തൊഴിലാളികൾക്കായി കമ്യൂണിറ്റി മാർക്കറ്റുകൾ സജ്ജമാക്കി ദുബൈ മുനിസിപ്പാലിറ്റി

ദുബൈ: ദുബൈയിലെ പ്രധാന വ്യവസായ മേഖലകളിലെ തൊഴിലാളികൾക്കായി എല്ലാ സൗകര്യങ്ങളോടും കൂടിയ സംയോജിത കമ്യൂണിറ്റി മാർക്കറ്റുകൾ വിജയകരമായി പൂർത്തിയാക്കി ദുബൈ മുനിസിപ്പാലിറ്റി. മുഹൈസിന 2, അൽ ഖൂസ് ഇൻഡസ്ട്രിയൽ ഏരിയ 3, അൽ ഖൂസ് 4 എന്നീ സ്ഥലങ്ങളിൽ പുതിയ വിപണികൾ പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. ജബൽ അലി ഇൻഡസ്ട്രിയൽ ഏരിയ 1-ലെ നാലാമത് മാർക്കറ്റ് ഉടൻ പൊതുജനങ്ങൾക്കായി തുറക്കും. ആകെ 69,000-ത്തിലധികം ചതുരശ്ര മീറ്റർ വിസ്തൃതിയിൽ നിർമിച്ചിരിക്കുന്ന ഈ പദ്ധതികളിലൂടെ തൊഴിലാളികൾക്ക് താമസസ്ഥലത്തിന് സമീപം തന്നെ കുറഞ്ഞ ചെലവിൽ നിത്യോപയോഗ സാധനങ്ങളും മറ്റ് അവശ്യ സേവനങ്ങളും ലഭ്യമാക്കുകയാണ് ലക്ഷ്യം.

നിലവിൽ പ്രവർത്തനസജ്ജമായ മൂന്ന് മാർക്കറ്റുകളിലുമായി ആകെ 866 സ്റ്റാളുകളും കിയോസ്കുകളുമാണുള്ളത്. ഭക്ഷണശാലകൾ, ഫ്രൂട്ട്സ്-പച്ചക്കറി-മത്സ്യ-മാംസ വിപണികൾ, ഗ്രോസറികൾ, ബാർബർ ഷോപ്പുകൾ, തയ്യൽക്കടകൾ, കായിക വിനോദ കേന്ദ്രങ്ങൾ, ആരോഗ്യ ബോധവൽക്കരണ പരിപാടികൾക്കുള്ള പ്രത്യേക സ്ഥലങ്ങൾ എന്നിങ്ങനെ എട്ടോളം പ്രധാന സേവനങ്ങൾ ഇവിടെ ലഭ്യമാണ്. ഇതിനോടകം 6.4 ലക്ഷത്തിലധികം തൊഴിലാളികൾക്ക് പ്രയോജനം ചെയ്ത ഈ സംരംഭത്തിൽ 99 ശതമാനം ഉപഭോക്​താക്കളും സംതൃപ്തരാണ്​.

തൊഴിലാളികളുടെ ആരോഗ്യത്തിനും സുരക്ഷക്കും മുൻഗണന നൽകുന്നതിന്‍റെ ഭാഗമായി ആരോഗ്യ സുരക്ഷ, ഭക്ഷ്യ സുരക്ഷ, പ്രഥമ ശുശ്രൂഷ എന്നിവയെക്കുറിച്ച് 16 ബോധവൽക്കരണ വർക്ക്‌ഷോപ്പുകൾ സംഘടിപ്പിച്ചു. 16,500-ലധികം തൊഴിലാളികളാണ്​ ഇതിൽ പങ്കെടുത്തത്​. എട്ട് ലക്ഷത്തോളം പേർ പങ്കെടുത്ത 69ലധികം കമ്യൂണിറ്റി പരിപാടികളും ഇതിന്‍റെ ഭാഗമായി നടന്നു. മികച്ച സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചതിന് ബ്രിട്ടീഷ് സേഫ്റ്റി കൗൺസിൽ പുരസ്കാരം നേടിയ ഈ പദ്ധതി, തൊഴിലാളികളുടെ ജീവിതനിലവാരം ഉയർത്തുന്നതിൽ നിർണായക പങ്കാണ് വഹിക്കുന്നത്.

Tags:    
News Summary - Dubai Municipality sets up community markets for workers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.