ദുബൈ: ഓർമകളുടെയും അനുഭവങ്ങളുടെയും ആകാശംതൊട്ടുനിന്ന ആ അടയാളം​ മായുന്നു​. അതിശയം വിതറിയ ആദ്യനാളുകളിൽ ഈ നാടിന്‍റെ അഭിമാന മുദ്രകളിലൊന്നായിരുന്നു അത്​. കാലത്തിന്‍റെ മാറ്റപ്പകർച്ചകളെ തലയെടുപ്പോലെ കണ്ടുനിന്നൊരു നാഴികക്കല്ല്​. അരനൂറ്റാണ്ടുപിന്നിട്ട പ്രൗഢിയോടെ ദുബൈയുടെ ചരിത്രത്തിൽ പകിട്ടും പത്രാസും ​​കൊണ്ട്​ മേൽവിലാസമാർജിച്ച ടൊയോട്ട ബിൽഡിങ്​ ഒടുവിൽ ചരിത്രത്തിലേക്ക്​ പിൻവാങ്ങുകയാണ്​. മലയാളികൾ ഉൾപ്പെടെ ഒരുപാട്​ പ്രവാസികളുടെ ഹൃദയചിത്രങ്ങളിൽ മായാതെ നിൽക്കുന്ന ആ കെട്ടിടം പൊളിച്ചുമാറ്റാൻ അധികൃതർ തീരുമാനിച്ചിരിക്കുന്നു.

തലമുറകളുടെ മനസ്സിൽ ദുബൈയുടെ പാർപ്പിട സ്വപ്നങ്ങളുടെ ആകാശ​ക്കോട്ട പണിത ടൊയോട്ട ബിൽഡിങ്​ സുരക്ഷാ കാരണങ്ങളാൽ പൊളിച്ചുമാറ്റുകയാണെന്നാണ്​ ഉടമകളായ നാസർ റാശിദ്​ ലൂത്താ ഗ്രൂപ് ​പറയുന്നത്​. ബുർജ്​ ഖലീഫ പോലെ അംബരചുംബികളായ കൂറ്റൻ കെട്ടിടങ്ങൾ കൂണുപോലെ മുളച്ചുപൊന്തുന്നതിന്​ പതിറ്റാണ്ടുകൾക്ക്​ മുമ്പ്​ 65 മീറ്റർ ഉയരത്തിൽ 15 നിലകളോടെ ഒറ്റയാന്‍റെ തലയെടുപ്പുമായി നിലയുറപ്പിച്ച ടൊയോട്ട ബിൽഡിങ് ദുബൈയുടെ കൊടിയടയാളമായിരുന്നു.

ശൈഖ്​ സായിദ്​ റോഡിൽ 1974ൽ നിർമാണം പൂർത്തിയായ കെട്ടിത്തിന്‍റെ ഔദ്യോഗികനാമം നാസർ റാശിദ്​ ലൂത്ത ബിൽഡിങ്​ എന്നായിരുന്നു. യു.എ.ഇ എന്ന രാജ്യം സ്ഥാപിതമായി മൂന്നു വർഷങ്ങൾക്കുശേഷമാണ്​ അന്നത്തെ വമ്പൻ ​കെട്ടിടങ്ങളിലൊന്നായ ടൊയോട്ട ബിൽഡിങ്​ ഉയർന്നത്​. എന്നാൽ, 1981ൽ ​ആ കെട്ടിടത്തിനു മുകളിലേറിയ ചുവന്ന അക്ഷരങ്ങളിലുള്ള ടൊയോട്ട പരസ്യ ബോർഡ് ആണ്​ ​ യഥാർഥ പേരിനെയൊക്കെ മറവിയിലേക്ക്​ തള്ളി കെട്ടിടത്തിന്​ ഗൃഹാതുരത്വമൂറുന്ന ടൊയോട്ട ബിൽഡിങ്​ എന്ന പേര്​ ചാർത്തിക്കൊടുത്തത്​. കാലാവധി കഴിഞ്ഞതോടെ 2018ൽ ടൊയോട്ടയുടെ പരസ്യ ബോർഡ്​ പടിയിറങ്ങിയത്​ ആ അക്ഷരങ്ങൾ എക്കാലത്തേക്കുമായി കെട്ടിടത്തിലും പിന്നെ ജനമനസ്സുകളിലും പതിപ്പിച്ചുകൊണ്ടായിരുന്നു.

