ദുബൈ: ആറു ദിവസം നീളുന്ന എമിറേറ്റ്സ് എയർലൈന്റെ 15ാമത് സാഹിത്യോത്സവത്തിന് ദുബൈ മുഹമ്മദ് ബിൻ റാശിദ് ലൈബ്രറിയിൽ തുടക്കം. ഹോളിവുഡ് താരങ്ങളും ലോകോത്തര എഴുത്തുകാരും വിവിധ മേഖലയിലെ വിദഗ്ധരും അടക്കമുള്ള അതിഥികൾ മുന്നൂറോളം സെഷനുകളിലായി പങ്കെടുക്കും. ദുബൈ ക്രീക്കിന് ഇരുകരകളിലുമായി സ്ഥിതിചെയ്യുന്ന ഫെസ്റ്റിവൽ സിറ്റിയും മുഹമ്മദ് ബിൻ റാശിദ് ലൈബ്രറിയുമാണ് പരിപാടിക്ക് വേദിയാകുന്നത്. വേദികളെ ബന്ധിപ്പിക്കുന്നതിന് പ്രത്യേക അബ്ര സർവിസുണ്ടാകും. എമ്മി അവാർഡ് ജേതാവ് ബ്രിയൻ കോക്സ്, സെസേലിയ അഹേർൺ, മുഹ്സിൻ ഹാമിദ്, അലക്സാണ്ടർ മക്കൽ സമിത്ത് തുടങ്ങിയ പ്രമുഖർ അന്താരാഷ്ട്ര തലത്തിൽനിന്ന് പങ്കെടുക്കും. ബുക്കർ പുരസ്കാര ജേതാവ് ഗീതാഞ്ജലി ശ്രീ, മാധ്യമപ്രവർത്തക ബർഖ ദത്ത് തുടങ്ങിയവരും എം. മുകുന്ദനും ശശി തരൂരുമടക്കം പ്രമുഖർ മലയാളത്തിൽനിന്ന് സാഹിത്യോത്സവത്തിൽ എത്തിച്ചേരുന്നുണ്ട്.
ലോകത്തെ 50 രാജ്യങ്ങളെ പ്രതിനിധാനംചെയ്ത് 270 എഴുത്തുകാർ പങ്കെടുക്കുന്ന ഇത്തവണത്തെ ഫെസ്റ്റിവൽ കഴിഞ്ഞ 15 വർഷത്തെ പരിപാടികളിൽ ഏറ്റവും വലുതാണെന്ന് ഫെസ്റ്റിവൽ ഡയറക്ടർ അഹ്ലാം ബുലൂകി പറഞ്ഞു. ഉദ്ഘാടനത്തോടനുബന്ധിച്ച് വിളിച്ചുചേർത്ത വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാഹിത്യോത്സവം ഇമാറാത്തി എഴുത്തുകാർക്കും ബുദ്ധിജീവികൾക്കും പ്രതിഭകൾക്കും വലിയ അവസരമാണ് ഒരുക്കുന്നതെന്ന് ‘ദുബൈ കൾചർ’ സാഹിത്യ-കല വിഭാഗം സി.ഇ.ഒ ഡോ. സഈദ് ബുബാറക് ബിൻ ഖർബാഷ് പറഞ്ഞു. കഴിഞ്ഞ വർഷം ഉദ്ഘാടനം ചെയ്യപ്പെട്ട മുഹമ്മദ് ബിൻ റാശിദ് ലൈബ്രറിയിൽ ആദ്യമായാണ് എമിറേറ്റ്സ് സാഹിത്യോത്സവം സംഘടിപ്പിക്കുന്നത്. ലോകത്തെ ഏറ്റവും വ്യത്യസ്തതകളുള്ള അതിഥിപ്പട്ടികയാണ് സാഹിത്യോത്സവത്തിന് ഒരുക്കിയിട്ടുള്ളതെന്ന് സംഘാടകർ വ്യക്തമാക്കി. മികച്ച സാഹിത്യപ്രതിഭകളെ അണിനിരത്തി ഫെസ്റ്റിവൽ ഒരുക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും 1700 എഴുത്തുകാരെ ഇതിനകം ദുബൈയിലെത്തിക്കാൻ മുൻകാല പരിപാടികളിലൂടെ സാധിച്ചിട്ടുണ്ടെന്നും പരിപാടിയുടെ ഡയറക്ടർ അഹ്ലാം ബുലൂകി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.