം വ്യാപിപ്പിക്കാനും കുറഞ്ഞ കാർബൺ പുറന്തള്ളുന്ന ഗതാഗതത്തിലേക്കുള്ള യു.എ.ഇയുടെ മാറ്റത്തെ പിന്തുണക്കാനും പങ്കാളിത്തം സഹായകമാവുമെന്ന് യു.എ.ഇ.ഇയും വ്യക്തമാക്കി.
ഏറ്റവും നൂതനമായ ചാർജിങ് സാങ്കേതികവിദ്യകളും ഊർജ നിയന്ത്രണ സംവിധാനങ്ങളുമായിരിക്കും ചാർജിങ് സ്റ്റേഷനുകളിൽ യു.എ.ഇ.ഇ ഉപയോഗിക്കുക. ഇലക്ട്രിക് വാഹനങ്ങളുടെ സ്വീകാര്യത വർധിപ്പിക്കാനും പുതിയ നീക്കം സഹായകമാവുമെന്ന് അധികൃതർ കൂട്ടിച്ചേർത്തു. അതേസമയം, ചാർജ് ചെയ്യുന്നതിനുള്ള നിരക്ക് സംബന്ധിച്ച വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.