കെട്ടിടം പൊളിച്ചുമാറ്റാനുള്ള തീയതി നിശ്ചയിച്ചിട്ടില്ല. എങ്കിലും 2027ൽ കെട്ടിടം പൊളിച്ചുനീക്കാനാണ്​ പദ്ധതിയെന്ന്​ കമ്പനി വൃത്തങ്ങൾ സൂചിപ്പിക്കുന്നു. നിലവിലെ താമസക്കാർക്ക്​ 2026 ഡിസംബർ വരെ താമസിക്കാമെന്നാണ്​ അധികൃതർ പറയുന്നത്​. എന്നാൽ, പകുതിയിലേറെ ആളുകൾ ഇതിനകം ഒഴിഞ്ഞുപോയിട്ടുണ്ട്​. അടുത്തവർഷം കെട്ടിടം പൊളിച്ച് നീക്കുന്നതിന്‍റെ മുന്നോടിയായി ഇതിലെ 70 ശതമാനം വാടകക്കാരെയും ഒഴിപ്പിച്ചുവെന്ന് യു.എ.ഇയിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മുറികളിൽ പാർട്ടിഷനുണ്ടാക്കി താമസിച്ചിരുന്നവരെയാണ് ആദ്യഘട്ടത്തിൽ ഒഴിപ്പിച്ചത്. ഒഴിഞ്ഞുപോയ പലരും സമൂഹ മാധ്യമങ്ങളിൽ വികാരനിർഭരമായ കുറിപ്പുകൾ പങ്കുവെച്ചിട്ടുണ്ട്​.

52 വർഷത്തിനിടയിൽ ഒട്ടേറെ മലയാളികൾക്ക്​ താമസമൊരുക്കിയിട്ടുണ്ട്​ ടൊയോട്ട ബിൽഡിങ്​. പ്രവാസ മലയാളത്തിന്‍റെ നിരവധി തലമുറകളാണ്​ ദുബൈയിലെ കണ്ണായ സ്ഥലത്തെ ഈ ഐകണിക്​ റസിഡൻഷ്യൽ ബിൽഡിങ്ങിൽ വസിച്ചത്​. ‘ദുബൈയിലെ ഏറ്റവും മികച്ചതുും പ്രധാനപ്പെട്ടതുമായ സ്ഥലത്താണ്​ ടൊയോട്ട ബിൽഡിങ്. ഡൗൺടൗൺ ദുബൈയിൽ ഇത്രയും കുറഞ്ഞ വാടകക്ക്​ താമസം ലഭിക്കുന്ന മറ്റൊരു സ്ഥലം കണ്ടെത്തുക ബുദ്ധിമുട്ടായിരിക്കും. ഭൂരിഭാഗം താമസക്കാരും ഇതിനകം തന്നെ താമസം മാറ്റിയിട്ടുണ്ട്. ഞാൻ ബ്ലോക്ക് എ-യിലും ബ്ലോക്ക് ബി-യിലും താമസിച്ചിട്ടുണ്ട്​. ഒരുപാട് ഓർമളാണ്​ ഈ കെട്ടിടം എനിക്ക്​ സമ്മാനിച്ചത്​. ദുബൈയിലെ എന്‍റെ ജീവിതത്തിന്റെ വലിയൊരു ഭാഗമായിരുന്നു ഇത്​. അത്രയേറെ ഹൃദയവേദനയോടെയാണ്​ ഇവിടെനിന്ന് ഇറങ്ങിപ്പോകുന്നത്​’ -കെട്ടിടത്തിൽ താമസിക്കുന്ന ഇന്ത്യക്കാരനായ ഹിമാൻഷു സോഷ്യൽ മീഡിയയിൽ കുറിച്ചു.

Tags:    
News Summary - Dubai’s iconic Toyota building to be demolished in 2027

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.