ഫരീജ് ഫ്രിഡ്ജ്’ പദ്ധതിയിലുടെ തൊഴിലാളികൾക്ക് തണുത്ത വെള്ളവും ഐസ്ക്രീം ജ്യൂസും വിതരണം ചെയ്യുന്നു

ദുബൈയിൽ തൊഴിലാളികൾക്ക് ആശ്വാസമേകി ‘അൽ ഫരീജ് ഫ്രിഡ്ജ്’

ദുബൈ: കൊടുംചൂടിലും നഗരത്തിന്‍റെ വികസനത്തിനായി വിയർപ്പൊഴുക്കുന്ന തൊഴിലാളികൾക്ക് തണലൊരുക്കി ‘അൽ ഫരീജ് ഫ്രിഡ്ജ്’ പദ്ധതി. തൊഴിലാളികളുടെ ക്ഷേമം ലക്ഷ്യമിട്ട് നടപ്പാക്കുന്ന പദ്ധതിയുടെ മൂന്നാം പതിപ്പിലും ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്–ദുബൈ സജീവ പങ്കാളികളായി.

ചൂടുകാലത്ത് പുറംജോലികളിൽ ഏർപ്പെടുന്ന തൊഴിലാളികൾക്ക് തണുത്ത വെള്ളം, ജ്യൂസ്, ഐസ്ക്രീം എന്നിവ വിതരണം ചെയ്യുന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. വേനൽച്ചൂടിൽ നിർജലീകരണം, ഹീറ്റ് സ്ട്രെസ് തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളിൽ നിന്ന് തൊഴിലാളികൾക്ക് ആശ്വാസം നൽകുന്നതിനൊപ്പം, അവരുടെ അധ്വാനത്തോടുള്ള ആദരവും നന്ദിയും പ്രകടിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്സിന്‍റെ പിന്തുണയോടെ ദുബൈ ഫുർജാൻ ഫൗണ്ടേഷനാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്. യു.എ.ഇ വാട്ടർ എയ്ഡ് ഫൗണ്ടേഷൻ (സുഖിയ യു.എ.ഇ), യു.എ.ഇ ഫുഡ് ബാങ്ക് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

ശുചീകരണ തൊഴിലാളികൾ, നിർമാണ മേഖലയിലുള്ളവർ, ഡെലിവറി റൈഡർമാർ തുടങ്ങി പുറംജോലികളിൽ ഏർപ്പെടുന്ന പരമാവധി തൊഴിലാളികളിലേക്ക് പദ്ധതിയുടെ പ്രയോജനം എത്തിക്കുന്നു. തണുത്ത വെള്ളവും ജ്യൂസും ഐസ്ക്രീമുമായി ശീതീകരിച്ച വാഹനങ്ങൾ തൊഴിലാളികൾ ജോലി ചെയ്യുന്ന വിവിധ കേന്ദ്രങ്ങളിലെത്തി വിതരണം നടത്തി.

18,000ത്തിലധികം പേർക്ക് ആശ്വാസം

പദ്ധതിയുടെ ഭാഗമായി ജി.ഡി.ആർ.എഫ്.എ ദുബൈയിലെ സന്നദ്ധപ്രവർത്തകരായ ഉദ്യോഗസ്ഥർ നാല് കേന്ദ്രങ്ങളിൽ നേരിട്ടെത്തി വിതരണം നടത്തി. ആയിരക്കണക്കിന് തണുത്ത കുപ്പി വെള്ളം, ജ്യൂസ്, ഐസ്ക്രീം എന്നിവ 18,000ത്തിലധികം തൊഴിലാളികൾക്ക് വിതരണം ചെയ്തു. ഒരു സർക്കാർ വകുപ്പിന്‍റെ പ്രവർത്തന മികവ് സേവനങ്ങളിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും സമൂഹത്തിൽ സൃഷ്ടിക്കുന്ന മാനുഷിക സ്വാധീനത്തിലൂടെയും അതിനെ വിലയിരുത്തണമെന്നും ജി.ഡി.ആർ.എഫ്.എ ഉപമേധാവി മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ പറഞ്ഞു.

Tags:    
News Summary - Al Fareej Fridge’ brings relief to workers in Dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.