യു.എ.ഇ ദേശീയ സ്റ്റെം ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ അൽ ഐൻ ഇന്ത്യൻ സ്കൂൾ ടീം പുരസ്കാരവുമായി
അൽ ഐൻ: ഇന്ത്യൻ പ്രവാസി സമൂഹത്തിന് അഭിമാന നിമിഷമായി, ഇന്ത്യൻ സ്കൂൾ അൽ ഐനിലെ "ടീം സോളാരിസ്" യാസ് മറീന സർക്യൂട്ടിൽ നടന്ന പ്രശസ്തമായ എഫ് വൺ ഇൻ സ്കൂൾസ് യു.എ.ഇ നാഷനൽ സ്റ്റെം റേസിങ് ചാമ്പ്യൻഷിപ്പിൽ തകർപ്പൻ വിജയം സ്വന്തമാക്കി. അരവിന്ദ് അനിൽ നായർ, ജെയ്ഷാൽ നിയാസ്, അബ്ദുൽ റഹ്മാൻ ഖാസി, തഷ്ഫീക്ക് സിഫാത്, ഫർഹാൻ ഉൽ ഹഖ് എന്നിവരടങ്ങിയ സംഘമാണ് സമ്പൂർണ ആധിപത്യം സ്ഥാപിച്ച്, നാഷനൽ ചാമ്പ്യൻസ് അവാർഡ് (ഓവറോൾ വിജയികൾ), ഒന്നാം സമ്മാനം (ഓവറോൾ), ‘ഫാസ്റ്റസ്റ്റ് കാർ’ അവാർഡ് എന്നീ മൂന്നു വിഭാഗങ്ങളിലും കിരീടം ചൂടിയത്.
എഫ് വൺ ഇൻ സ്കൂൾസ് ലോകത്തിലെ ഏറ്റവും പ്രമുഖമായ ബഹുവിഷയ സ്റ്റെം (സയൻസ്, ടെക്നോളജി, എൻജിനീയറിങ്, മാത്തമാറ്റിക്സ്) മത്സരമാണ്. ടീം സോളാരിസ് അത്യാധുനിക എയറോഡൈനാമിക്സ്, ഡിസൈൻ, നിർമാണ സാങ്കേതികവിദ്യ എന്നിവ ഉപയോഗിച്ച് ഒരു മിനിയേച്ചർ എഫ് വൺ കാർ രൂപകൽപന ചെയ്യുകയും നിർമിക്കുകയും പരീക്ഷിക്കുകയും മത്സരിപ്പിക്കുകയും ചെയ്ത് യു.എ.ഇയിലെ വിവിധ പ്രമുഖ സ്കൂളുകളെ പിന്തള്ളി മികച്ച വിജയം നേടുകയായിരുന്നു. ദേശീയ ചാമ്പ്യന്മാരെന്ന ബഹുമതി നേടിയ അൽ ഐൻ ഇന്ത്യൻ സ്കൂൾ ടീം, ഇന്ത്യൻ സമൂഹത്തിനും വിദ്യാലയത്തിനും അഭിമാനം സമ്മാനിച്ചതോടൊപ്പം, ലോക ഫൈനൽസിൽ യു.എ.ഇയെ പ്രതിനിധീകരിക്കാനുള്ള യോഗ്യതയും സ്വന്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.