ഔദ്യോഗികമായി പിരിച്ചുവിട്ടില്ല; ജീവനക്കാരിക്ക് 8.75 ലക്ഷം ദിര്‍ഹം നല്‍കാന്‍ അബൂദബി പരമോന്നത കോടതിയുടെ ഉത്തരവ്

അബൂദബി: ജീവനക്കാരിയെ ഔദ്യോഗികമായി ജോലിയില്‍നിന്ന് പിരിച്ചുവിടാതിരുന്ന കമ്പനി, അവര്‍ക്ക് ശമ്പള കുടിശ്ശികയും മറ്റ് ആനുകൂല്യങ്ങളുമടക്കം 875,761 ദിര്‍ഹം നല്‍കാന്‍ അബൂദബി പരമോന്നത കോടതി ഉത്തരവിട്ടു. ശമ്പളം നല്‍കുന്നത് കമ്പനി നിര്‍ത്തിവെച്ചിരുന്നെങ്കിലും ഔദ്യോഗികമായി സേവനം അവസാനിപ്പിച്ചതായി തെളിയിക്കുന്ന കത്തോ ഇമെയിലോ മറ്റ് രേഖകളോ ഹാജരാക്കാന്‍ മാനേജ്മെന്റിന് സാധിക്കാത്തതിനെ തുടര്‍ന്നാണ് കോടതിയുടെ നിര്‍ണായക വിധി.

പ്രതിമാസം 97866 ദിര്‍ഹം ശമ്പളമുണ്ടായിരുന്ന ഉദ്യോഗസ്ഥ, 2025 ഏപ്രില്‍ മുതല്‍ തനിക്ക് കമ്പനി ശമ്പളം നല്‍കിയിട്ടില്ലെന്ന് കാണിച്ച് 2025 നവംബറിലാണ് കോടതിയെ സമീപിച്ചത്. ശമ്പള കുടിശ്ശിക, ലീവ് സാലറി, നോട്ടീസ് പീരീഡ് നഷ്ടപരിഹാരം, സര്‍വീസ് ആനുകൂല്യങ്ങള്‍, ബോണസ് എന്നിവ ആവശ്യപ്പെട്ടായിരുന്നു ഹരജി. ജോലിയില്‍നിന്ന് ഔദ്യോഗികമായി ഒഴിവാക്കാത്തതിനാല്‍ മറ്റ് സ്ഥാപനങ്ങളില്‍ ജോലിക്ക് കയറാന്‍ കഴിഞ്ഞിരുന്നില്ലെന്നും ശമ്പളം മുടങ്ങിയ ശേഷവും താന്‍ ജോലിയില്‍ തുടര്‍ന്നിരുന്നതായും ഇവര്‍ കോടതിയെ ബോധിപ്പിച്ചു.

കേസ് ആദ്യം പരിഗണിച്ച കീഴ്‌ക്കോടതി നോട്ടീസ് പീരീഡ് ആനുകൂല്യമായ 18,350 ദിര്‍ഹവും മടക്ക ടിക്കറ്റും മാത്രം അനുവദിച്ച് മറ്റ് ആവശ്യങ്ങള്‍ തള്ളിയിരുന്നു. ഇതിനെതിരെ ജീവനക്കാരി അപ്പീല്‍ കോടതിയെയും തുടര്‍ന്ന് പരമോന്നത നീതിന്യായ കോടതിയെയും സമീപിക്കുകയായിരുന്നു. ഉയര്‍ന്ന കോടതി മുന്‍ വിധി റദ്ദാക്കുകയും കേസ് വിശദമായി പഠിക്കാന്‍ നിയമ വിദഗ്ധനെ നിയമിക്കുകയും ചെയ്തു.

ഫോണ്‍, ഇമെയില്‍, പത്രപ്പരസ്യം എന്നിവ വഴി കമ്പനിയുമായി ബന്ധപ്പെടാന്‍ ജീവനക്കാരി ശ്രമിച്ചെങ്കിലും മാനേജ്മെന്റിന്റെ ഭാഗത്തുനിന്ന് മറുപടിയുണ്ടായില്ലെന്ന് കോടതി നിയോഗിച്ച വിദഗ്ധന്‍ കണ്ടെത്തി. ഔദ്യോഗികമായി പിരിച്ചുവിടല്‍ നോട്ടീസ് നല്‍കാത്തതിനാല്‍ ഇവര്‍ കേസ് ഫയല്‍ ചെയ്ത 2025 നവംബര്‍ 25 വരെ ജോലിയില്‍ തുടര്‍ന്നതായി കണക്കാക്കണമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. 2025 മെയ് വരെയുള്ള ശമ്പളം മാത്രമാണ് ഇവര്‍ക്ക് ലഭിച്ചിരുന്നത്.

ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി വിധി ഭേദഗതി ചെയ്തത്. ഇത് അനുസരിച്ച് ശമ്പള കുടിശ്ശികയായി 760354 ദിര്‍ഹവും ഗ്രാറ്റുവിറ്റിയായി 57088 ദിര്‍ഹവും ഉപയോഗപ്പെടുത്താത്ത 29 ദിവസത്തെ വാര്‍ഷിക അവധിക്ക് പകരമായി 58317 ദിര്‍ഹവും ഉള്‍പ്പെടെ ആകെ 875761 ദിര്‍ഹം കമ്പനി ജീവനക്കാരിക്ക് നല്‍കണം. ഇതിന് പുറമെ നാട്ടിലേക്ക് മടങ്ങാനുള്ള വിമാന ടിക്കറ്റ്, അല്ലെങ്കില്‍ 2,500 ദിര്‍ഹം, ജീവനക്കാരിയുടെ കോടതിച്ചെലവുകള്‍ എന്നിവ നല്‍കാനും കമ്പനിയോട് കോടതി ഉത്തരവിട്ടു. എന്നാല്‍, വ്യവസ്ഥകള്‍ പാലിക്കാത്തതിനാല്‍ കരാറിലുണ്ടായിരുന്ന രണ്ട് ബോണസുകള്‍ക്കായുള്ള ജീവനക്കാരിയുടെ വാദം കോടതി തള്ളി.

Tags:    
News Summary - Abu Dhabi Supreme Court orders payment of Dh8.75 million to employee who was not officially dismissed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.