ദുബൈ: മോർ ഇഗ്നാത്തിയോസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് കത്തീഡ്രലിൽ പ്രധാന പെരുന്നാളിന് കൊടിയേറി. മോർ യൗസേബിയോസ് കുറിയാക്കോസ് മെത്രാപ്പോലീത്തയുടെ പ്രധാന കാർമികത്വത്തിൽ നടന്ന വിശുദ്ധ കുർബാനക്ക് ശേഷമാണ് 12ന് നടക്കുന്ന പരിശുദ്ധ എലിയാസ് ബാവായുടെ പെരുന്നാളിന് കൊടിയേറ്റിയത്.
ചൊവ്വാഴ്ച മുതൽ വെള്ളിയാഴ്ചവരെ വൈകീട്ട് ഏഴിന് വിവിധ ഇടവകകളിലെ വൈദികരുടെ നേതൃത്വത്തിൽ വിശുദ്ധ കുർബാന നടത്തും. ശനിയാഴ്ച ദുബൈയുടെ വിവിധ സ്ഥലങ്ങളിൽനിന്ന് ദേവാലയത്തിലേക്ക് കാൽനട യാത്ര ഉണ്ടായിരിക്കും. വൈകീട്ട് ഏഴിന് വൈദികർക്കും തീർഥാടകർക്കും സ്വീകരണം നൽകും. സന്ധ്യാ പ്രാർഥനയും പ്രദക്ഷിണവും നടക്കുമെന്ന് ഇടവക വികാരി ഫാ. സോജൻ പട്ടശ്ശേരിൽ അറിയിച്ചു.
ഞായറാഴ്ച രാവിലെ 8.30ന് മോർ യൂലിയോസ് എലിയാസ് മെത്രാപ്പോലീത്തയുടെ പ്രധാന കാർമികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബാനയും തുടർന്ന് പരിശുദ്ധ എലിയാസ് ബാവായുടെ തിരുശേഷിപ്പ് പേടകത്തിൽനിന്ന് പുറത്തെടുത്ത് വിശ്വാസികൾക്ക് വണങ്ങുന്നതിന് സൗകര്യവുമൊരുക്കും. പ്രദക്ഷിണത്തോടും നേർച്ചവിളമ്പോടും കൂടെ ഈ വർഷത്തെ പെരുന്നാൾ സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.