ദുബൈ തൊഴിൽകാര്യ സ്ഥിരംസമിതി സംഘടിപ്പിച്ച കലാപരിപാടിയിലെ സമ്മാന വിതരണം
ദുബൈ: തൊഴിൽകാര്യ സ്ഥിരംസമിതി തൊഴിലാളികൾക്കായി കലാപരിപാടി സംഘടിപ്പിച്ചു. അൽഖൂസിൽ നടന്ന പരിപാടിയിൽ വിവിധ ലേബർ ക്യാമ്പുകളിൽ നിന്നായി 14,000 പേർ പങ്കെടുത്തു. മലയാളികളടക്കം പങ്കെടുത്ത രണ്ടു ദിവസത്തെ പരിപാടിയിൽ വിവിധ ദേശക്കാരുടെ വൈവിധ്യ കലാപ്രകടനം അരങ്ങേറി. തൊഴിലാളികളോടുള്ള സാമൂഹിക ഉത്തരവാദിത്തങ്ങളുടെ ഭാഗമായാണ് ദുബൈ തൊഴിൽകാര്യ സ്ഥിരംസമിതി കലാപരിപാടി ഒരുക്കിയത്. സമിതി ജനറൽ കോഓഡിനേറ്റർ അബ്ദുല്ല ലഷ്കരിയുടെ നേതൃത്വത്തിലാണ് കലാ സദസ്സ് നടന്നത്.
തൊഴിലാളികൾക്കിടയിൽ കൂടുതൽ സന്തോഷം പകരുന്നതിനാണ് പരിപാടി സംഘടിപ്പിച്ചതെന്ന് ദുബൈ തൊഴിൽകാര്യ സ്ഥിരംസമിതി ചെയർമാനും ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ഉപമേധാവിയുമായ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ പറഞ്ഞു. യു.എ.ഇയുടെ പൊതുനിയമങ്ങൾ സംബന്ധിച്ചും തൊഴിലാളികളുടെ അവകാശങ്ങളെയും കടമകളെയും കുറിച്ച് ബോധവത്കരണം, ഇമാറാത്തി സംസ്കാരത്തെ പരിചയപ്പെടുത്തൽ എന്നിവ അടങ്ങിയ ബ്രോഷറുകൾ വിതരണം ചെയ്തു. ഭക്ഷണവും വിവിധ സമ്മാനങ്ങളും ഒരുക്കിയിരുന്നു. ദുബൈയിലെ വിവിധ സർക്കാർ സ്ഥാപനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരും തൊഴിൽകാര്യ സ്ഥിരംസമിതി ജീവനക്കാരും സമ്മാന വിതരണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.