ആൽ മക്തൂം വിമാനത്താവളത്തിൽ എമിറേറ്റ്സ് എയർലൈൻസ് നിർമിക്കുന്ന എൻജിനീയറിങ് കെട്ടിടത്തിന്‍റെ തറക്കല്ലിടൽ ചടങ്ങ്
ദുബൈ: വിമാനങ്ങളുടെ അറ്റകുറ്റപ്പണികൾക്കായി ദുബൈയിലെ ആൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിൽ എമിറേറ്റ്സ് എയർലൈൻസ് കൂറ്റൻ എൻജിനീയറിങ് കെട്ടിടം ഒരുക്കുന്നു. 510 കോടി ഡോളർ ചെലവിട്ട് നിർമിക്കുന്ന കെട്ടിടം വിമാനങ്ങളുടെ എല്ലാ തരം അറ്റകുറ്റപ്പണികളും നിർവഹിക്കാൻ കഴിയുന്ന ലോകത്തെ ഏറ്റവും നൂതനവും ആധുനികവുമായ സൗകര്യങ്ങളോട് കൂടിയതാണ്. ചൈന റെയിൽവേ കൺസ്ട്രക്ഷൻ കമ്പനിയുമായി കൈകോർത്താണ് പുതിയ എൻജിനീയറിങ് സമുച്ചയം നിർമിക്കുന്നതെന്ന് എമിറേറ്റ്സ് എൻജിനീയറിങ് അധികൃതർ അറിയിച്ചു. എമിറേറ്റ്സിന്‍റെ നിലവിലുള്ള സൗകര്യങ്ങളുടെ ഇരട്ടി വലിപ്പമുള്ളതായിരിക്കും പുതിയ സമുച്ചയമെന്ന് എമിറേറ്റ്സ് എയർലൈൻസ് ഡെപ്യൂട്ടി പ്രസിഡന്‍റും സി.ഇ.ഒയുമായ ആദിൽ അൽ റിദ്ഹ പറഞ്ഞു.
28 വൈഡ്-ബോഡി വിമാനങ്ങൾ ഒരേസമയം കൈകാര്യം ചെയ്യാനുള്ള സൗകര്യം പുതിയ കെട്ടിടത്തിലുണ്ടാവും. വിമാനം അറ്റകുറ്റപ്പണി നടത്താനും യാത്രാവിമാനം ചരക്ക് വിമാനമാക്കി മാറ്റാനും സംവിധാനമുണ്ടാകും. ഏകദേശം പതിനൊന്ന് ലക്ഷം ചതുരശ്ര മീറ്ററാണ് കെട്ടിടത്തിന്‍റെ ആകെ വിസ്തൃതി. 285 മീറ്റർ വ്യാപ്തിയിൽ ലോകത്തിലെ ഏറ്റവും വലിയ ഫ്രീ സ്പാൻ ഹാംഗർ, 77,000 ചതുരശ്ര മീറ്ററിൽ ലോകത്തിലെ ഏറ്റവും വലിയ ലാൻഡിങ് ഗിയർ വർക്ക്ഷോപ്പ്, 3,80,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള സംഭരണ, ലോജിസ്റ്റിക് ശേഷി എന്നിവയും കെട്ടിത്തിൽ സജ്ജമാക്കും. കെട്ടിടത്തിന്‍റെ മേൽക്കൂരയിൽ സൗരോർജ പാനൽ ഘടിപ്പിക്കുന്നതിലൂടെ സുസ്ഥിരമായ ഊർജ ലഭ്യതയും ഉറപ്പാക്കാനാവും. ഭരണ നിർവഹണത്തിനായി 50,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള കെട്ടിടവും 15,000 ചതുരശ്ര മീറ്ററിൽ പരിശീലന സൗകര്യവും പുതിയ പദ്ധതിയിൽ ഉൾപ്പെടും. 2030ന്‍റെ പകുതിയോടെ പദ്ധതി നിർമാണം പൂർത്തീകരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും എമിറേറ്റ്സ് പ്രസ്താവനയിൽ അറിയിച്ചു. പദ്ധതിക്കായി എമിറേറ്റ്സ് ചെയർപേഴ്സൺ ശൈഖ് അഹമ്മദ് ബിൻ സഈദ് ആൽ മക്തൂമും സി.ആർ.സി.സി ചെയർപേഴ്സൺ ഡായ് ഹെഗനും ദുബൈ സൗത്ത് ആസ്ഥാനത്ത് വെച്ച് പങ്കാളിത്ത കരാറിൽ ഒപ്പുവച്ചു. തുടർന്ന് കെട്ടിടത്തിന്‍റെ നിർമാണത്തിനായുള്ള തറക്കല്ലിടൽ കർമവും നടന്നു. ദുബൈ സാമ്പത്തിക അജണ്ട ഡി33യുമായി ചേർന്ന് നിൽക്കുന്നതാണ് പദ്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.