അബൂദബി: ഇമാറാത്തി വനിതകളുടെ ശാക്തീകരണത്തിനായി പുതിയ ദേശീയ നയം പ്രഖ്യാപിച്ച് യു.എ.ഇ. രാഷ്ട്രമാതാവ് ശൈഖ ഫാത്തിമ ബിൻത് മുബാറക് ആണ് എട്ടു വർഷത്തേക്കുള്ള നയം പ്രഖ്യാപിച്ചത്. ‘നാളേക്കായി ഞങ്ങൾ സഹകരിക്കും എന്നതാണ് പ്രമേയം.
സമൂഹത്തിൽ സ്ത്രീകളുടെ പങ്ക് വർധിപ്പിക്കാനായി പരസ്പരാശ്രിതത്വം, ഒത്തൊരുമ, കുടുംബ സഹകരണം എന്നിവ നടപ്പിലാക്കുക, ഭാവിയിൽ സുപ്രധാന മേഖലകളിലും തൊഴിൽ വിപണികളിലും സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പുവരുത്തുക, സ്ത്രീകളുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കുകയും നേതൃശേഷി വർധിപ്പിക്കുകയും ചെയ്യുക എന്നിങ്ങനെ മൂന്ന് പ്രധാന മാർഗ നിർദേശങ്ങൾ മുന്നോട്ടുവെക്കുന്നതാണ് നയം.
സമൂഹത്തിൽ സ്ത്രീകളുടെ ജീവിതനിലവാരം ഉയർത്താനും അതിന് അവരെ പിന്തുണക്കാനുമായുള്ള സാഹചര്യങ്ങളും നിയമങ്ങളും വികസിപ്പിക്കുന്നതിന് പുതിയ നയം ഊന്നൽ നൽകുന്നു. ഇതിനായി സ്ഥാപനപരമായ പ്രവർത്തനങ്ങൾക്ക് ശക്തിപകരുകയും ദേശീയവും അന്തർദേശീയവുമായ സഹകരണം ശക്തിപ്പെടുത്തുകയും ചെയ്യും.
മന്ത്രിസഭയുടെ ജനറൽ സെക്രട്ടേറിയറ്റ്, ജനറൽ സെക്രട്ടേറിയറ്റ് ഓഫ് ദി കാബിനറ്റ്, ഏഴ് എമിറേറ്റിലെയും എക്സിക്യൂട്ടിവ് കൗൺസിലിന്റെ ജനറൽ സെക്രട്ടേറിയറ്റ് പ്രതിനിധികൾ എന്നിവരുടെ സഹകരണത്തോടെ ജനറൽ വിമൻസ് യൂനിയനാണ് നയം നടപ്പിലാക്കുന്നതിനുള്ള ചുമതല. രാജ്യത്തെ വിവിധ മന്ത്രാലയങ്ങൾ, ഫെഡറൽ, ലോക്കൽ, സ്വകാര്യ ഏജൻസികൾ, സ്ഥാപനങ്ങൾ, പ്രധാനപ്പെട്ട സാമൂഹിക സംഘടനകൾ എന്നിവരുടെ സഹകരണവും ഇതോടൊപ്പം തേടണം.
സ്ത്രീശാക്തീകരണത്തിനായി മൂന്നു വർഷത്തേക്കുള്ള പ്രവർത്തന പദ്ധതികൾ വികസിപ്പിക്കുകയും അതിന് അംഗീകാരം നൽകുകയുമാണ് പ്രധാന സ്ഥാപനങ്ങളുടെ ജോലി. ഈ പദ്ധതികളും പ്രോഗ്രാമുകളും ഓരോ എമിറേറ്റിലെയും മന്ത്രിസഭയും എക്സിക്യൂട്ടിവ് കൗൺസിലുകളും ചർച്ച ചെയ്ത് അംഗീകാരം നൽകുകയും വേണം.
പദ്ധതികളുടെ നടത്തിപ്പും പുരോഗതിയും വിലയിരുത്തുന്നതിനായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ യോഗം ഇടക്കിടെ ജനറൽ വിമൻസ് യൂനിയൻ വിളിച്ചുചേർക്കണം. കൂടാതെ പ്രഖ്യാപിത ലക്ഷ്യം കൈവരിക്കുമെന്ന് ഉറപ്പുവരുത്തുന്നതിന് ഭേദഗതികൾ ആവശ്യമെങ്കിൽ അതത് സമയങ്ങളിൽ വരുത്തുകയും വേണമെന്ന് പുതിയ നയം നിഷ്കർഷിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.