പ്രവർത്തനസജ്ജമായ കടൽപാലത്തിന്റെ ദൃശ്യം
ദുബൈ: രാജ്യത്തിന്റെ അഭിമാനപദ്ധതിയായ ഇത്തിഹാദ് റെയിലിന്റെ ഭാഗമായ ആദ്യ കടൽപാലം പ്രവർത്തന സജ്ജമായി. അബൂദബിയിലെ ഖലീഫ തുറമുഖത്തെ ഇത്തിഹാദ് റെയിലിന്റെ പ്രധാന പാതയുമായി ബന്ധിപ്പിക്കുന്നതിനാണ് പാലം നിർമിച്ചത്. തുറമുഖത്തെത്തുന്ന ചരക്കുകൾ അതിവേഗം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കാൻ ഈ പാത സഹായിക്കും. റോഡിലൂടെ കടന്നുപോകുന്ന 300 ലോറികൾക്ക് തുല്യമായ അളവിൽ ചരക്കുകളുമായി ട്രെയിനിന് പാതയിലൂടെ കടന്നുപോകാനാകും.
ഇതോടെ ചരക്കുനീക്കം വേഗത്തിലാകുന്നതിനൊപ്പം റോഡുകളിലെ തിരക്കും നിയന്ത്രിക്കാനാവും. എന്നാൽ, ചരക്കുനീക്കം ആരംഭിക്കുന്ന തീയതി സംബന്ധിച്ച് അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.
4,000 ടണ്ണിലധികം സ്റ്റീൽ, ഏകദേശം 18,300 ക്യുബിക് മീറ്റർ കോൺക്രീറ്റ്, 100 പ്രത്യേക ബീമുകൾ എന്നിവ ഉപയോഗിച്ചാണ് പാലം നിർമിച്ചത്.
കൃത്യമായ പഠനങ്ങൾക്കും ആസൂത്രണത്തിനും ശേഷമാണ് പാലത്തിന്റെ നിർമാണം ആരംഭിച്ചത്. കടലിന്റെ സവിശേഷതകളും ഭാവിയിലെ പ്രയാസങ്ങളുമെല്ലാം വിലയിരുത്തിയാണ് നിർമാണത്തിന് ആവശ്യമായ സംവിധാനം രൂപപ്പെടുത്തിയത്. ഏകദേശം 320 പേർ 10 ലക്ഷത്തിലധികം മണിക്കൂർ സമയം പ്രയത്നിച്ചാണ് പാലത്തിന്റെ നിർമാണം പൂർത്തിയാക്കിയത്. കർശന സുരക്ഷ മുൻകരുതൽ നിർമാണത്തിൽ സൂക്ഷിച്ചിട്ടുണ്ട്.
മികച്ച അന്താരാഷ്ട്ര നിലവാരത്തിലാണ് പാലം നിർമിച്ചിരിക്കുന്നതെന്നും 120 വർഷത്തെ ആയുസ്സ് ഇതിന് പ്രവചിക്കപ്പെടുന്നുണ്ടെന്നും ഇത്തിഹാദ് റെയിൽ എൻജിനീയറിങ് ഡയറക്ടർ അഡ്രിയാൻ വോൾഹൂട്ടർ പറഞ്ഞു. 69 വാഗണുകളുള്ള 1.2 കി.മീ. വരെ നീളുന്ന ട്രെയിനുകൾ പാതയിലൂടെ സഞ്ചരിക്കുന്നത് കാണാനാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദോഹ മെട്രോ നിർമാണത്തിന് നേതൃത്വം വഹിച്ച ശേഷമാണ് ഇത്തിഹാദ് റെയിൽ പദ്ധതിയുടെ ഡയറക്ടർ സ്ഥാനം അഡ്രിയാൻ വോൾഹൂട്ടർ ഏറ്റെടുത്തത്.
50 ബില്യൺ ദിർഹം ചെലവ് വകയിരുത്തിയ ഇത്തിഹാദ് പദ്ധതി പൂർത്തിയാകുന്നതോടെ ദുബൈയിൽനിന്ന് അബൂദബിയിലേക്ക് 50 മിനിറ്റിലും അബൂദബിയിൽനിന്ന് ഫുജൈറയിലേക്ക് 100 മിനിറ്റിലും എത്തിച്ചേരാനാകും. 1200 കി.മീ. നീളത്തിൽ ഏഴ് എമിറേറ്റുകളിലെ 11 സുപ്രധാന നഗരങ്ങളെ ബന്ധിപ്പിച്ചാണ് റെയിൽ പദ്ധതി കടന്നുപോകുന്നത്. ട്രെയിൽ കുതിച്ചോടുക മണിക്കൂറിൽ 200 കി.മീ. വേഗതയിലാണ്. സൗദി അതിർത്തിയിലെ സില മുതൽ രാജ്യത്തിന്റെ കിഴക്കൻ തീരദേശമായ ഫുജൈറ വരെ നീണ്ടുനിൽക്കുന്നതാണ് റെയിൽ.
ഇത് ഒമാനിലെ സുഹാർ തുറമുഖവുമായി ബന്ധിപ്പിക്കുന്ന പദ്ധതിക്കും ഇരുരാജ്യങ്ങളും ധാരണയിലെത്തിയിട്ടുണ്ട്. പദ്ധതി യു.എ.ഇയുടെ സമ്പദ്വ്യവസ്ഥക്ക് 200 ബില്യൺ ദിർഹം സംഭാവന ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2030ഓടെ വർഷം 3.65 കോടി യാത്രക്കാർ ഇത്തിഹാദ് റെയിൽ വഴി സഞ്ചരിക്കുമെന്നാണ് കണക്കാക്കുന്നത്. റെയിലിെൻറ ആദ്യഘട്ടം 2016ൽ പൂർത്തിയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.