ഷാർജ: വ്യാജ ഐഡന്റിറ്റികൾ ഉപയോഗിച്ച് ആളുകളെ തട്ടിപ്പിനിരയാക്കിയിരുന്ന ഏഷ്യൻ സ്വദേശികളായ ഏഴംഗ സംഘത്തെ ഷാർജ പൊലീസ് അറസ്റ്റ് ചെയ്തു. ഉദ്യോഗസ്ഥരെന്ന വ്യാജേന ആളുകളെ സമീപിച്ച് ചില പ്രത്യേക ആപ്പുകൾ ഡൗൺലോഡ് ചെയ്യിച്ചായിരുന്നു ഇവരുടെ തട്ടിപ്പ്. ഇത് വഴി ഇരകളുടെ ഫോണുകളിലേക്ക് ഇവർ പ്രവേശനം നേടി. തുടർന്ന്, ലഭിച്ച വ്യക്തിഗത വിവരങ്ങൾ ഉപയോഗിച്ച് ഇവർ ബാങ്ക് അക്കൗണ്ടുകൾ ആരംഭിക്കുകയും തട്ടിപ്പിലൂടെ നേടിയ പണം ഈ അക്കൗണ്ടുകളിലേക്ക് മാറ്റുകയും ചെയ്തു.
തട്ടിപ്പിനിരയായതായി ഒരു അറബ് പൗരൻ പരാതി നൽകിയതിനെത്തുടർന്നാണ് അന്വേഷണം ആരംഭിച്ചതെന്ന് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ആൻഡ് റിസർച്ച് ഡയറക്ടറേറ്റ് ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ ബൽഹായ് സ്ഥിരീകരിച്ചു. അന്വേഷണസംഘം നടപടികൾ ആരംഭിക്കുകയും തട്ടിപ്പ് പണം കൈപ്പറ്റിയ ആളെ കണ്ടെത്തുകയും ചെയ്തു. ഇയാളെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോൾ, കമീഷനോ യാത്രാ ടിക്കറ്റോ നൽകാമെന്ന് വാഗ്ദാനം ചെയ്ത് നെറ്റ്‌വർക്കിലെ മറ്റ് അംഗങ്ങൾ തന്റെ പേരിൽ ബാങ്ക് അക്കൗണ്ട് തുറക്കാൻ പ്രേരിപ്പിച്ചതാണെന്ന് ഇയാൾ സമ്മതിച്ചു.
വളരെ ആസൂത്രിതമായാണ് സംഘം പ്രവർത്തിച്ചിരുന്നതെന്ന് പ്രതികളെ പിടികൂടിയതോടെ വ്യക്തമായതായി ബ്രിഗേഡിയർ കൂട്ടിച്ചേർത്തു. തൊഴിലാളികളെ ആകർഷിക്കുക, അവർക്ക് താമസം നൽകുക, അവരുടെ പേരിൽ ബാങ്ക് അക്കൗണ്ടുകൾ തുറക്കുക തുടങ്ങിയ വ്യാജ വാഗ്ദാനങ്ങൾ നൽകിയാണ് ഇവർ ആളുകളെ വലയിലാക്കിയിരുന്നത്. തുടർന്ന്, പണവും കമീഷനും നൽകി ഈ അക്കൗണ്ടുകൾ ദുരുപയോഗം ചെയ്ത് തട്ടിപ്പിലൂടെ ലഭിക്കുന്ന പണം കൈമാറാൻ ഉപയോഗിക്കുകയായിരുന്നു.
ഒളിച്ചുകടത്തിക്കൊണ്ടുവന്ന ബാങ്ക് കാർഡുകൾ, ചെക്ക് ബുക്കുകൾ, പാസ്‌പോർട്ടുകൾ എന്നിവയുൾപ്പെടെയുള്ളവയും ഫോണുകൾ, ടാബ്‌ലെറ്റുകൾ, സ്റ്റോറേജ് ഉപകരണങ്ങൾ, കമ്പ്യൂട്ടറുകൾ അടക്കം നിരവധി ഇലക്ട്രോണിക് ഉപകരണങ്ങളും പൊലീസ് കണ്ടെടുത്തു. കൂടാതെ വിവിധ കമ്പനികളുടെ സീലുകൾ, ഔദ്യോഗിക രേഖകൾ, രസീതുകൾ, സാമ്പത്തിക ഇടപാട് പുസ്തകങ്ങൾ എന്നിവയും ഇവരിൽനിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഇത്തരം വ്യാജ സന്ദേശങ്ങളും ലിങ്കുകളും ലഭിക്കുമ്പോൾ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പൊലീസ് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.