ബുര്‍ജ് ഖലീഫ/ദുബൈ മാള്‍ മെട്രോ സ്റ്റേഷന്‍ വികസനം: ബസ്, ടാക്സി സര്‍വിസ് റോഡുകള്‍ താൽകാലികമായി അടച്ചു

ദുബൈ: ബുര്‍ജ് ഖലീഫ/ദുബൈ മാള്‍ മെട്രോ സ്റ്റേഷനോട് ചേര്‍ന്നുള്ള ബസ്, ടാക്സി സര്‍വീസ് റോഡുകള്‍ താല്കാലികമായി അടച്ചതായി റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.എ) അറിയിച്ചു. സ്റ്റേഷന്റെ ശേഷി വർധിപ്പിക്കുന്നതിന്റെ ഭാഗമായുള്ള ഈ നിയന്ത്രണങ്ങള്‍ 2026 അവസാനം വരെ തുടരും. പൊതുഗതാഗത യാത്രക്കാരുടെ സുരക്ഷയും സുഗമമായ ഗതാഗതവും ഉറപ്പാക്കാന്‍ വിപുലമായ ട്രാഫിക് പ്ലാന്‍ നടപ്പിലാക്കിയിട്ടുണ്ട്.

ആര്‍.ടി.എയും ഈമാര്‍ പ്രോപ്പര്‍ട്ടീസും സംയുക്തമായി നടത്തുന്ന ഈ നവീകരണത്തിലൂടെ സ്റ്റേഷന്റെ വിസ്തൃതി 6,700 ചതുരശ്ര മീറ്ററില്‍ നിന്ന് 8,500 ചതുരശ്ര മീറ്ററായി ഉയരും. പുതുവത്സരാഘോഷങ്ങളിലെയും മറ്റ് അവധിദിനങ്ങളിലെയും വന്‍ ജനത്തിരക്ക് നിയന്ത്രിക്കുകയാണ് ലക്ഷ്യം. പദ്ധതി പൂര്‍ത്തിയാകുന്നതോടെ മണിക്കൂറിലെ യാത്രാശേഷി 7,250ല്‍നിന്ന് 12,320 ആയി ഉയരും. പ്രതിദിനം 2.2 ലക്ഷം പേര്‍ക്ക് സ്റ്റേഷന്‍ ഉപയോഗിക്കാനാകും. പ്രവേശന, പുറപ്പെടല്‍ കവാടങ്ങള്‍ വേര്‍തിരിക്കുന്നതിനൊപ്പം പുതിയ എസ്കലേറ്ററുകളും സ്മാര്‍ട്ട് ഗേറ്റുകളും ഇവിടെ സ്ഥാപിക്കും.

ശൈഖ് സായിദ് റോഡിനോട് ചേര്‍ന്നുള്ള നിലവിലെ ബസ്, ടാക്സി ലൈനുകളില്‍ കര്‍ശന നിയന്ത്രണമുണ്ടെങ്കിലും യാത്രക്കാര്‍ക്കായി ബദല്‍ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. മെട്രോ സ്റ്റേഷന് സമീപം താല്കാലിക 'ബസ് ലേ-ബൈ' സജ്ജീകരിച്ചിട്ടുള്ളതിനാല്‍ ഫീഡര്‍ ബസുകള്‍ തടസ്സമില്ലാതെ തുടരും. ടാക്സികള്‍ക്ക് ആളുകളെ കയറ്റാനും ഇറക്കാനുമായി പ്രത്യേക സോണുകളും ദിശാസൂചന ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്. അതേസമയം, മെട്രോ ട്രെയിന്‍ സര്‍വീസുകളെയോ ദുബൈ മാളിലേക്കുള്ള എയര്‍കണ്ടീഷന്‍ഡ് നടപ്പാലത്തെയോ ഈ നിയന്ത്രണങ്ങള്‍ ബാധിക്കില്ല.

താത്കാലിക നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ തിരക്കുള്ള സമയങ്ങളില്‍ ഗതാഗതക്കുരുക്കിന് സാധ്യതയുണ്ട്. അതിനാല്‍ ഡൗണ്‍ടൗണ്‍ ഭാഗത്തേക്ക് പോകുന്നവരും പൊതുഗതാഗതം ഉപയോഗിക്കുന്നവരും 10 മുതല്‍ 15 മിനിറ്റ് വരെ നേരത്തെ ഇറങ്ങണമെന്ന് ആര്‍.ടി.എ അഭ്യർഥിച്ചു. ഡ്രൈവര്‍മാര്‍ വേഗത പരിധിയും താല്കാലിക ദിശാബോര്‍ഡുകളും കര്‍ശനമായി പാലിക്കണമെന്നും അധികൃതര്‍ ഓർമിപ്പിച്ചു.

Tags:    
News Summary - Burj Khalifa/Dubai Mall Metro Station Development: Bus and Taxi Service Roads Temporarily Closed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.