ബാക്ക് ടു സ്കൂൾ സംരംഭത്തിൽ പങ്കെടുത്ത കുട്ടികൾ കാർട്ടൂൺ കഥാപാത്രങ്ങളായ
സാലം സലാമക്കൊപ്പം
ദുബൈ: അറിവിന്റെ ലോകത്ത് പുതിയ അധ്യയന വർഷം ആരംഭിച്ച കുരുന്നുകൾക്ക് സ്നേഹത്തിന്റെയും കരുതലിന്റെയും മധുരം പകർന്ന് ദുബൈ. സമൂഹത്തിന്റെ നന്മയ്ക്ക് വേണ്ടി പ്രവർത്തിക്കാൻ ആഹ്വാനം ചെയ്യുന്ന ‘കമ്യൂണിറ്റി വർഷ’ത്തിന്റെ ഭാഗമായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) യൂണിയൻകൂപ്പുമായി സഹകരിച്ച് ആരംഭിച്ച ‘ബാക്ക് ടു സ്കൂൾ’ സംരംഭം മനുഷ്യത്വത്തിന്റെയും പരസ്പര സഹകരണത്തിന്റെയും വേദിയായി.
പദ്ധതിയുടെ ഭാഗമായി പ്രത്യേകം തയ്യാറാക്കിയ ഒരു കോർണറിൽ വളണ്ടിയർമാരായി എത്തിയ കൊച്ചു കുട്ടികളും അവരുടെ മാതാപിതാക്കളും ചേർന്ന് പഠനോപകരണങ്ങൾ നിറഞ്ഞ സ്കൂൾ ബാഗുകൾ പാക്ക് ചെയ്തു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ 200 വിദ്യാർഥികൾക്കാണ് ‘ബൈത്തുൽ ഖൈർ സൊസൈറ്റി’ വഴി ഈ സ്നേഹ ബാഗുകൾ കൈമാറിയത്. വെറുമൊരു സംഭാവന എന്നതിനപ്പുറം കുട്ടികളിൽ സാമൂഹിക പ്രതിബദ്ധതയും ഉത്തരവാദിത്തബോധവും വളർത്തുന്ന ഒരു ഹൃദ്യമായ അനുഭവയാത്ര കൂടിയായിരുന്നു അത്. ‘നമ്മുടെ കുട്ടികളെ ദാനത്തിന്റെയും പങ്കുവെക്കലിന്റെയും മഹത്വം ചെറുപ്പത്തിൽത്തന്നെ പഠിപ്പിക്കാൻ പദ്ധതി സഹായിക്കും. ഒരു കൈത്താങ്ങാവാൻ അവർ മുന്നോട്ട് വരുമ്പോൾ, സമൂഹത്തോട് ചേർന്നുനിൽക്കേണ്ടതിന്റെ ആവശ്യകത അവർ മനസ്സിലാക്കുന്നുവെന്ന് യൂണിയൻ കൂപ്പ് സി.ഇ.ഒ മുഹമ്മദ് അൽ ഹാഷിമി പറഞ്ഞു. ഈ മഹത്തായ പങ്കാളിത്തം ഞങ്ങൾക്ക് അഭിമാനമാണ്. കൂട്ടായ്മയാണ് ഒരു സമൂഹത്തിന്റെ യഥാർഥ ശക്തിയെന്ന് ജി.ഡി.ആർ.എഫ്.എയിൽ നിന്നുള്ള ലഫ്റ്റനന്റ് കേണൽ സലീം മുഹമ്മദ് ബിൻ അലി പറഞ്ഞു. മനുഷ്യത്വപരമായ പ്രവർത്തനങ്ങളും സന്നദ്ധ സേവനവുമാണ് ഒരു സമൂഹത്തെ ഒന്നിപ്പിക്കുന്നത്. ഈ ഉദ്യമത്തിലൂടെ ദുബൈ സമൂഹത്തിന്റെ ഐക്യവും സഹാനുഭൂതിയും മാനുഷിക മൂല്യങ്ങളും നമ്മൾ ഊട്ടിയുറപ്പിക്കുകയാണ്. പരസ്പരം സഹായിച്ചും പങ്കുവെച്ചും മുന്നോട്ട് പോകുമ്പോൾ ഒരു സമൂഹം എത്രത്തോളം ഉന്നതിയിലെത്തുമെന്ന് ഈ സംരംഭം ഓർമിപ്പിക്കുന്നു. ഇത് കേവലം 200 വിദ്യാർഥികൾക്ക് ലഭിച്ച സ്കൂൾ ബാഗുകളേക്കാൾ എത്രയോ വലുതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.